|    Jan 18 Wed, 2017 5:00 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഉരീദു ടെലികോം വിപണിയിലെ മല്‍സരം തടസ്സപ്പെടുത്തുന്നുവെന്ന് സിആര്‍എ

Published : 26th September 2016 | Posted By: SMR

ദോഹ: ഖത്തറിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഉരീദുവിനെ വിമര്‍ശിച്ചുകൊണ്ട് കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി(സിആര്‍എ) റിപോര്‍ട്ട് പുറത്തുവിട്ടതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. എതിര്‍ കമ്പനികള്‍ക്ക് തങ്ങളുടെ നെറ്റ്‌വര്‍ക്ക് ഡക്ട് ഉപയോഗിക്കാന്‍ അനുവാദം നല്‍കാതെ ടെലികോം രംഗത്തെ മല്‍സരക്ഷമതയെ ഉരീദു തടസ്സപ്പെടുത്തുന്നു എന്നാണ് ആരോപണം.
രാജ്യത്തെ കമ്യൂണിക്കേഷന്‍ മേഖലയുടെ മേല്‍നോട്ട വിഭാഗമാണ് സിആര്‍എ. ഉരീദുവിന്റെ നടപടി ഖത്തര്‍ നാഷനല്‍ ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കിനെയും(ക്യുഎന്‍ബിഎന്‍) വോഡഫോണിനെയും ദോഷകരമായി ബാധിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ ഡക്ടുകളില്‍ പ്രവേശനം അനുവദിക്കാതെ ഉരീദു ടെലികോം രംഗത്ത് വികസിച്ചു വരേണ്ട മല്‍സരത്തെ തടസ്സപ്പെടുത്തി. ഇത് വഴി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കേണ്ട തുക ഉരീദു കൃത്രിമമായി ഉയര്‍ത്തി നിര്‍ത്തിയെന്നും സിആര്‍എ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്ത് ഹൈ സ്പീഡ് ഇന്റര്‍നെറ്റിന് വേണ്ടിയുള്ള  സമഗ്രമായ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് വരികയാണ് സര്‍ക്കാര്‍ അധീനതയിലുള്ള കമ്പനിയായ ക്യുഎന്‍ബിഎന്‍.
എന്നാല്‍, അത് വളരെ പതുക്കെയാണ് പുരോഗമിക്കുന്നത്. ഖത്തറിലെ ഏത് ടെലികോം സേവനദാതാക്കള്‍ക്കും ഈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാനാവും. എന്നാല്‍, ഉരീദുവിന് ഭൂരിഭാഗം സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ സ്വന്തമായി നെറ്റ്‌വര്‍ക്ക് ഉള്ളതിനാല്‍ വോഡഫോണിനാണ് ക്യുഎന്‍ബിഎന്‍ ശൃംഖലയുടെ പ്രയോജനം കാര്യമായി ലഭിക്കുക.
പുതിയ നെറ്റ്‌വര്‍ക്ക് പൂര്‍ത്തിയാവുന്നതുവരെ ഉരീദുവിന്റെ ഫൈബര്‍ ശൃംഖല ഉപയോഗിക്കാന്‍ വോഡഫോണ്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, രണ്ട് തവണ അപേക്ഷ നല്‍കിയിട്ടും ഉരീദു ഇത് തള്ളിക്കളഞ്ഞു. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തില്‍ വോഡഫോണിനും ക്യുഎന്‍ബിഎന്നിനും സ്വന്തമായി കുഴിയെടുത്ത് തങ്ങളുടെ കേബിളുകള്‍ വിന്യസിക്കേണ്ടി വരും. ഉരീദുവിന്റെ ഈ നടപടി മൂലം ടെലികോം വിപണിയില്‍ മാസം 7,50,000 റിയാലിന്റെ വരുമാന നഷ്ടമുണ്ടാവുന്നതായി ക്യുഎന്‍ബിഎന്‍ അവകാശപ്പെടുന്നു.
എന്നാല്‍, ക്യുഎന്‍ബിഎന്‍ ആവശ്യമായ പണം അടക്കുന്നില്ലെന്നാണ് ഉരീദുവിന്റെ പ്രതികരണം. എന്നാല്‍, ഇക്കാര്യം തള്ളിക്കളഞ്ഞ സിആര്‍എ തങ്ങളുടെ അടിസ്ഥാന സൗകര്യം ഉപയോഗിക്കാനുള്ള എല്ലാ അപേക്ഷകളും പൂര്‍ത്തീകരിക്കണമെന്ന് ഉരീദുവിനോട് ഉത്തരവിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക