|    Dec 19 Wed, 2018 3:04 am
FLASH NEWS

ഉരുള്‍പൊട്ടലിന്റെ ഭീതി മാറാതെ ചിറ്റകുന്ന് നിവാസികള്‍

Published : 28th August 2018 | Posted By: kasim kzm

തൃശൂര്‍: ഉരുള്‍പൊട്ടലിന്റെ ഭീതിയൊഴിയാതെ ചിറ്റകുന്ന് നിവാസികള്‍. നെടുകെ പിളര്‍ന്ന കുന്ന് ഏത് നിമിഷവും നിലപൊത്തുമെന്ന ഭീഷണിയിലാണ് നാട്ടുകാര്‍. പുത്തൂര്‍ പഞ്ചായത്തിലെ പുത്തന്‍കാട് പ്ലാന്റേഷനിലെ എഴുന്നൂറ്റി അന്‍പത് ഹെക്ടര്‍ വരുന്ന സ്ഥലത്തെ രണ്ടിടങ്ങളിലായിട്ടാണ് ഉരുള്‍പൊട്ടിയിരിക്കുന്നത്.
വലിയപാറകളും മരങ്ങളും മണ്ണും വെള്ളവുമടക്കം കുത്തിയൊലിച്ച് വന്ന സ്ഥിതിയിലാണ്. സമീപത്തെ പീച്ചിയില്‍ നിന്നുള്ള ഇറിഗേഷന്‍ ഇടത് കനാലും കുത്തിയൊലിച്ചെത്തിയ വെള്ളചാട്ടത്തില്‍ തകര്‍ന്നു. കുന്നിന്റെ ഒരു ഭാഗം നെടുകെ പിളര്‍ന്ന് ഇറിഗേഷന്‍ കനാലില്‍ മണ്ണ് വന്ന് നിറഞ്ഞ് അടഞ്ഞു. അപകടാവസ്ഥയിലായ മണ്ണ് നീക്കും തോറും കൂടുതല്‍ ഇടിയുന്ന സ്ഥിതിയാണിപ്പോള്‍. സംഭവം നടന്ന ദിവസം തന്നെ അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തെ മുപ്പത്തിയഞ്ചോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു.
എതാനും ദിവസങ്ങള്‍ക്ക് ശേഷം പലരും ദുരിതാശ്വാസ ക്യാംപില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയെത്തി. മറ്റു മാര്‍ഗമില്ലാതായതോടെയാണ് പലരും വീടുകളില്‍ മടങ്ങിയെത്തിയത്. ചിറ്റകുന്ന് പിളര്‍ന്ന ഭാഗം രണ്ട് അടിയോളം താഴേക്ക് ഇരുന്ന സ്ഥിതിയാണ്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
ഭൂമി കൂടുതല്‍ ആഘാതത്തില്‍ പിളര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന് വീണ്ടും സാധ്യതയുള്ളതിനാല്‍ കനത്തമഴ പെയ്യുന്ന സമയങ്ങളില്‍ കുന്നിന്റെ അടിവാരത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറിപോകണമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിന് പുറമേ പ്രദേശത്തെ ഭൂമി വീണ്ടും കീറിയതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വീടുകള്‍ക്ക് വിള്ളല്‍ വീണ സ്ഥിതിയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പുത്തന്‍കാട് താഴവാരം റോഡ് സഞ്ചാര യോഗ്യമല്ലാതായി.
പത്ത് മീറ്ററോളം റോഡിലേക്ക് മണ്ണ് ഒഴുകിയെത്തി ഇടിഞ്ഞ് വീണ മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്യാനായിട്ടില്ല. നാട്ടുകാര്‍ താല്‍കാലികമായി മണ്ണ് നീക്കം ചെയ്തതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മാത്രമാണ് ഇതുവഴി കടന്ന് പോകാന്‍ സാധിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss