|    Apr 21 Sat, 2018 9:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉറി ആക്രമണം മുതലെടുക്കാന്‍ എംഎന്‍എസും ശിവസേനയും

Published : 26th September 2016 | Posted By: SMR

മുഹമ്മദ് പടന്ന

മുംബൈ: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 18 ജവാന്‍മാര്‍ രക്തസാക്ഷികളായ ഉറി ആക്രമണത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മല്‍സരിക്കുന്നു. മുംബൈ നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങള്‍ക്ക് വീണുകിട്ടിയ ഈയവസരം മുതലെടുക്കാനൊരുങ്ങുകയാണ് പ്രധാന പാര്‍ട്ടികളെല്ലാം.
ശിവസേനയ്ക്കും ബിജെപിക്കുമിടയില്‍ ഞെരിഞ്ഞമര്‍ന്ന് ചക്രശ്വാസം വലിക്കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയാണ് വിഷയം ഏറ്റെടുത്ത് ആദ്യം രംഗത്തുവന്നത്. ബോളിവുഡിലും അല്ലാതെയുമായി നഗരത്തിലുള്ള പാക്ക് കലാകാരന്‍മാര്‍ എല്ലാം  ഉടന്‍ രാജ്യം വിടണമെന്നും 48 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ അവരെയും അവരെ കൊണ്ടുവന്നവരെയും കൈകാര്യം ചെയ്യുമെന്നുമായിരുന്നു മുന്നറിയിപ്പ്.
എംഎന്‍എസിനു കീഴിലുള്ള ചിത്രപട് സേനയുടെ നേതാവ് അമയ് കോപ്കറാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ തമസിച്ച് ബോളിവുഡുമായി സഹകരിക്കുന്ന നടന്‍ ഫവാദ് ഖാന്‍, നടി മഹിരാഖാന്‍, ഗായകന്‍ റാഹത് ഫത്തേ അലിഖാന്‍ എന്നിവരെയാണ് പ്രധാനമായും എംഎന്‍എസ് ലക്ഷ്യംവച്ചത് എന്നു കരുതുന്നു.
അടുത്തു പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ്ഖാന്‍ നായകനായ റയീസ്, കരണ്‍ ജോഹറിന്റെ യെ ദില്‍ഹെ മുശ്കില്‍ തുടങ്ങിയ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം പ്രതിസന്ധിയിലാക്കാനും പദ്ധതിയുണ്ട്.
കാലങ്ങളായി ശിവസേന ഏറ്റെടുത്തിരുന്ന ഇത്തരം തീവ്രനിലപാടുകള്‍ ഹൈജാക്ക് ചെയ്യുകയാണ് എംഎന്‍എസിന്റെ ലക്ഷ്യം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. വിഷയത്തില്‍ വൈകാരികമായ പ്രതികരണമുണ്ടാക്കാനും തങ്ങളാണ് യഥാര്‍ഥ സേനയെന്ന് വരുത്തിത്തീര്‍ക്കാനുമാണ് അവരുടെ നീക്കം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വമ്പിച്ച തിരിച്ചടി അങ്ങിനെ മറികടക്കാന്‍ കഴിയുമെന്നാണ് രാജ്താക്കറെ കരുതുന്നത്. അതേസമയം, നിയമപരമായി രാജ്യത്ത് തങ്ങുന്ന ഏതൊരു വിദേശിക്കും സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും എംഎന്‍എസിന് ധൈര്യമുണ്ടെങ്കില്‍ പാകിസ്താനില്‍ പോയി ചാവേറാക്രമണം നടത്തുകയാണ് വേണ്ടതെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു ആസിം ആസ്മി തിരിച്ചടിച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണി മുഴക്കി എന്നു കാണിച്ച് കോണ്‍ഗ്രസ് നേതാവ് ഷെഹ്‌സാദ് പൂനെവാല, അമയ് കോപ്കര്‍ക്കെതിരേ പോലിസിലും മുഖ്യമന്ത്രിക്കും എംഎന്‍എസ് പരാതി നല്‍കിയിട്ടുണ്ട്. എംഎന്‍എസിന്റെ ഫണ്ട് ശോഷിച്ചുവരുന്നതാണ് ഇത്തരം പ്രതികരണങ്ങള്‍ക്കു പിന്നിലെന്നു കരുതുന്നവരുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss