|    Jul 22 Sun, 2018 2:31 pm
FLASH NEWS

ഉറവിട മാലിന്യ സംസ്‌കരണം;ജില്ലയില്‍ നടപടികളില്ല

Published : 15th September 2017 | Posted By: fsq

 

മാനന്തവാടി: ഉറവിട മാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദേശങ്ങള്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെവിടെയും നടപ്പായില്ല. സപ്തംബര്‍ 15നകം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 22ന് തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് ഫയലിലുറങ്ങുന്നത്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കാനും അജൈവ മാലിന്യങ്ങള്‍ ഫീസൊടുക്കി ഏറ്റെടുത്ത് സംസ്‌കരിക്കാനുമായിരുന്നു ഉത്തരവ്. പൊതു സ്ഥലങ്ങളിലും വഴിയോരങ്ങളിലും അലക്ഷ്യമായി ഉപേക്ഷിക്കുന്ന മാലിന്യങ്ങളിലൂടെ പകര്‍ച്ചവ്യാധികള്‍ പടരുന്നതായും തെരുവുനായ ശല്യം വര്‍ധിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉറവിട മാലിന്യ സംസ്‌കരണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്. നേരത്തെ സര്‍ക്കാര്‍ ഇറക്കിയ നിര്‍ദേശങ്ങള്‍ക്കു പുറമെയാണ് പദ്ധതി കാര്യക്ഷമമാക്കുന്നതിനായി ജൂലൈ 22ന് ഗവ. സെക്രട്ടറി സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും ഇതുസംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്. അതാത് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് കീഴില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, പഴം-പച്ചക്കറി വില്‍പന കേന്ദ്രങ്ങള്‍, മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ദൈനംദിനമുണ്ടാവുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാനുതകുന്ന വിധത്തിലായിരുന്നു സര്‍ക്കാര്‍ പദ്ധതി. ഇതിനായി ജൈവമെന്നും അജൈവമെന്നും തരംതിരിച്ച് ജൈവമാലിന്യങ്ങള്‍ അതാതിടങ്ങളില്‍ സംസ്‌കരിക്കാനായി ബയോബിന്‍, ബയോഗ്യാസ് പോലുള്ള സംവിധാനങ്ങള്‍ അതാതു സ്ഥാപനങ്ങള്‍ സജ്ജീകരിക്കുക, അജൈവമാലിന്യങ്ങള്‍ ഫീസീടാക്കി ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഗ്രാമപ്പഞ്ചായത്തുകള്‍ ഏര്‍പ്പെടുത്തുക എന്നീ നിര്‍ദേശങ്ങളായിരുന്നു ഉത്തരവില്‍. ജൈവമാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കാനും ഈ മാസം 15നകം യൂനിറ്റുകള്‍ ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് മേല്‍ സംവിധാനങ്ങളൊരുക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ലൈസന്‍സ് അനുവദിക്കാവൂ എന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഉത്തരവിറങ്ങി രണ്ടു മാസമാവാറായിട്ടും സ്ഥപനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കാന്‍ പോലും ഭൂരിഭാഗം ഗ്രാമപ്പഞ്ചായത്തുകള്‍ക്കും കഴിഞ്ഞിട്ടില്ല. മുനിസിപ്പാലിറ്റികളിലും ഗ്രാമപ്പഞ്ചായത്തുകളിലും നിരവധി സ്ഥാപനങ്ങള്‍ പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ലൈസന്‍സ് നല്‍കുമ്പോള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുപയോഗിച്ച് മാലിന്യങ്ങള്‍ തെരുവോരങ്ങളില്‍ വലിച്ചെറിഞ്ഞാണ് ഇപ്പോഴും ജില്ലയിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് തലത്തില്‍ സ്ഥാപിക്കേണ്ട അജൈവമാലിന്യ സംസ്‌കരണ പ്ലാന്റിനായുള്ള സ്ഥലം കണ്ടെത്താനും ഇതുവരെ ഭരണസമിതികള്‍ക്ക് കഴിഞ്ഞിട്ടില്ല. ചുരുക്കം ചില ഗ്രാമപ്പഞ്ചായത്തുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് നടത്തിയ സര്‍വേക്കപ്പുറം ഉറവിട മാലിന്യ സംസ്‌കരണത്തിനായുള്ള യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നതാണ് വസ്തുത.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss