|    Nov 18 Sat, 2017 2:58 am
Home   >  Todays Paper  >  Page 1  >  

ഉറി ആക്രമണത്തിനു നിയന്ത്രണരേഖ മുറിച്ചുകടന്ന് തിരിച്ചടി; മിന്നലാക്രമണം

Published : 30th September 2016 | Posted By: SMR

കെ  എ  സലിം

ന്യൂഡല്‍ഹി: ഉറി ആക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി മിലിറ്ററി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്നു വിളിക്കപ്പെടുന്ന സൈനിക നടപടി.
ആക്രമണത്തില്‍ ഭീകരര്‍ക്ക് സഹായം നല്‍കുന്നവരും കൊല്ലപ്പെട്ടതായി രണ്‍ബീര്‍ സിങ് പറഞ്ഞു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ തയ്യാറെടുക്കുന്നുവെന്ന വിശ്വസനീയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനിക നടപടി. ഇക്കാര്യം മിലിറ്ററി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറലിനെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആക്രമണത്തില്‍ തങ്ങളുടെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചു. എന്നാല്‍, അത് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്ന് ഇന്ത്യ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണെന്നാണ് അവരുടെ വിശദീകരണം. ഇന്ത്യന്‍ സൈന്യം പറയുന്നപോലുള്ള ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് പാകിസ്താന്റെ നിലപാട്. സൈനികരെ വധിച്ച ആക്രമണത്തെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അപലപിച്ചു.
ആറോളം കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. മരണസംഖ്യ എത്രയെന്ന് ഔദ്യോഗികമായി വ്യക്തമായിട്ടില്ല. എന്നാല്‍, നിയന്ത്രണരേഖയില്‍ നിന്നു മൂന്നു കിലോമീറ്ററോളം അകലെയാണ് എംഐ-17 ഹെലികോപ്റ്ററിലെത്തിയ സൈന്യം ആക്രമണം നടത്തിയതെന്നും ചുരുങ്ങിയത് 38 പേര്‍ കൊല്ലപ്പെട്ടെന്നും അനൗദ്യോഗിക റിപോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ ഭാഗത്ത് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പാക് അധീന കശ്മീരിലെ ലശ്കറെ ത്വയ്യിബയുടെ പ്രധാന കേന്ദ്രമായ കേല്‍, ലിപ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പാകിസ്താനി സൈനിക പോസ്റ്റുകളോടു ചേര്‍ന്ന് ഇവിടെയും ബീംബറിലും ലശ്കറെ ത്വയ്യിബക്ക് പരിശീലനകേന്ദ്രങ്ങളുണ്ട്. രജൗറിയിലേക്കും പൂഞ്ചിലേക്കും നുഴഞ്ഞുകയറ്റം നടക്കുന്നത് ഈ കേന്ദ്രങ്ങളില്‍ നിന്നാണ്.
ഈ വര്‍ഷം നിയന്ത്രണരേഖയിലൂടെയുള്ള 20ഓളം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സൈന്യം തകര്‍ത്തതായി രണ്‍ബീര്‍ സിങ് പറഞ്ഞു. ഈ ഘട്ടങ്ങളിലെല്ലാം അക്രമികളുടെ പാകിസ്താന്‍ പങ്ക് വെളിവാക്കുന്ന ജിപിഎസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തിരുന്നു. പിടിയിലായ നുഴഞ്ഞുകയറ്റക്കാര്‍ പാകിസ്താനികളോ പാക് അധീന കശ്മീരില്‍ നിന്നുള്ളവരോ ആയിരുന്നു. പാകിസ്താനില്‍ നിന്നു പരിശീലനം ലഭിച്ചതായി അവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവര്‍ത്തനത്തിനു തങ്ങളുടെ മണ്ണ് അനുവദിക്കില്ലെന്ന പാകിസ്താന്‍ 2004 ജനുവരിയില്‍ നല്‍കിയ ഉറപ്പു പാലിക്കപ്പെടുന്നില്ല. ജമ്മു-കശ്മീരിലും രാജ്യത്തെ മറ്റു മെട്രോ നഗരങ്ങളിലും ആക്രമണം നടത്താന്‍ ഒരുസംഘം തയ്യാറെടുക്കുന്നുവെന്ന വിശ്വസനീയമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്നും രണ്‍ബീര്‍ സിങ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക