|    May 30 Tue, 2017 2:34 am
FLASH NEWS

ഉറിയിലേക്ക് അക്രമികള്‍ എത്തിയത് കോണി വഴി

Published : 17th October 2016 | Posted By: SMR

ഉറി/ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ഉറിയിലെ സൈനിക ക്യാംപ് ആക്രമിക്കാന്‍ നുഴഞ്ഞുകയറ്റക്കാര്‍ അതിര്‍ത്തിയിലെ വൈദ്യുതി പായുന്ന വേലി കടന്നെത്തിയത് കോണി ഉപയോഗിച്ചെന്ന് അന്വേഷണ റിപോര്‍ട്ട്. നാലുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ആക്രമണത്തില്‍ 19 സൈനികരാണ് കൊല്ലപ്പെട്ടത്. നുഴഞ്ഞുകയറ്റക്കാര്‍ ഉറിയില്‍ കടക്കാന്‍ ഉപയോഗിച്ച വഴി സൈനികാന്വേഷണ സംഘം കണ്ടെത്തി. സലാമാബാദിനടുത്താണ് നുഴഞ്ഞുകയറ്റം നടന്നത്. കമ്പിവേലിയിലെ വിടവുകളിലൂടെ അക്രമികളിലൊരാളാണ് ആദ്യം ഇന്ത്യയില്‍ കടന്നത്. അയാള്‍ ഇന്ത്യന്‍ ഭാഗത്ത് കോണി ഉറപ്പിച്ചു. മറുവശത്തെ കോണിയുമായി അതിനെ ബന്ധിപ്പിച്ച ശേഷമാണ് മറ്റുള്ളവര്‍ നുഴഞ്ഞുകയറിയത്.
ആയുധങ്ങളും വെടിക്കോപ്പുകളും നിറച്ച ചാക്കുകള്‍ പേറേണ്ടിവന്നതിനാല്‍ ആദ്യത്തെ അക്രമി കടന്ന വിടവിലൂടെ മറ്റുള്ളവര്‍ക്ക് കടക്കാന്‍ കഴിയുമായിരുന്നില്ല. അക്രമികള്‍ ഇന്ത്യയില്‍ കടന്ന ശേഷം കോണി വഴികാട്ടികളായ മുഹമ്മദ് കബീര്‍ അവാന്‍, ബശാറത്ത് എന്നിവര്‍ക്ക് കൈമാറി. നുഴഞ്ഞുകയറ്റത്തിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാനായിരുന്നു അത്.
ഉറി ആക്രമണത്തിനു മുമ്പ് നുഴഞ്ഞുകയറ്റക്കാര്‍ ഒരു ദിവസം ചെലവഴിച്ചതെന്ന് കരുതുന്ന ഗോഹാലന്‍, ജബ്‌ല ഗ്രാമങ്ങളില്‍ സൈന്യം അന്വേഷണം നടത്തിയിട്ടുണ്ട്. സപ്തംബര്‍ 18ന് ആക്രമണം നടത്തിയ നാലുപേരെയും സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day