|    May 27 Sat, 2017 9:57 am
FLASH NEWS

ഉറി ആക്രമണം: ഇന്റലിജന്‍സിന്റെ കഴിവുകേട് തെളിയിച്ചു: എസ്ഡിപിഐ

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരിലെ ഉറി സൈനിക താവളത്തില്‍ നടന്ന ആക്രമണത്തിലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷാ സംവിധാനവും ഇന്റലിജന്‍സ് സംവിധാനവും ഒരു പ്രാവശ്യംകൂടി തങ്ങളുടെ കഴിവുകേട് തെളിയിച്ചുവെന്ന് എസ്ഡിപിഐ. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം സംഭവത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്‍മാരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ദേശീയ പ്രസിഡന്റ് എ സഈദ് പറഞ്ഞു.
ആക്രമണത്തെ സംബന്ധിച്ച് തുടരെയുള്ള മുന്നറിയിപ്പുകള്‍ സുരക്ഷാ എജന്‍സികള്‍ അവഗണിച്ചുവെന്നു പറയപ്പെടുന്നുവെങ്കിലും ആക്രമണ സജ്ജമായ ഒരു സൈനിക താവളത്തില്‍ ഭീകരാക്രമണം നടന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. പാകിസ്താന്റെ കാര്യത്തില്‍ ഖണ്ഡിതമായ നിലപാടില്ലാത്ത ഏത് സര്‍ക്കാരും ഡല്‍ഹി ഭരിച്ചപ്പോള്‍ സമാന അനുഭവം തന്നെയാണ് ഉണ്ടായിട്ടുള്ളത്. കാര്‍ഗില്‍ നുഴഞ്ഞുകയറ്റവും ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവും കാണ്ഡഹാറിലേക്ക് ഇന്ത്യന്‍ വിമാനം റാഞ്ചലും വാജ്‌പേയിയുടെ കാലത്ത് നടന്നുവെങ്കില്‍ അതിനെ കവച്ചുവയ്ക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്.
ഏഴു ജവാന്മാരും വായുസേനയുടെ ഒരു കമാന്‍ഡോയും സിആര്‍പിഎഫിന്റെ രണ്ട് ഓഫിസര്‍മാരും പത്താന്‍കോട്ടും സി ആര്‍പിഎഫിന്റെ എട്ടു ജവാന്മാര്‍ പാമ്പോറിലും കൊല്ലപ്പെട്ടു. ഇപ്പോള്‍ ഉറിയില്‍ പതിനെട്ടു ജവാന്മാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അക്രമികളുടെ മൃതദേഹങ്ങള്‍ ധൃതിപിടിച്ചു മറമാടാതെ സൂക്ഷിച്ചു വച്ചിരുന്നെങ്കില്‍ പാകിസ്താനെതിരേ അതൊരു തെളിവും അവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള വഴിയുമാവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സ്വന്തം പ്രധാനമന്ത്രി പ്രസംഗിക്കാന്‍ പോവുന്നതിന്റെ തലേദിവസം ഇന്ത്യയില്‍ ഇത്തരമൊരു ആക്രമണം പാകിസ്താന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നുവെന്നത് സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day