|    Jan 24 Tue, 2017 8:46 am

ഉര്‍ദുഗാന്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി; യുഎസിനെതിരേ ചര്‍ച്ചയില്‍ വിമര്‍ശനം

Published : 10th August 2016 | Posted By: SMR

മോസ്‌കോ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ നവംബറില്‍ സിറിയയില്‍ ആക്രമണത്തിനെത്തിയ റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ട ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.
എല്ലാ അട്ടിമറി ശ്രമങ്ങള്‍ക്കും റഷ്യ എതിരാണെന്ന് സെയ്ന്റ് പീറ്റേഴ്‌സ് ബെര്‍ഗില്‍ നടന്ന ചര്‍ച്ചയില്‍ പുടിന്‍ ഉര്‍ദുഗാനെ അറിയിച്ചു. തുര്‍ക്കി അട്ടിമറി ശ്രമം പരാജയപ്പെടുത്തിയ ശേഷമുള്ള ഉര്‍ദുഗാന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.
റഷ്യയുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായമാണ് സന്ദര്‍ശനമെന്ന് ഉര്‍ദുഗാന്‍ പ്രതികരിച്ചു. ഉഭയകക്ഷി സഹകരണം ഉറപ്പാക്കുമെന്ന് ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ഇരു നേതാക്കളും അറിയിച്ചു.
അട്ടിമറി ശ്രമത്തിനു ശേഷം തുര്‍ക്കിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്ത യുഎസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമെതിരേ ചര്‍ച്ചയില്‍ ഉര്‍ദുഗാന്‍ വിമര്‍ശനമുന്നയിച്ചു. അട്ടിമറിക്കുത്തരവാദിയായ പണ്ഡിതന്‍ ഫത്ഹുല്ലാ ഗുലനെ സംരക്ഷിക്കുന്ന നിലപാടാണ് യുഎസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ഗുലനെ വിട്ടുതരാന്‍ തയ്യാറായാല്‍ രാജ്യത്തു നിലനില്‍ക്കുന്ന അമേരിക്കന്‍ വിരുദ്ധ വികാരം കുറയ്ക്കാനാവുമെന്ന് തുര്‍ക്കി വ്യക്തമാക്കിയിരുന്നു.
അതേസമയം അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് 16,000 പേരെ അറസ്റ്റ് ചെയ്തതായി തുര്‍ക്കി നിയമമന്ത്രി ബെകിര്‍ ബോസ്ദാഗ് അങ്കാറയില്‍ അറിയിച്ചു. 7668 പേര്‍ക്കെതിരേ അട്ടിമറിയിലെ പങ്ക് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും തെളിവു ലഭിച്ചാല്‍ അറസ്റ്റുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക