|    Dec 13 Thu, 2018 11:26 am
FLASH NEWS
Home   >  Dont Miss   >  

ഉരലിലിട്ട നെല്ലിലൊരപൂര്‍വജീവി

Published : 1st August 2016 | Posted By: G.A.G

ഓഫീസുകളിലെ ഫയല്‍ക്കൂമ്പാരങ്ങള്‍, വാഹനങ്ങളുടെ ഉള്‍ഭാഗം,വീട്ടുവാതിലിന്റെ കട്ടിളയുടെ വിടവ്- പാമ്പുകളെ കണ്ടെത്തുന്നത് പലയിടത്തു നിന്നുമാവാം. എന്നാല്‍ ഉരലില്‍ കുത്താനിട്ട നെല്ലിനുള്ളില്‍ നിന്നും പാമ്പിനെ കിട്ടിയാലോ? അതും അപൂര്‍വമായ, ഒരിനം.
കോഴിക്കോട് രാമകൃഷ്ണാശ്രമം സ്‌കൂള്‍ അധ്യാപകന്‍ പികെ ഉണ്ണികൃഷ്ണനാണ് കൗതുകകരമായ ഈ അനുഭവം വിവരിക്കുന്നത്. ഏറെക്കാലമായി പാമ്പുകളെ നിരീക്ഷിച്ചുവരുന്ന ഇദ്ദേഹത്തിന് തന്റെ ഒരു വിദ്യാര്‍ഥിയാണ് ഈ ‘പാമ്പനുഭവം’ കാണിച്ചു കൊടുത്തത്.  ഉണ്ണികൃഷ്ണന്‍മാഷിന്റെ പാമ്പുകള്‍എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ് ഇതാ:

SNAKE

പഠനാവശ്യങ്ങള്‍ക്കായി പലപ്പോഴും പല ഇനം പാമ്പുകളെ പിടിച്ചിട്ടുണ്ട്.
രക്ഷപ്പെടുത്താന്‍ വേണ്ടിയും ചെയ്തിട്ടുണ്ട് അത്.
രക്ഷപ്പെടുത്താന്‍ വേണ്ടി പിടിച്ചത് പലതും അപ്രാപ്യമെന്നു തോന്നുന്ന ചില സ്ഥലങ്ങളില്‍ നിന്നൊക്കെ ആയിരുന്നു….

കുട്ടികളുടെ സ്കൂള്‍ ബാഗ്, വീടുകളുടെ മച്ചിന്‍പുറം,ഓഫീസുകളിലെ ഫയല്‍ക്കൂമ്പാരങ്ങള്‍, വാഹനങ്ങളുടെ ഉള്‍ഭാഗം,വീട്ടുവാതിലിന്റെ കട്ടിളയുടെ വിടവ്,………

പക്ഷെ, കുത്താന്‍ ഉരലിലിട്ട നെല്ലിനുള്ളില്‍ നിന്ന് പാമ്പിനെ കിട്ടുക എന്ന് പറഞ്ഞാല്‍……!

കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്ന് ഞാന്‍ പഠിപ്പിച്ച കുട്ടിയായ ജ്യോതിപ്രസാദ്‌ ആണ് അങ്ങനെയൊരു അസാധാരണസംഭവം കാണിച്ചുതന്നത്.
കുറുവാ ദ്വീപിനോട് ചേര്‍ന്നുള്ള അവന്റെ വീടിനടുത്ത് ഒരു ഒക്കലുണ്ട്.
അവിടെ നെല്ല് മെതിക്കുന്ന കക്ഷി തത്കാലം ഒക്കല്‍ ജ്യോതിയെ ഏല്‍പ്പിച്ചു കാപ്പി കുടിക്കാന്‍ പോയപ്പോഴാണ് സംഭവം.
ഒക്കലിനോടനുബന്ധിച്ചു യന്ത്ര ഉരല് ഉണ്ട്.
ഉരലിലിട്ട നെല്ല് ഇളക്കിയിട്ടപ്പോ അതിനുള്ളില്‍ ഒരു പാമ്പ്‌.
എപ്പോഴോ ചാക്കിനുള്ളില്‍ നിറച്ച നെല്ലില്‍ പെട്ട് ചത്തുപോയതാവണം.
എന്തായാലും അവനെ സംബന്ധിച്ചിടത്തോളം ,പരിചയമില്ലാത്ത ഒരിനമായിരുന്നു അത്.
അപ്പോള്‍ തന്നെ ഫോട്ടോ എടുത്തു.
അത് എനിക്ക് വാട്സ് ആപ്പ്‌ ചെയ്തു തന്നു…..

ഫോട്ടോ കണ്ടിട്ട് എനിക്കും മനസ്സിലായില്ല.
ഇതുവരെ കണ്ടിട്ടില്ലാത്ത ഇനമാണ്.
ഉടനെ വിറ്റാക്കറിന്റെ ഫീല്‍ഡ്‌ ഗൈഡ്‌ എടുത്തു.
അതിലുമില്ല കക്ഷി.
ഇനി ആശ്രയം വിദഗ്ധരാണ്.
അതിനുവേണ്ടി ഗ്രൂപ്പുകളില്‍ പടം പോസ്റ്റ്‌ ചെയ്തു.
വിദഗ്ദ്ധരല്ലാത്തവര മുഴുവന്‍ വന്നു.
പതിവുപോലെ,സകലവിധ ഊഹാപോഹ തിരിച്ചറിവുകളും ആധികാരികമായി പറഞ്ഞുതന്നു….

അവസാനം സ്നേയ്ക്സ്‌ ഓഫ് ഇന്ത്യ എന്ന ഗ്രൂപ്പിലെ ഏതോ ഒരു ഗവേഷകന്‍ ഭാഗ്യത്തിന് ആ ചിത്രം കാണുകയും അത് Amphiesma beddomei ആണെന്ന് പറഞ്ഞു തരികയും ചെയ്തു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ Hebius beddomei എന്നൊരു തിരുത്ത് വന്നു.
അങ്ങനെ ഇപ്പോള്‍ കക്ഷിയുടെ ഐഡന്റിറ്റി അതാണ്‌.
Nilgiri Keel Back എന്ന് സാധാരണ പേരില്‍ അറിയപ്പെടുന്ന Hebius beddomei.
കക്ഷിയുടെ മലയാളം പേര് എനിക്കറിയില്ല.
എന്തായാലും ഇവന്‍ വിറ്റാക്കറിന്റെ ഫീല്‍ഡ്‌ ഗൈഡില്‍ ഉള്‍പ്പെടാതെ പോയതില്‍ സങ്കടം തോന്നി.
ആ പഠനത്തിനു വേണ്ടി എത്രയോ കാലം ചിലവഴിച്ചിട്ടുണ്ടാവും അശോക്‌ ക്യാപ്റ്റനും റോമുലസ് വിറ്റാക്കറും !
ആ കാലത്തിനിടയില്‍ ഒരിക്കല്‍ പോലും അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതിരുന്ന ഇവന്‍ ഇപ്പൊ ജ്യോതിക്ക് മുന്നില്‍ മരിച്ചു പ്രത്യക്ഷപ്പെട്ടിരിക്കുന്നു !
ഇവിടെ ഇങ്ങനെയും ഒരാള്‍ ഉണ്ടെന്നു സ്വയം അടയാളപ്പെടാനായി….

അല്ലെങ്കിലും ചരിത്രം ചിലതെല്ലാം അടയാളപ്പെടുത്തുന്നത് ശവങ്ങള്‍ കൊണ്ടാണ്.

ഇത്തരം കുറേയേറെ പാമ്പുകഥകള്‍ കുറിച്ച ‘പാമ്പുകള്‍’ എന്ന ഫേസ്ബുക്ക് പേജിലേക്കുള്ള ലിങ്ക് : https://www.facebook.com/snakeunni/?fref=nf

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss