|    Jan 17 Tue, 2017 4:38 pm
FLASH NEWS

ഉറക്കം മാറ്റാന്‍ പോലിസിന്റെ ചുക്കുകാപ്പി

Published : 6th October 2016 | Posted By: Abbasali tf

ചെങ്ങന്നൂര്‍: ഇനിമുതല്‍ എംസി റോഡില്‍ രാത്രികാലങ്ങളില്‍ വാഹനം ഓടിച്ചുപോകുന്നവര്‍ക്ക് ഉറക്കം അകറ്റാന്‍ പോലീസിന്റെ  വക ചുക്കുകാപ്പി. ദീര്‍ഘദൂരം വാഹനങ്ങള്‍ ഓടിച്ചുപോകുന്ന ഡ്രൈവര്‍മാര്‍ക്കുവേണ്ടിയാണ് ചെങ്ങന്നൂര്‍ പോലീസ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയത്.ഡ്രൈവിങ്ങിനിടെ ഉറക്കം തൂങ്ങാന്‍ ഏറെ സാധ്യതയുള്ള രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് പോലീസിന്റെ ഈ സേവനം ലഭ്യമാകുന്നത്. മുളക്കുഴ കാണിക്കമണ്ഡപം പെട്രോള്‍ പമ്പിന് സമീപം  പോലീസ് ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നതുമൂലം രാത്രി കാലങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇത് ചെയ്തിട്ടുള്ളത്.ദൂരെ സ്ഥലങ്ങളില്‍ നിന്ന് രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് ചുക്കുകാപ്പി കുടിച്ച് വിശ്രമിച്ചശേഷം യാത്ര തുടരാം. വിശ്രമിക്കാനായി വിശ്രമകേന്ദത്തില്‍ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും രാത്രികാലങ്ങളിലുള്ള വാഹന പരിശോധനയും പോലീസ് കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഈ സംവിധാനം പോലീസ് നടപ്പാക്കിയിട്ടുണ്ടെങ്കിലും ചെങ്ങന്നൂരില്‍ ഇത് ആദ്യമായാണ്. ശബരിമല തീര്‍ത്ഥാടന കാലം കൂടി എത്തുന്നതോടെ എംസി  റോഡിലൂടെയുള്ള ഗതാഗത തിരക്ക് വര്‍ദ്ധിക്കും.രാത്രികാലങ്ങളില്‍ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. കഴിഞ്ഞ ഒരുമാസം 19 വാഹനാപടകങ്ങളാണ് ചെങ്ങന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍ എംസി റോഡില്‍ നടന്നിട്ടുള്ളത്. ഇതില്‍ രണ്ട് പേര്‍ക്ക് മരണം സംഭവിച്ചിരുന്നു.ഇതില്‍ അധികവും ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയതുമൂലം സംഭവിച്ചവയുമാണ്. രാത്രികാലങ്ങളിലുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് അപകട രഹിതമായ യാത്രക്ക് പോലീസ് മുന്‍കൈ എടുക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ ആര്‍ ശിവസുതന്‍പിള്ള നിര്‍വഹിച്ചു. സിഐ. ടി മനോജ്, എസ്‌ഐ. എം സുധിലാല്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക