|    Sep 25 Tue, 2018 11:14 am
FLASH NEWS

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; കിഴക്കന്‍ മലയോരം ഒറ്റപ്പെട്ടു

Published : 18th August 2018 | Posted By: kasim kzm

കുറ്റിയാടി: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കിഴക്കന്‍ മലയോരത്തെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി. രണ്ടു ദിവസമായി തുടരുന്ന മഴയില്‍ കുറ്റിയാടിചുരം, ചൂരണിമല, വാളുക്ക് മല എന്നിവിടങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ചുരത്തില്‍ നാലാം വളവില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുറ്റിയാടി -വയനാട് അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം നിലച്ചു. കുറ്റിയാടി – കോഴിക്കോട് സംസ്ഥന പാത, കുറ്റിയാടി – മരുതോങ്കര റോഡ്, കുറ്റിയാടി -തീക്കുനി റോഡ്, പെരുവയല്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. മേഖലയിലെ കുറ്റിയാടി, വേളം, നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, മരുതോങ്കര തുടങ്ങിയ പഞ്ചായത്ത് പരിധിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. മിക്കയിടത്തും കടകമ്പോളങ്ങള്‍ അടഞ്ഞതിനാല്‍ ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിച്ചു.
കാവിലുംപാറ പഞ്ചായത്തിലെ പുളിമൂട്ടില്‍ വീടിന് മുകളില്‍ മരം വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ത്തി, റീന എന്നിവരെ കുറ്റിയാടി ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ പഞ്ചായത്തിലെ പുതം പാറ, വെള്ളോന്‍കുന്ന്, ചൂരണി എന്നിവിടങ്ങളിലെ 16 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. തൊട്ടില്‍പ്പാലം, പട്യാട്ട് പുഴ എന്നിവ നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്ന് ചോയി ചുണ്ട് പ്രദേശത്തെ 10 കുടുംബങ്ങളെയും കുരുടന്‍ കടവിലെ 9 കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ചു. 20 ലധികം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് സ്വയം മാറിയിരിക്കുകയാണ്.
ആറാം വളവില്‍ ശക്തമായ ഉരുള്‍പൊട്ടലില്‍ തേക്കുംകാട്ടില്‍ ബേബിയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. ആളപായമില്ല. എരിക്കാട്ടില്‍ ചാക്കോ, വരിക്കപ്ലാക്കല്‍ പ്രസന്ന , സിബി എന്നിവരുടെ വീടുകളും അപകട ഭീഷണി നേരിടുന്നു. മൂന്നാം വളവിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ കൂറ്റന്‍ പാറകളും മരങ്ങളും ഒഴുകിയെത്തി ചുരം റോഡിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.കായക്കൊടി പഞ്ചായത്തില്‍ വെള്ളപൊക്ക ഭീഷണിയെ തുടര്‍ന്ന് 25 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
പാലോളി, മുണ്ടിയോട്, എള്ളിക്കാമ്പാറ എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് മുഴുവന്‍ പേരും കുറ്റിയാടി പഞ്ചായത്തില്‍ 26 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ഊരത്ത്, വളയന്നൂര്‍, വടയം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരെയാണ് വടയം ശിശുമന്ദിരം, എടവന്‍ താഴെ എന്നിവിടങ്ങളിലെ കേമ്പുകളിലേക്ക് മാറ്റിയത്. വളയന്നൂര്‍ ഇല്ലത്തറകണ്ടി – നങ്ങീലികണ്ടി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 20 കുടുബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറിമരുതോങ്കര പഞ്ചായത്തില്‍ ദുരിതമനുഭവിക്കുന്ന 20 കുടുംബങ്ങളെ നെല്ലികുന്ന് ദുരിതാശ്വാസ കേമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.
കനത്ത മഴയില്‍ അടുക്കത്ത് 2 വീടുകള്‍ തകര്‍ന്നു. കേളപ്പന്‍ , മൂസ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത് . കുറ്റിയാടി, കടന്തറ പുഴ നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് 20 ലധികം കുടുംബങ്ങള്‍ ഭീതിയില്‍ കഴിയുന്നു. കുന്നുമ്മല്‍ പഞ്ചായത്തില്‍ 2 വീടുകള്‍ മഴക്കെടുതിക്കിരയായി. മധു കുന്ന് ഭാഗത്ത് പഞ്ചായത്തിന്റെ ധനസഹായമുപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വേളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. തിരുത്തികുന്ന്, കോവുക്കുന്ന്, വെള്ളാട് എന്നിവിടങ്ങളിലായി 30 വീടുകള്‍ തകര്‍ന്നു. തീക്കുനി, കാക്കുനി, ഓ കാരകുനി, പുളക്കൂല്‍ , കൈതമുക്ക്, കോയ്യൂറ, കാക്കുനി എന്നിവിടങ്ങളില്‍ നിന്നായി 180 കുടുംബങ്ങളെ ദുരിതാശ്വാസ കേമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
പെരുവയലിലെ മടക്കുമൂലയില്‍ അബ്ദുല്‍ ലത്തീഫിന്റെ പത്ത് ഏക്കര്‍ സ്ഥലത്തെ ഹൈടക് ഫാം പൂര്‍ണ്ണമായും തകര്‍ന്നു.നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്ക് മലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. കാവില്‍ പുരയിടത്ത് മാണിയുടെ പറമ്പിലാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. വാണിമേല്‍, പുതുക്കയം പുഴകളില്‍ ജലം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് 20 കുടുംബങ്ങള്‍ ഭീതിയില്‍ കഴിയുന്നു.
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കേമ്പില്‍ കഴിയുന്നവരെ സഹായിക്കാന്‍ നാട് ഒന്നിക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. എസ് ഡി പി ഐ, സി പി എം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബി ജെ പി, സി പി ഐ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സന്നദ്ധ സംഘടനകളും സഹായവുമായി രംഗത്തുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss