|    Apr 25 Wed, 2018 4:37 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഉറിയില്‍ കുടുങ്ങിയ ബിജെപി സമ്മേളനം

Published : 2nd October 2016 | Posted By: SMR

slug--rashtreeya-keralamകഴിഞ്ഞയാഴ്ച കോഴിക്കോട് നഗരത്തില്‍ മൂന്നു ദിവസം നീണ്ടുനിന്ന ദേശീയ സമ്മേളനം സംഘടിപ്പിച്ചതിന്റെ ആലസ്യത്തില്‍ നിന്നു ബിജെപി സംസ്ഥാന നേതൃത്വം ഇനിയും ഉണര്‍ന്നിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വാശ്രയ കോളജ് ഫീസ് വര്‍ധനയുടെ പേരില്‍ തലസ്ഥാനത്ത് നിയമസഭയ്ക്കുള്ളിലും പുറത്തുമൊക്കെയായി പൊരിഞ്ഞ പോര് നടന്നതൊന്നും മാരാര്‍ജി ഭവനിലുള്ളവര്‍ അറിഞ്ഞ ലക്ഷണമില്ല.
ഭരണം നഷ്ടപ്പെട്ട ശേഷം നിര്‍ജീവമായിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്വാശ്രയപ്രശ്‌നത്തോടെ ഏറക്കുറേ സജീവമായിട്ടുണ്ട്. നിയമസഭാ സമ്മേളനം കൂടി ആരംഭിച്ചതോടെ പ്രതിപക്ഷത്തിന്റെ സമരാവേശം കൂടിയത് സര്‍ക്കാരിനെയും അലോസരപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. അരിശം തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളുടെ മെക്കിട്ടുകയറുന്നത് ഇതിന്റെ ഭാഗമായാണ്.
യൂത്തന്മാരുടെ നിരാഹാരവും സെക്രട്ടേറിയറ്റ് നടയിലെ അല്ലറചില്ലറ സംഘര്‍ഷവും കൊണ്ട് പ്രതിപക്ഷം ഉഷാറായെങ്കില്‍, മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനമാമാങ്കം നടത്തിയിട്ടും, കേന്ദ്രമന്ത്രിസഭ അപ്പാടെ ഡല്‍ഹിയില്‍ നിന്നു കോഴിക്കോട്ടേക്ക് പറിച്ചുനട്ടിട്ടും കേരളത്തിലെ ബിജെപിയില്‍ അതിനു തക്കതായ അനുരണനങ്ങള്‍ ഒന്നും ഇതുവരെ കണ്ടുതുടങ്ങിയിട്ടില്ല. കോടികള്‍ ധൂര്‍ത്തടിച്ചു നടത്തിയ ദേശീയ സമ്മേളനം കൊണ്ട് പാര്‍ട്ടിക്ക് എന്തു നേട്ടമെന്ന് പങ്കെടുത്തവര്‍ക്കും സംഘാടകര്‍ക്കും സര്‍വോപരി ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചവര്‍ക്കും ഇതുവരെ പിടികിട്ടിയിട്ടുമില്ല.
1967ലെ ജനസംഘം ദേശീയ സമ്മേളനം കഴിഞ്ഞു 49 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബിജെപിയുടെ ദേശീയ സമ്മേളനത്തിന് കോഴിക്കോട് ആതിഥ്യം വഹിച്ചത്. സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം മുതല്‍ വളരെ കരുതലോടെയും ആഘോഷപൂര്‍വവുമാണ് ബിജെപി സംസ്ഥാന ഘടകം കരുക്കള്‍ നീക്കിയത്. സമൂഹത്തില്‍ പൊതുസമ്മതിയുള്ള വ്യക്തിത്വങ്ങളെ ഒരുക്കങ്ങളുടെ ഓരോ ഘട്ടത്തിലും തങ്ങളോടൊപ്പം നിര്‍ത്താന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചു. പി ടി ഉഷയും പി വി ചന്ദ്രനും പി വല്‍സലയുമൊക്കെ ബിജെപിയുടെയും മോദിയുടെയും സ്തുതിപാഠകരായി രംഗത്തുവന്നത് ഇതിന്റെ ഭാഗമായിരുന്നു. കൂട്ടത്തില്‍ കോഴിക്കോട്ടെ ലീഗ് ഓഫിസുമായി വളരെ അടുത്ത ബന്ധമുള്ള ചിലരും ഉണ്ടായിരുന്നു.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനമെന്ന നിലയില്‍ ഏറ്റവും നല്ല മാധ്യമശ്രദ്ധയും സംഘാടനത്തിനു ലഭിച്ചു. അഖിലകേരളാടിസ്ഥാനത്തില്‍ നടത്തിയ പ്രചാരണ പരിപാടികളുടെ അകമ്പടിയോടെയാണ് സംസ്ഥാന ഘടകം ദേശീയ നേതാക്കളെയും പ്രതിനിധികളെയും കോഴിക്കോട്ടേക്ക് ആനയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായും അടക്കമുള്ള ദേശീയനേതൃത്വത്തെ കൂടാതെ 1500ഓളം പ്രതിനിധികളും അവരെ അനുഗമിച്ച ആയിരത്തോളം പരിവാരവൃന്ദങ്ങളും സമ്മേളനത്തിനായി എത്തിച്ചേര്‍ന്നു. ദേശീയ കൗണ്‍സിലും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികള്‍ ആഘോഷപൂര്‍വം കൊണ്ടാടുകയും ചെയ്തു. ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ടും സമ്മേളനാനന്തരം ബിജെപി സംസ്ഥാന നേതൃത്വം ആകെ നിരാശയിലാണ്.
സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഒരു കുതിച്ചുച്ചാട്ടത്തിനു വഴിയൊരുക്കുന്ന എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന പ്രതീക്ഷയോടെയാണ്, നിയമസഭയില്‍ അക്കൗണ്ട് തുറന്ന ആവേശത്തില്‍ ദേശീയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ഹിന്ദുത്വ പാര്‍ട്ടിയെന്ന ലേബല്‍ ചെലവാകില്ലെന്ന് ബോധ്യമുള്ളതിനാല്‍, അതു മാറ്റിയെടുക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. ഒപ്പം ന്യൂനപക്ഷ സഹകരണത്തിന്റെ പേരില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ സഭാനേതൃത്വങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക; ഒത്താല്‍ യുഡിഎഫില്‍ ഇടഞ്ഞുനില്‍ക്കുന്ന മാണിയെയും കൂട്ടരെയും അതേപടി സമ്മേളനവേദിയിലേക്ക് ആവാഹിച്ച് എഴുന്നള്ളിക്കുക- ഇതൊക്കെയായിരുന്നു ഉള്ളിലിരിപ്പ്.
കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതിന്റെ പകിട്ടും പത്രാസുമൊക്കെ പരമാവധി ഉപയോഗിച്ച് എങ്ങനെയും പണി പറ്റിക്കുകയായിരുന്നു നേതാക്കളുടെ ലക്ഷ്യം. ബിജെപിയോട് മാണിക്ക് പണ്ടേ അയിത്തമൊന്നുമില്ലെന്നു മാത്രമല്ല, കേരളത്തില്‍ പൊലിഞ്ഞ സ്വപ്‌നങ്ങള്‍ ചിലപ്പോള്‍ കേന്ദ്രത്തില്‍ പുലര്‍ന്നേക്കുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്. പക്ഷേ, ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സിന്റെ കടിഞ്ഞാണ്‍ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായിയുടെ കൈയിലായതിനാല്‍, ബിജെപിയുമായുള്ള ഏതു തരം ചങ്ങാത്തവും അപകടം ക്ഷണിച്ചുവരുത്തുമെന്ന് അനുഭവസമ്പത്ത് വേണ്ടതിലും അധികമുള്ള കെ എം മാണിക്ക് അറിയാം. അതോടെ ബിജെപിയുടെ കേരളാ കോണ്‍ഗ്രസ് സ്വപ്‌നങ്ങള്‍ ഒരിക്കല്‍ കൂടി പി സി തോമസില്‍ ഒതുങ്ങി.
ഇടക്കാലത്ത് സഭാനേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാക്കാന്‍ കഴിയുന്ന നീക്കങ്ങളൊന്നും സമ്മേളനത്തിനെത്തിയ കേന്ദ്രനേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലും കേരളത്തിനു മാത്രമായി എടുത്തുപറയാന്‍ കഴിയുന്ന ഒന്നുമില്ലാതിരുന്നതോടെ നേതാക്കള്‍ വെട്ടിലായി.
സമ്മേളനത്തിനെത്തുന്ന പ്രധാനമന്ത്രി എന്‍ഡിഎ ഘടകകക്ഷികളുമായി നടത്തുന്ന കൂടിക്കാഴ്ചയായിരുന്നു നേതാക്കളുടെ മറ്റൊരു പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിഡിജെഎസുമായുള്ള ബന്ധത്തിലുണ്ടായ ഉലച്ചില്‍ പരിഹരിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍, മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച ഉദ്ദേശിച്ച ഫലം ചെയ്തില്ല. എന്‍ഡിഎ സംസ്ഥാന ഘടകം പുനസ്സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് സമ്മേളനത്തിനു ശേഷം സംസ്ഥാനത്തുണ്ടായ ശ്രദ്ധേയമായ നടപടി. കുറേക്കാലമായി ഒപ്പം നടക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയെയും സി കെ ജാനുവിനെയും രാജന്‍ ബാബുവിനെയുമൊക്കെ തല്‍ക്കാലത്തേക്കെങ്കിലും അടക്കിയിരുത്താന്‍ ഇതോടെ കഴിയുമെന്നതാണ് ഏക ആശ്വാസം.
ചുരുക്കിപ്പറഞ്ഞാല്‍, കൊട്ടിഘോഷിച്ചു കൊണ്ടാടിയ ദേശീയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞുവെന്നതിനപ്പുറം ആശ്വസിക്കാന്‍ വകയൊന്നുമില്ലാത്തതിന്റെ നിരാശയിലാണ് ബിജെപിയുടെ കേരള നേതൃത്വം. കേരളം മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടി നേരിടുന്ന സുപ്രധാനമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്യാതെയാണ് മൂന്നു ദിവസത്തെ സമ്മേളനത്തിനു കോഴിക്കോട്ട് തിരശ്ശീല വീണത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് ഉറി സൈനികത്താവളത്തിനു നേരെ നടന്ന ആക്രമണത്തിന്റെ ആഘാതമായിരുന്നു ദേശീയനേതൃത്വത്തില്‍ നിഴലിച്ചുനിന്നത്. ചര്‍ച്ചകളും പ്രസംഗങ്ങളും പ്രസ്താവനകളും ഉറിയില്‍ കേന്ദ്രീകരിച്ചതോടെ, പശുരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ-ദലിത് പീഡനങ്ങള്‍ അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ അവഗണിക്കപ്പെട്ടു. ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ സമൂഹത്തിന്റെ താഴേത്തട്ടില്‍ ഉള്ളവരെ കേന്ദ്രീകരിച്ചുള്ള പദ്ധതികളാവും പ്രധാന അജണ്ടയെന്നാണ് ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍, അത്തരത്തില്‍ യാതൊരു പദ്ധതികളും സമ്മേളനത്തില്‍ ഉയര്‍ന്നുവന്നില്ല. മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യമായ സമയം ലഭിച്ചില്ലെന്ന ആക്ഷേപത്തിനുകൂടി വഴിവച്ചാണ് ദേശീയ കൗണ്‍സില്‍ യോഗം പിരിഞ്ഞത്.
ചുരുക്കിപ്പറഞ്ഞാല്‍, ചര്‍ച്ച ചെയ്തതിനേക്കാള്‍, ചെയ്യാതെപോയ വിഷയങ്ങളുടെ പേരിലും കേരള നേതൃത്വത്തിന്റെ പൂവണിയാതെപോയ ഒരുപിടി സ്വപ്‌നങ്ങളുടെ പേരിലുമാവും കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ സമ്മേളനം അറിയപ്പെടുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss