|    Jan 16 Mon, 2017 6:31 pm

ഉറി: ഉത്തരവാദികളെ ശിക്ഷിക്കാതെ വിടില്ലെന്ന് പ്രധാനമന്ത്രി

Published : 26th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉറി ആക്രമണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കാതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യം വാക്കുകളിലല്ല; പ്രവൃത്തിയിലാണ് അതിന്റെ വീര്യം കാട്ടുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 125 കോടി ജനങ്ങളെ സംരക്ഷിക്കുന്നത് സൈന്യമാണ്. ഈ സൈന്യത്തില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. ജനങ്ങളും രാഷ്ടീയക്കാരുമെല്ലാം ചെയ്യാന്‍പോവുന്ന കാര്യങ്ങള്‍ പറയും. എന്നാല്‍, സൈന്യം ധീരതയോടെ ചെയ്തുകാണിക്കുകയാണ് ചെയ്യുക.
മന്‍കി ബാത്തില്‍ രാജ്യത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉറിയില്‍ 18 ധീരജവാന്‍മാര്‍ അവരുടെ ദൗത്യത്തിനിടെ വീരമൃത്യുവരിച്ചു. ഭീരുത്വം നിറഞ്ഞ ഈ ആക്രമണം രാജ്യത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത്തരം ആക്രമണമുണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ സൈന്യം സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. സമാധാനവും ഐക്യവുമാണ് രാജ്യം ആഗ്രഹിക്കുന്നത്. ഇതിലൂടെ മാത്രമേ രാജ്യത്തിന്റെ വളര്‍ച്ചയെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ.
കശ്മീരിലെ പ്രശ്‌നങ്ങളെ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയും. അവിടെ സമാധാനവും സഹവര്‍ത്തിത്വവുമാണ് വേണ്ടത്. കശ്മീരിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. രാജ്യവിരുദ്ധശക്തികളെ അവര്‍ക്കറിയാം. അത് മനസ്സിലാക്കിയ അവര്‍ അത്തരം ശക്തികളില്‍നിന്ന് അകലം പാലിക്കാനും സമാധാനത്തിന്റെ മാര്‍ഗത്തില്‍ നടക്കാനും തുടങ്ങിയിട്ടുണ്ട്.
കശ്മീരിലെ സ്‌കൂളുകളും കോളജുകളും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കണമെന്നാണ് എല്ലാ രക്ഷിതാക്കളുടെയും ആഗ്രഹം. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ വില്‍ക്കാന്‍ കഴിയണം. രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയില്‍ ആവണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവിടെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. സമാധാനവും സഹവര്‍ത്തിത്തവുമാണ് എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരമാര്‍ഗം. രാജ്യത്ത് പുരോഗതിയും വികസനവും ഉണ്ടാവണം. പുതിയ തലമുറയ്ക്കായി അത് വേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വച്ച് ഭാരത് പദ്ധതിയുടെ ഹെല്‍പ് ലൈന്‍ നമ്പറായ 1969 പ്രധാനമന്ത്രി പുറത്തുവിട്ടു. തങ്ങളുടെ പ്രദേശത്ത് ശുദ്ധീകരണപ്രവര്‍ത്തനം നടത്തുന്നതിന് ഈ നമ്പറില്‍ വിളിച്ച് ആവശ്യപ്പെടാവുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ആത്മപരിശോധന നടത്തണം: മായാവതി
ലഖ്‌നോ: ജനങ്ങളുടെ ക്ഷേമത്തില്‍ ശ്രദ്ധ ചെലുത്താന്‍ പാകിസ്താനെ ഉപദേശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മപരിശോധന നടത്തണമെന്ന് ബിഎസ്പി നേതാവ് മായാവതി.
ഭീകരാക്രമണങ്ങള്‍ തടയുന്നതില്‍ മോദി പരാജയപ്പെട്ടു. ഉറി ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതില്‍ രാജ്യത്തെ ജനങ്ങളില്‍ രോഷമുണ്ട്. ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ വ്യക്തമായ ഉറപ്പും ഫലപ്രദമായ നടപടിയുമാണ് പ്രധാനമന്ത്രിയില്‍നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആക്രമണങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാണെന്നും ജനങ്ങള്‍ക്ക് ഉറപ്പ് കൊടുക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടു. മായാവതി പറഞ്ഞു.
ആക്രമണങ്ങള്‍ ചെറുക്കാന്‍ ദീര്‍ഘകാല പദ്ധതി ആവിഷ്‌കരിക്കുന്നതിനു പകരം മോദിസര്‍ക്കാര്‍ ജനങ്ങളെ വഴിതെറ്റിക്കുകയും തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയ്‌ക്കെതിരേ പൊരുതാന്‍ പാകിസ്താനെ ഉപദേശിക്കുകവഴി ശ്രദ്ധതിരിച്ചുവിടാന്‍ ശ്രമിക്കുകയുമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനം, വിലക്കയറ്റ നിയന്ത്രണം, നിരക്ഷരതയ്‌ക്കെതിരായ പോരാട്ടം തുടങ്ങിയ മേഖലയില്‍ തന്റെ നേട്ടം എത്ര മോശമാണെന്ന് പ്രധാനമന്ത്രി കാണണം. വാഗ്ദാനങ്ങള്‍ പാലിക്കാത്തതുമൂലമാണ് ഡല്‍ഹി, ബംഗാള്‍, ബിഹാര്‍, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അപമാനകരമായ തോല്‍വി നേരിടേണ്ടിവന്നതെന്നും മായാവതി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക