|    May 25 Thu, 2017 10:44 am
FLASH NEWS

ഉറി ആക്രമണം: പാക് പങ്കിന് തെളിവുണ്ട്; ഉചിത സമയത്ത് തിരിച്ചടിക്കും: സൈന്യം

Published : 20th September 2016 | Posted By: SMR

ന്യൂഡല്‍ഹി: സൈനിക കേന്ദ്ര ആക്രമണത്തില്‍ പാകിസ്താന്റെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്നും ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നും സൈനിക ഓപറേഷന്‍സ് ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ്. അക്രമികളില്‍ നിന്നു പാക് നിര്‍മിത ഭക്ഷണ പാക്കറ്റുകളും മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. എകെ 47 തോക്കുകളും ഗ്രനേഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിയന്ത്രണരേഖയില്‍ ഈ വര്‍ഷം 17 നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടായി.
ഈ ശ്രമങ്ങളെല്ലാം വിഫലമാക്കിയ സൈന്യം വിവിധ ഓപറേഷനുകളിലായി 110 പേരെ വധിച്ചു. ഇതില്‍ 13 പേര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനിടെയാണു കൊല്ലപ്പെട്ടതെന്നും രണ്‍ബീര്‍ സിങ് പറഞ്ഞു. ഉറി ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ പാകിസ്താനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
അതിര്‍ത്തി കടന്ന് പാകിസ്താനെ ആക്രമിക്കാന്‍ അനുമതി നല്‍കണമെന്നാണ് സേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തുടരുന്ന സാഹചര്യത്തില്‍ മറ്റു മാര്‍ഗമില്ലെന്നും അഭിപ്രായം ഉയര്‍ന്നു.
ഉറി ആക്രമണത്തോടെ അതിര്‍ത്തിയില്‍ സമ്മര്‍ദ സാഹചര്യങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കിനെക്കുറിച്ച് ഇന്ത്യ ശക്തമായ ഭാഷയില്‍ ഉന്നയിക്കും. നുഴഞ്ഞുകയറ്റക്കാരില്‍ നാലുപേരും പാക് പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദില്‍ നിന്നുള്ളവരാണെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയ കാര്യം ചൂണ്ടിക്കാട്ടിയാവും ഐക്യരാഷ്ട്രസഭയില്‍ വിഷം അവതരിപ്പിക്കുക.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഉന്നത സൈനികോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിഷയം ചര്‍ച്ചചെയ്തു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അതേസമയം, റാവല്‍പിണ്ടിയില്‍ ചേര്‍ന്ന പാക് സൈനിക മേധാവികളുടെ യോഗം ആക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം തള്ളി. തിരിച്ചടികളെ നേരിടാന്‍ സജ്ജമാണെന്ന് പാക് സൈനിക മേധാവി ജനറല്‍ രഹീല്‍ ഷരീഫ് യോഗത്തില്‍ പറഞ്ഞു. നേരിട്ടും അല്ലാതെയും ഉയരുന്ന നീക്കങ്ങളെ ചെറുക്കുമെന്നും കശ്മീര്‍ സംഘര്‍ഷത്തില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള നീക്കമാണ് ഉറി  അക്രമത്തിനു പിന്നാലെയുള്ള ഇന്ത്യയുടെ ആരോപണങ്ങളെന്നും പാക് സൈനിക വൃത്തങ്ങള്‍ നേരത്തേ പ്രതികരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day