|    Nov 17 Sat, 2018 8:36 pm
FLASH NEWS

ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ ക്രഷര്‍റവന്യൂ സംഘം മണ്ണാര്‍മല സന്ദര്‍ശിച്ചു

Published : 8th August 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്ത് ക്രഷര്‍ തുടങ്ങാനിരിക്കെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ എന്‍ എം മെഹറലി, അഡീഷനല്‍ തഹസില്‍ ദാര്‍മാരായ ലത, സെബാസ്റ്റ്യന്‍, പെരിന്തല്‍മണ്ണ വില്ലേജ് ഓഫിസര്‍ ഹംസ, കാര്യാവട്ടം വില്ലേജ് ഓഫിസര്‍ സിന്ധു, സര്‍വേയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് നിര്‍ദിഷ്ട ക്വാറി മേഖല, ചേരിങ്ങല്‍, കൈപ്പള്ളിക്കര, മാട് പ്രദേശം എന്നിവ സന്ദര്‍ശിച്ച് പരിശോധന നടത്തിയത്.
2007ലും 1987ലും അടക്കം നാല് തവണ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍, ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടര്‍ന്നുവീണ് ജനവാസ മേഖലയില്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന ഭീമന്‍ കല്ല്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുള്‍പ്പൊട്ടല്‍ സാധ്യത മേഖല എന്നിവ നാട്ടുകാര്‍ സംഘത്തിന് കാണിച്ചു കൊടുത്തു. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന ക്രഷര്‍ അനുവദിക്കരുതെന്ന് സ്ത്രീകളും വൃദ്ധരും അടങ്ങുന്ന നാട്ടുകാര്‍ സംഘത്തെ ധരിപ്പിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണിയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും ജനങ്ങളുടെ ആശങ്കയും പരിഗണിച്ച് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ടയക്കുമെന്ന് തഹസില്‍ദാര്‍ എന്‍ എം മെഹറലി അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ കരിങ്കല്‍ ക്രഷര്‍ യൂനിറ്റ് തുടങ്ങുന്നതിനെതിരേ നാട്ടുകാരില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ കലക്ടറെയും എഡിഎമ്മിനെയും കണ്ട് പരാതി സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ സംഘം എത്തിയത്. സംഘം ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് കലക്ടര്‍ക്ക് കൈമാറും. ഉരുള്‍പൊട്ടലുണ്ടായ സമയത്ത് ചിതറിത്തെറിച്ച ഭീമന്‍ കല്ലുകള്‍ ജനവാസ മേഖലയില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. പാറ പൊട്ടിക്കല്‍ തുടങ്ങുന്നതോടെ പ്രകമ്പനമുണ്ടായാല്‍ ഈ കല്ലുകള്‍ താഴെ പതിക്കുമെന്നാണ് ഇവിടത്തുകാരുടെ ആശങ്ക. നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മണ്ണാര്‍മല മദീന റോഡിലെ കൈപ്പള്ളിക്കര, ചേരിങ്ങല്‍ നിവാസികളാണ് മലയുടെ താഴ്‌വാരത്ത് ഭയത്തോടെ കഴിയുന്നത്.
കനത്ത മഴയോ, മണ്ണൊലിപ്പോ ഉണ്ടായാല്‍ കല്ലുകള്‍ക്ക് സ്ഥാനചലനം സംഭവിക്കാം. ഉരുള്‍പൊട്ടല്‍ ഭീതിയെ തുടര്‍ന്ന് വംശനാശ ഭീഷണി നേരിടുന്ന ആളര്‍ സമുദായത്തില്‍പ്പെട്ട ആദിവാസി വിഭാഗങ്ങളെ നേരത്തെ നാട്ടുകാര്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അടുത്തകാലത്തു തന്നെയുള്ള കുറുപ്പത്ത് കരയിലെ തിണ്ടിലിയന്‍കുന്നില്‍ ജിയോളജി വകുപ്പ് സന്ദര്‍ശനം നടത്തി അപകടസാധ്യതയുള്ള മറ്റൊരു ഭീമന്‍ പാറക്കല്ല് കണ്ടെത്തിയിരുന്നു. ഇതിനടുത്താണ് തൊടുപുഴ സ്വദേശി 60 ഏക്കര്‍ പാട്ടത്തിനെടുത്ത് ക്രഷര്‍ യൂനിറ്റിന് പദ്ധതിയിട്ടിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കൈപ്പള്ളിക്കര, ചേരിങ്ങല്‍, മണ്ണാര്‍മല, മാനത്തുമംഗലം, കുന്നുംപുറം എന്നിവിടങ്ങളിലെ പൊതുജനങ്ങളും ചീനിക്കപ്പാറ കോളനിയിലെ ആദിവാസികളും സംയുക്തമായി ക്രഷറിനെതിരേ സമരരംഗത്തു വന്നത്.
മണ്ണാര്‍മല പൗരസമിതി ഭാരവാഹികളായ ചക്കപ്പത്ത് കുഞ്ഞാപ്പ ഹാജി, പള്ളിപ്പാറ വാപ്പു ഹാജി, സി പി അറബിനാസര്‍, ചെറിയാലിപ്പത്ത് സിദ്ധീഖ്, ബ്ലോക്ക് മെംബര്‍ സി പി അബദുല്ല,ക്രഷര്‍ വിരുദ്ധ സമിതി അംഗങ്ങളായ കെ ബഷീര്‍, കെ ടി അലി, ടി കെ സക്കീര്‍, തോരപ്പ ഹക്കീം, പടിഞ്ഞാറേതില്‍ മുഹമ്മദലി, ചക്കപ്പത്ത് കുഞ്ഞാപ്പു, കൊടക്കാട് തൊടി ബഷീര്‍, സി പി സിദ്ധീഖ്, എന്‍ മുസ്തഫ, സി പി റഷീദ് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss