|    Aug 17 Fri, 2018 6:22 pm
FLASH NEWS

ഉരുള്‍പൊട്ടല്‍: പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം

Published : 5th August 2018 | Posted By: kasim kzm

ഇരിട്ടി: ഉരുള്‍പൊട്ടലില്‍ ഇരിട്ടി മേഖലയില്‍ വീട് തകര്‍ന്നവര്‍ക്ക് സ്ഥലവും വീടും അനുവദിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വീട് തകര്‍ന്ന 15 ഓളം കുടുംബങ്ങള്‍ വര്‍ഷങ്ങളായി പുറമ്പോക്ക് സ്ഥലങ്ങളിലാണ് താമസിക്കുന്നത്. ഇവരുടെ താമസ സ്ഥലത്തിന് പട്ടയമില്ലാത്തതിനാല്‍ സഹായം അനുവദിക്കാനാവുന്നില്ല. തകര്‍ന്ന വീടിനുപകരം വീട് നിര്‍മിക്കാനുള്ള പണം അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാല്‍ അനുവദിച്ച പണം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നല്‍കിയിട്ടില്ലെന്ന് തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ പറഞ്ഞു.
ആദ്യഘട്ടമായി അനുവദിക്കുന്ന ഒരുലക്ഷം കൊണ്ട് 25 ശതമാനം പണി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രണ്ടാമത്തെ ഗഡു അനുവദിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പരിഗണിക്കാമെന്ന് ഉറുപ്പു നല്‍കിയതായി അധ്യക്ഷത വഹിച്ച സണ്ണിജോസഫ് എംഎല്‍എ പറഞ്ഞു. വീട് തകര്‍ന്ന കുടുംബങ്ങള്‍ ഇപ്പോള്‍ വാടക വീടുകളിലാണ് താമസം. ദുരിതാശ്വാസ ക്യാംപിലെത്തിയ റവന്യൂ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഇവരുടെ കാര്യം പ്രത്യേകമായി പരിഗാണിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
പ്രശ്‌നം വീണ്ടും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു കാലവര്‍ഷത്തില്‍ കിണറിടിഞ്ഞവര്‍ക്കും തൊഴുത്ത് നഷ്ടപ്പെട്ടവര്‍ക്കും നല്‍കുന്ന നഷ്ടപരിഹാരം തുച്ഛമാണെന്നും വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. തളിപ്പറമ്പ്-ഇരിട്ടി, ഇരിട്ടി-പേരാവൂര്‍ നെടുംപൊയില്‍ കെഎസ്ടിപി റോഡ് നവീകരണത്തിന് പദ്ധതി തയ്യാറാക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
കാലവര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച തലശ്ശേരി-വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നിര്‍ത്തിവച്ച് നവീകരണ പ്രവ്യത്തി ഉടന്‍ പുനരാരംഭിക്കും. ഇരിട്ടി പാലം ജങ്ഷന്‍ വീതികൂട്ടാന്‍സ്ഥലം ഏറ്റെടുക്കാനുള്ള നടപടി തുടങ്ങിയതായി കെഎസ്ടിപി അധികൃതര്‍ യോഗത്തെ അറിയിച്ചു. മഴയെ തുടര്‍ന്ന് റോഡില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികളും ഉടന്‍ പൂര്‍ത്തിയാക്കും. കാലവര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ കെഎസ്ഇബിക്ക് 54 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ഇബി അധികൃതര്‍ യോഗത്തില്‍ പറഞ്ഞു.
വള്ളിത്തോട് പിഎച്ച്‌സിക്ക് മുന്നിലെ കുന്ന് ഇടിയാതിരിക്കാന്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ ആവശ്യപ്പെട്ടു. കെഎസ്ടി റോഡിലെ മണ്ണിടിച്ചല്‍ തടയാന്‍ ഉന്നതതല സംഘം പരിശോധന നടത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ ഉടന്‍ ചെയ്യുമെന്നും യോഗത്തില്‍ പറഞ്ഞു. രാജവെമ്പാലയുടെ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വനത്തിലേക്ക് വീടുന്നത് ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് ചില അംഗങ്ങള്‍ പറഞ്ഞു. വനത്തിലേക്കു വിടുന്ന പാമ്പുകള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ നടപടി വേണം. മട്ടന്നൂര്‍ നഗരസഭയിലെ രണ്ട് വില്ലേജുകളിലും ഓഫിസര്‍മാര്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്ന് കൗണ്‍സിലര്‍ ഇസ്മായില്‍ പറഞ്ഞു.
വില്ലേജ് ഓഫിസര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചതായി തഹസില്‍ദാര്‍ പറഞ്ഞു. യാഗത്തില്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ ടി റോസമ്മ, ടി പ്രസന്ന, ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസഫ്(മുഴക്കുന്ന്), എന്‍ ആശോകന്‍(പായം), മൈഥിലി രമണന്‍(കേളകം), ഇന്ദിരാ ശ്രീധരന്‍(കൊട്ടിയൂര്‍), ഷീജ സെബാസ്റ്റ്യന്‍(കൊട്ടിയൂര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇബ്രാഹീം മുണ്ടേരി, ജോര്‍ജ് ഇരുമ്പുകുഴി, പായം ബാബുരാജ്, തോമസ് തയ്യില്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss