|    Nov 14 Wed, 2018 2:58 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഉരുള്‍പൊട്ടല്‍: ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നുപഠന റിപോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല

Published : 15th June 2018 | Posted By: kasim kzm

സി എ  സജീവന്‍

തൊടുപുഴ: ഉരുള്‍പൊട്ടലുകള്‍ മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കുന്നതു തുടരുമ്പോഴും ഇതുസംബന്ധിച്ച പഠന റിപോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല. കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ ഓരോ വര്‍ഷവും കൂടിവരുന്നതായാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നിട്ടും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാനോ ഇതുസംബന്ധിച്ചു നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കി എന്തെങ്കിലും നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ലെന്ന് ഭൗമശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഉരുള്‍പൊട്ടുന്നതിനെക്കുറിച്ച് ഭൗമശാസ്ത്ര (സെസ്) കേന്ദ്രമടക്കമുള്ള വിവിധ സ്ഥാപനങ്ങള്‍ പഠനം നടത്തിയിട്ടുണ്ട്. പക്ഷേ, ഈ റിപോര്‍ട്ടുകളിലൊന്നും തുടര്‍നടപടി ഉണ്ടായിട്ടില്ല.മലഞ്ചരിവുകളിലെ പാറകളും മണ്ണും ചേര്‍ന്ന മിശ്രിതം ജലപൂരിതാവസ്ഥയില്‍ ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി നിമിഷങ്ങള്‍കൊണ്ട് മഹാപ്രവാഹമായി താഴേക്കു പതിക്കുന്നതാണ് ഉരുള്‍പൊട്ടല്‍. ജലപൂരിതമായ മേല്‍മണ്ണും തൊട്ടുതാഴെയുള്ള ദ്രവിച്ച പാറയും ഉറച്ച പാറയില്‍നിന്ന് പിടിവിട്ട് നിരങ്ങി അതിവേഗത്തില്‍ താഴ്ന്ന ഭാഗങ്ങളിലേക്കു വീഴുന്നു. ഇതിന്റെ യഥാര്‍ഥ കാരണങ്ങളെ സംബന്ധിച്ച് വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായഭിന്നതകളുണ്ട്. എന്നിരുന്നാലും ഉരുള്‍പൊട്ടല്‍ തടയാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഓരോ പഠനറിപോര്‍ട്ടിലും ആവര്‍ത്തിച്ചിട്ടുണ്ട്. അതാവട്ടെ ഏറക്കുറേ സമാനവുമാണ്.വന്‍തോതില്‍ വനം വെട്ടിത്തെളിക്കുന്നത് ഉരുള്‍പൊട്ടലിനു കാരണമാണ്. റബറും മറ്റും നടുന്നതിനായി മരങ്ങള്‍ മുഴുവനും വെട്ടുന്നതും സ്വഭാവിക നീര്‍ച്ചാലുകള്‍ തടയുന്നതും കാരണങ്ങളാണ്. മലഞ്ചരിവി ല്‍ കെട്ടിനിര്‍ത്തിയ മഴവെള്ളം, അശാസ്ത്രീയ ഭൂവിനിയോഗം തുടങ്ങിയവയും ഉരുള്‍പൊട്ടലിന് ഇടയാക്കുമെന്ന് ഭൗമശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.ഉരുള്‍പൊട്ടുന്നതിനെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ മുന്നോട്ടുവച്ച പ്രധാന പരിഹാരനിര്‍ദേശങ്ങള്‍ ഉപരിതലത്തില്‍ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസ്സപ്പെടുത്താതിരിക്കുക, 20 ഡിഗ്രിയില്‍ കൂടുതലുള്ള മലഞ്ചരിവുകളില്‍ മഴവെള്ളസംഭരണി നിര്‍മിക്കാതിരിക്കുക, ഒരുപ്രാവശ്യം ഉരുള്‍പൊട്ടിയ സ്ഥലത്ത് വീണ്ടും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനു മുമ്പ് ശാസ്ത്രീയ പഠനങ്ങള്‍ നടത്തുക, കനത്ത മഴയുണ്ടായാല്‍ ഇത്തരം സാധ്യതാപ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റുക, ചെങ്കുത്തായ ചരിവുകളില്‍ വീടുകള്‍ പണിയാതിരിക്കുക, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം കാലവര്‍ഷക്കാലത്ത് നിര്‍ത്തിവയ്ക്കുക തുടങ്ങിയവയായിരുന്നു.1982ല്‍ പ്രഫ. ആര്‍ കൃഷ്ണനാഥിന്റെ നേതൃത്വത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഡോ. പി കെ തമ്പിയും കൂട്ടരും നടത്തിയ പഠനത്തില്‍ കേരളത്തില്‍ പശ്ചിമഘട്ടത്തിന്റെ 80 ശതമാനം (1400 ചതുരശ്ര കിലോമീറ്റര്‍) ഉരുള്‍പൊട്ടല്‍ ഭീഷണി കൂടുതലുള്ള മേഖലയായി തരംതിരിച്ചിരുന്നു. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനു വേണ്ടി ഡോ. എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഇടുക്കി, മലപ്പുറം ജില്ലയിലെ ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങള്‍പോലും കണ്ടെത്തിയിരുന്നു. ചതുരശ്ര അടിയില്‍ അവയുടെ കണക്ക് ഇങ്ങനെയായിരുന്നു. മലപ്പുറം ജില്ല: കരുളായി (17.27), ചുങ്കത്തറ (12.84), കരുവാരക്കുണ്ട് (8.21), അമരമ്പലം (7.97), വഴിക്കടവ് (6.66), ചാലിയാര്‍ (5.46), പോത്തുകല്ല് (4.97), കാളികാവ് (3.73), ഉരുംഗാത്രി (3.52), ചോക്കാട് (2.37).ഇടുക്കി ജില്ല: ദേവികുളം (21.84), മൂന്നാര്‍ (15.39), ഏലപ്പാറ (14.05), പെരുവന്താനം (13.57), കുമളി (12.01), കൊക്കയാര്‍ (11.68), പീരുമേട് (8.79), മാങ്കുളം (7.90), ആക്കുളം (7.38), ചിന്നക്കനാല്‍ (6.30).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss