|    Apr 25 Wed, 2018 6:34 am
FLASH NEWS

ഉറവിട മാലിന്യ സംസ്‌കരണം; നൂതന സംവിധാനമൊരുക്കി സംസ്ഥാന പച്ചക്കറി ഫാം

Published : 6th November 2016 | Posted By: SMR

ജോബിന്‍ തോമസ്

തൊടുപുഴ: ഉറവിട മാലിന്യ സംസ്‌കരണത്തിനു നൂതന മാര്‍ഗങ്ങളുമായി വണ്ടിപ്പെരിയാറിലെ സംസ്ഥാന പച്ചക്കറി ഫാം.ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും ചെലവുകളൊന്നുമില്ലാത്ത രീതിയിലാണ് സീറോ വെയ്‌സ്റ്റ് ഗാര്‍ഡന്‍ നിര്‍മിച്ചിരിക്കുന്നത്. തൊടുപുഴ ഷരോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ അഗ്രിടെക് ഇടുക്കി 2016 പരിപാടിയില്‍ ഒരുക്കിയ സ്റ്റാളുകളില്‍ മികച്ച പ്രതികരണമാണ് ഈ സ്റ്റാളില്‍ മാത്രം ലഭിക്കുന്നത്.ജൈവ മലിന്യങ്ങള്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍,ചെരിപ്പുകള്‍,ടിന്നുകള്‍,പിവിസി പൈപ്പുകള്‍,ഓടുകള്‍,തകരപ്പാട്ട,മുള,ടയര്‍,ടയര്‍ ട്യൂബ്,സിഡി,ചിരട്ടകള്‍ എന്നിവ ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയും,ഉദ്യാന നിര്‍മാണവുമാണ്  ഇവിടെ ഒരുക്കിയിരിക്കുന്നത്.വിവിധ തരത്തിലുള്ള അലങ്കാരചെടികള്‍,വഴുതന,കാബേജ്,ബീറ്റ് റൂട്ട്,കാരറ്റ്,വിവിധയിനം പച്ചമുളക് എന്നിവയാണ് പ്ലാസ്റ്റിക് കുപ്പികളിലും,ടയര്‍ ട്യൂബുകളില്‍ തഴച്ച് വളര്‍ന്ന് ഫലം പുറപ്പെടുവിക്കുന്നത്.ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അരയന്നരൂപം മുതല്‍ മുതലയെവരെ നിര്‍മിച്ച് അതിനുള്ളില്‍ കൗതുകകരമായ രീതിയിലാണ് കൃഷികള്‍.വീടുകളിലും,ഫഌറ്റുകളിലും ഇത്തരത്തില്‍ യാതൊരുവിധ ചിലവുകളുമില്ലാതെ കൃഷി വ്യാപിപ്പിക്കാന്‍ കഴിയുമെന്ന് സംസ്ഥാന പച്ചക്കറി ഫാം സൂപ്രണ്ടും പദ്ധതിയുടെ അമരക്കാരനുമായ എന്‍എസ് ജോഷ് പറയുന്നത്.വീടുകളിലെ ഭിത്തികളിലും,മേശകളിലും,മതിലുകളിലും,ടെറസിലും കൃഷി നടത്താവുന്ന രൂപത്തിലാണ് സീറോ വെയ്‌സ്റ്റ് ഗാര്‍ഡന്റെ ഘടന.ജലസേചനം നടത്തുന്നതിനായി വിക്ക് ഇറിഗേഷനെന്ന നൂതനമാര്‍ഗവും സീറോ വെയ്‌സ്റ്റ് ഗാര്‍ഡന്‍ പദ്ധതിക്കായി തയ്യാറാക്കിയിട്ടുണ്ട്.പ്ലാസ്റ്റിക് കുപ്പികള്‍ രണ്ടുഭാഗമായി മുറിച്ച് മാറ്റിയശേഷം കുപ്പിയുടെ വായ്ഭാഗത്തിലുടെ തുണികൊണ്ടുള്ള തിരിയിടും. ഇതിനുശേഷം ഒരു സൈഡില്‍ മണ്ണ് നിറച്ച് ചെടി നട്ടശേഷം മുറിച്ച മാറ്റിയ ഭാഗത്ത് വെള്ളം നിറച്ച് തുണികൊണ്ടുള്ള തിരി ഇതുമായി ബന്ധിപ്പിക്കും.പ്ലാസ്റ്റിക് പാത്രത്തിലെ ചെടി ആവശ്യത്തിനു ജലം വലിച്ചെടുത്ത് ചെടിക്ക് നല്‍കുന്ന സംവിധാനമാണ് ക്രമികരിച്ചിരിക്കുന്നത്.ഇതേ സംവിധാനം പിവിസി പൈപ്പുകളിലുള്ള കൃഷിയിലും ഫാം അധികൃതര്‍ വിജയകരമായ ഘടിപ്പിച്ചു.സ്റ്റാളില്‍ ഇന്നലെമാത്രം സന്ദര്‍ശനത്തിനായി ആയിരത്തിലധികം പേരാണ് എത്തിയത്.ഫാം ഹൗസിലെ ജീവനക്കാരായ 60പേരുടെ വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിന്റെ ഭാഗമായാണ് ഈ കൃഷിരീതി വികസിപ്പിച്ചെടുത്തത്.സുപ്രണ്ടിനൊപ്പം കൃഷി ഓഫിസര്‍ ജോസ്,മുരുകേശന്‍,മഞ്ചേഷ്,മാത്യൂസ്,ടോമി,ജയന്‍,മനോജ്,ശ്രീനിവാസന്‍ സന്തോഷ് എന്നിവരാണ് ഫാം ഹൗസിലെ മേല്‍നോട്ടക്കാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss