|    Nov 18 Sun, 2018 3:42 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങി?; കേന്ദ്രസര്‍ക്കാര്‍-ആര്‍ബിഐ ഭിന്നത

Published : 1st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ മാനിക്കുന്നുവെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. റിസര്‍വ് ബാങ്ക് നിയമപ്രകാരം സ്വയംഭരണാധികാരം ബാങ്കിന്റെ നടത്തിപ്പിന് അനിവാര്യമാണ്. ഇന്ത്യയിലെ എല്ലാ സര്‍ക്കാരുകളും ഈ നിയമം പാലിക്കുകയും മാനിക്കുകയും ചെയ്യണമെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ അമിത ഇടപെടലില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിസന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് പ്രതിരോധത്തിലായതോടെയാണ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പ്രതിസന്ധി രൂക്ഷമായതോടെ ഇന്നലെ രാവിലെ ധനമന്ത്രാലയത്തിലെയും റിസര്‍വ് ബാങ്കിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ റിസര്‍വ് ബാങ്കുമായി കേന്ദ്രം ഏറ്റുമുട്ടലിലായിരുന്നു. അന്നത്തെ ഗവര്‍ണര്‍ രഘുറാം രാജന്‍ കീഴടങ്ങാതിരുന്നതോടെ മോദിയുടെ അടുപ്പക്കാരനായ ഉര്‍ജിത് പട്ടേലിനെ നിയമിക്കുകയായിരുന്നു. സാധാരണഗതിയില്‍ ആര്‍ബിഐ ഗവര്‍ണര്‍മാര്‍ക്ക് കാലാവധി നീട്ടിനല്‍കാറുണ്ട്. അടുത്തവര്‍ഷം സപ്തംബറിലാണ് പട്ടേലിന്റെ കാലാവധി അവസാനിക്കുക. എന്നാല്‍, പട്ടേലിന്റെ കാലാവധി ഇനി നീട്ടിനല്‍കില്ലെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പട്ടേലിനെ കൊണ്ടുവന്നതിനു പിന്നാലെയാണ് 2016 നവംബറില്‍ 500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. നോട്ട് നിരോധനത്തിനു പിന്നാലെ ചരക്കുസേവന നികുതി നടപ്പാക്കുക കൂടി ചെയ്തതോടെ രാജ്യത്തിന്റെ സാമ്പത്തികത്തകര്‍ച്ച വേഗത്തിലാവുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ജനകീയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ബാങ്കിങ് മേഖലയ്ക്കു ശേഷി നഷ്ടപ്പെട്ടതോടെയാണ് റിസര്‍വ് ബാങ്കിന്റെ നയപരിപാടികളില്‍ സര്‍ക്കാര്‍ വീണ്ടും ഇടപെടാന്‍ തുടങ്ങിയത്. മോദിയുമായും അമിത് ഷായുമായും ബന്ധമുള്ള ഉന്നതര്‍ നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം റിസര്‍വ് ബാങ്കിന്റെ അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ആര്‍ബിഐയുമായുള്ള ബന്ധം വഷളാക്കിയത്. റിസര്‍വ് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നചികേത് മോറിനെ മാറ്റി സംഘപരിവാര സഹയാത്രികനായ എസ് ഗുരുമൂര്‍ത്തിയെ നിയമിച്ചതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.
സര്‍ക്കാരിന്റെ ഇടപെടലിനെതിരേ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ കഴിഞ്ഞദിവസം പരസ്യമായി തുറന്നടിച്ചതോടെ സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറനീക്കുകയും ചെയ്തു. ആര്‍ബിഐക്ക് സ്വയംഭരണാവകാശം നിഷേധിക്കുന്നത് വന്‍ സാമ്പത്തികദുരന്തമാണ് ഉണ്ടാക്കുകയെന്ന് ആചാര്യ മുന്നറിയിപ്പു നല്‍കി. ആചാര്യക്കു പിന്തുണയുമായി റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനും രംഗത്തുവന്നു.
തൊട്ടുപിന്നാലെ, റിസര്‍വ് ബാങ്കിനെ കുറ്റപ്പെടുത്തി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമെത്തി. 2008-14 കാലത്ത് ബാങ്കുകള്‍ നിയന്ത്രണമില്ലാതെ വായ്പ നല്‍കിയതു നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിയാതിരുന്നതാണ് കിട്ടാക്കടം കുന്നുകൂടാന്‍ കാരണമെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ ആരോപണം.
അതേസമയം, റിസര്‍വ് ബാങ്ക് നിയമം 7ന്റെ ബലത്തില്‍ സര്‍ക്കാര്‍ തെറ്റായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതായാണ് മനസ്സിലാവുന്നതെന്ന് മുന്‍ ധനമന്ത്രി ചി ചിദംബരം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss