|    Apr 27 Fri, 2018 12:53 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉറിയിലെ ആക്രമണം; പാകിസ്താനെ ഒറ്റപ്പെടുത്തും

Published : 20th September 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: നയതന്ത്രതലത്തില്‍ പാകിസ്താനെ എല്ലാ അന്താരാഷ്ട്രവേദികളിലും ഒറ്റപ്പെടുത്താന്‍  കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ജമ്മു-കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനികത്താവളത്തിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ തീരുമാനമെടുത്തത്.
ബോധപൂര്‍വമല്ലാത്ത ഒരു തിരിച്ചടിയും തല്‍ക്കാലം വേണ്ടെന്നാണ് യോഗത്തിലെ ധാരണ. അടുത്ത യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അടക്കം എല്ലാ ആഗോളവേദികളിലും ഉറി ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.
അതിനിടെ, ആക്രമണത്തില്‍ പരിക്കേറ്റ് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈനികന്‍ ഇന്നലെ മരിച്ചു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 18 ആയി. സംഭവസ്ഥലം സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി പരീക്കര്‍ തയ്യാറാക്കിയ റിപോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ആക്രമണം നടത്തിയത് പാകിസ്താനില്‍ നിന്നുള്ള ഭീകരരാണെന്ന് പരീക്കര്‍ വ്യക്തമാക്കി. ഉന്നത സൈനികത്തലവന്‍മാരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത നിരവധി ഉന്നതതല യോഗങ്ങളാണ് ഇന്നലെ തലസ്ഥാനത്ത് നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പ്രതികരണം എങ്ങനെയായിരിക്കണമെന്ന കാര്യങ്ങള്‍ യോഗങ്ങളില്‍ ചര്‍ച്ചയായി. ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്ന ആവശ്യവും ശക്തമാണ്. സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുമാണ് ഈ ആവശ്യം ഉന്നയിച്ചത്.
ആക്രമണത്തോട് വികാരപരമായി പ്രതികരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി വി കെ സിങ് പറഞ്ഞു. നിരവധി സാധ്യതകള്‍ പരിഗണിക്കേണ്ടതുണ്ടെന്നാണ് യോഗത്തില്‍ പൊതുവേ ചര്‍ച്ചയായത്.  അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ സൈനികകേന്ദ്രങ്ങളില്‍ മാത്രം ലഭ്യമാവുന്നവയാണ്. അതുകൊണ്ടുതന്നെ പാക് സൈന്യത്തിന്റെ പിന്തുണ അക്രമികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലായിരുന്നു യോഗത്തില്‍ പങ്കെടുത്ത എല്ലാവരും. ആക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്നതിന് ശക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സികളോടും സുരക്ഷാ ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തെളിവുകള്‍ അന്താരാഷ്ട്രവേദികളില്‍ പാകിസ്താനെതിരേ ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. നാളെ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ ഇന്ത്യ ഇക്കാര്യം ഉന്നയിക്കും.
അതിനിടെ പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സൈനികത്തലവന്‍മാരുമായി അവലോകനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss