|    Oct 17 Wed, 2018 2:57 pm
FLASH NEWS

ഉരുള്‍പൊട്ടാന്‍ സാധ്യത; കോന്നിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

Published : 18th September 2017 | Posted By: fsq

 

കോന്നി: അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ കോന്നി ഉള്‍പ്പെടെയുള്ള കിഴക്കന്‍ മലയോര മേഖലയിലെ ജനങ്ങള്‍ ആശങ്കയിലാണ്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് കോന്നി, അച്ചന്‍കോവില്‍ വനം ഡിവിഷനുകളിലെ വനമേഖലയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കല്ലേലി അച്ചന്‍കോവില്‍ കാനനപാതയിലെ പലയിടങ്ങളും, അച്ചന്‍കോവിലിലെ വിവിധ പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലായിട്ടുണ്ട്. ഇതു വഴിയുള്ള യാത്ര അപകടകരമാണന്നും താല്‍ക്കാലികമായി യാത്രകള്‍ മാറ്റിവെക്കണമെന്നും വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രമാടം ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡിനേയും കോന്നി ഗ്രാമപ്പഞ്ചായത്തിലെ 18ാം വാര്‍ഡിനെയും ബന്ധിപ്പിക്കുന്ന ചിറ്റൂര്‍മുക്ക് കാവുംഭാഗത്തെ കുടുംബങ്ങള്‍ ഭീതിയിലാണ്. വര്‍ഷങ്ങളായി തീരമിടിച്ചി ല്‍ മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുടെ നദീതീരം ഇടിഞ്ഞ് ഇപ്പോള്‍ ഏക വഴിയും ഇടിഞ്ഞുതാഴ്ന്ന് വീടുകളുടെ സമീപം വരെ തീരം എത്തിച്ചേര്‍ന്നിരിക്കുന്നതാണ് ഈ കുടുംബങ്ങളുടെ ഉറക്കം കെടുത്തിയിട്ടുള്ളത്. ഒരോ മഴയിലും ആറിന്റെ തിട്ട ഇടിഞ്ഞ് റോഡ് ഉള്‍പ്പെടെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ തിട്ട ഇടിഞ്ഞ് വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്താറായ അവസ്ഥയിലാണ്. മുമ്പ് ലോറികള്‍ അടക്കം വലിയ വാഹനങ്ങള്‍ കടന്നു പൊയ്‌ക്കോണ്ടിരുന്ന പാത ഇപ്പോള്‍ തീരമിടിച്ച ലിനെ തുടര്‍ന്ന് പകുതിയിലധികമായി വീതി കുറഞ്ഞു വന്നു. പ്രദേശത്ത് താമസിക്കുന്ന കാവും മുറിയില്‍ ഗോപകുമാര്‍, മുരളീധരന്‍, കൊട്ടാരത്തില്‍ കെ ജി രാജന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, സുരേഷ് കുമാര്‍ എന്നിവരുടെ കുടുംബങ്ങളാണ് ഏറെ ഭീതിയില്‍ കഴിയുന്നത്.കലക്ടറേറ്റിലും താലൂക്ക് ഓഫിസിലും, വിവിധ വില്ലേജ് ഓഫിസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെയും, അഗ്‌നിശമന സേനയുടെയും സേവനം മുഴുവന്‍ സമയവും ലഭ്യമാക്കാനും നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss