|    Jun 18 Mon, 2018 3:48 am
FLASH NEWS
Home   >  Kids corner   >  

ഉമ്മാന്റെ ഖല്‍ബ്

Published : 31st August 2015 | Posted By: admin

 

khalbuമൊയ്തുവിന് ഒന്നര വയസ്സുള്ളപ്പോള്‍ മരണം തട്ടിയെടുത്തതായിരുന്നു അവന്റെ ബാപ്പയെ. ചെറുപ്രായത്തില്‍ വിധവയായ ആമി. അഞ്ചു സെന്റും അതില്‍ കേറിക്കിടക്കാന്‍ ചെറിയൊരു പുരയും. ആമിയുടെ ഏക സമ്പാദ്യം. തന്റെ എല്ലാമെല്ലാമായ ബാവുട്ടിക്ക ഏല്‍പ്പിച്ചുപോയ പൊന്നോമനയ്ക്കു വേണ്ടി ജീവിച്ചു. കുഞ്ഞാലി മുസ്‌ല്യാരുടെ വീട്ടില്‍ അടുക്കളപ്പണി ചെയ്തും ബാക്കി സമയങ്ങളില്‍ ആടിനെയും കോഴിയെയും വളര്‍ത്തി പാലും മുട്ടയും വിറ്റു കിട്ടുന്ന കാശെല്ലാം അവള്‍ സ്വരുക്കൂട്ടിവച്ചു.
മൊയ്തു വളരുന്നതും നോക്കി ജീവിതം നയിച്ചു. കാലം കടന്നുപോയി കിഴക്കേപറമ്പില്‍ ആമിയും മൊയ്തുവും നട്ട തെങ്ങില്‍ നിന്നു കറിക്കു വേണ്ട തേങ്ങ മൊയ്തു തന്നെ പറിക്കാറാണ് പതിവ്.
”ഉമ്മാ? എന്റെ എത്രാമത്തെ വയസ്സിലായിരുന്നു നമ്മളിത് നട്ടത്?” മൊയ്തുവിന്റെ ചോദ്യം. ഒരു നെടുവീര്‍പ്പോടെ ആമി തന്നേക്കാള്‍ വളര്‍ന്ന മകനെയും നിറയെ കായ്ച്ചുനില്‍ക്കുന്ന തെങ്ങിലേക്കും നോക്കി. എന്തിനെന്നറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വളര്‍ന്നിരിക്കുന്നു തന്റെ മൊയ്തുവും അവന് നാലു വയസ്സുള്ളപ്പോള്‍ ആ കൈ കൊണ്ട് ഞാന്‍ വയ്പിച്ച തെങ്ങും. 21 വര്‍ഷം എത്ര പെട്ടെന്നു കടന്നുപോയി!
”അല്ലാ? ഉമ്മായും മോനും എന്താ തൊടീലൊരു പണി? ഇതും ചോദിച്ച് പറമ്പിലേക്കു കയറിവന്ന ബ്രോക്കര്‍ കുഞ്ഞാലിക്കയെ നിറഞ്ഞ ചിരിയോടെ ആമി സ്വീകരിച്ചു. ആമി ആവശ്യപ്പെട്ട പ്രകാരമാണ് കുഞ്ഞാലിക്ക വന്നത്. മൊയ്തു ആമിയെയും കുഞ്ഞാലിക്കയെയും മാറിമാറി നോക്കി.
”അനക്ക് പെണ്ണൊക്കെ കെട്ടാനുള്ള സമയായി. അയിന് ബന്നതാ ഞമ്മള്. ആമിത്താത്തക്ക് കൂട്ടിന് ഒരു പെണ്ണു വേണ്ടേ? എത്ര കാലം ന്ന്ച്ചാ ഇങ്ങനെ കഷ്ടപ്പെടുന്നത്?”’
മൊയ്തു പാതി താഴ്ത്തിയ മുഖത്തോടെ ചിരിച്ച് അകത്തേക്കു പോയി. ബാഗില്‍ നിന്നു കുറേ ചെറുപ്പക്കാരികളുടെ ഫോട്ടോയെടുത്ത് കുഞ്ഞാലിക്ക ആമിയുടെ കൈയില്‍ വച്ചുകൊടുത്തു. അതില്‍ ഏറ്റവും നല്ല മൊഞ്ചത്തിക്കുട്ടിയെ തന്നെ ആമി തിരഞ്ഞെടുത്തു.
”സുബൈദാന്നാ ഓളെ പേര്. വയസ്സ് 20. നല്ല കുടുംബം”- കുഞ്ഞാലിക്ക പറഞ്ഞതു കേട്ട് തലയാട്ടി ആമി നീട്ടിവിളിച്ചു:
”എടാ മൊയ്തൂ… ഒന്നിങ്ങു വന്നേ. അവന്റെ കൈകളിലേക്ക് ആമി ആ ഫോട്ടോ വച്ചുകൊടുത്തു. ആ മൊഞ്ചത്തിയെ അവനു പെരുത്ത് പിടിച്ചുവെന്ന് ആമിക്ക് മനസ്സിലായി. പിന്നെയെല്ലാം വേഗം നടന്നു.
കല്യാണം പൊടിപൊടിച്ചു. പന്തലില്‍ നിന്നു വലതുകാല്‍ വച്ചു വീട്ടിലേക്കു കയറിയ സുബൈദക്കും ആ വീടും പരിസരവും ഒത്തിരി ഇഷ്ടപ്പെട്ടു. ദിവസങ്ങള്‍ മാസങ്ങള്‍ക്കു വഴിമാറി. ഇതിനിടയിലെപ്പോഴോ സുബൈദ തിരിച്ചറിഞ്ഞു, മൊയ്തുവിന്റെ മനസ്സില്‍ ഉമ്മാക്ക് ശേഷമാണ് തന്റെ സ്ഥാനമെന്ന്. അതവളെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.
അന്നൊരു തിങ്കളാഴ്ചയായിരുന്നു. ജോലിയെല്ലാം ഒതുക്കി മൊയ്തു വരുന്നതുവരെ അവള്‍ കാത്തിരുന്നു. വിയര്‍ത്തുകുളിച്ച ദേഹത്തോടെ മൊയ്തു കയറിവന്നു. തന്റെ കൈയിലെ ചൂട്ടും കവറും സുബൈദയെ ഏല്‍പ്പിച്ച് അവന്‍ നേരെ ഉമ്മയുടെ അടുത്തേക്കു ചെന്നു.
”നീ അവളുടെ അടുത്തേക്ക് ചെല്ല്. സുബൈദാക്ക് പരിഭവം വേണ്ട. തന്റെ കൈയിലെ കാശ് ഉമ്മയെ ഏല്‍പ്പിച്ച് അവന്‍ മുറിക്കു പുറത്തിറങ്ങി.
”മോനേ…” പിറകില്‍ നിന്ന് ഉമ്മാന്റെ വിളി കേട്ട് അവന്‍ തിരിഞ്ഞുനോക്കി.
”നീ ഈ കാശ് അവളെ ഏല്‍പ്പിച്ചോ. ഇനി എല്ലാം അവള്‍ നോക്കിനടത്തട്ടെ. എനിക്കിനി ഓടിനടന്ന് എല്ലാം ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല.” ആ വാക്കുകളില്‍ എവിടെയൊക്കെയോ ഉള്ള വേദന അവന്റെ കാതില്‍ നിറഞ്ഞു. തിരിഞ്ഞുനിന്ന് അവന്‍ ഉമ്മയുടെ കട്ടിലിന്റെ ഓരത്ത് ഇരുന്നു.
അവനെന്തോ പന്തികേട് തോന്നി: ”എന്തു പറ്റി ഉമ്മാ? എന്താണേലും ഉമ്മ പറയൂ…” അവന്റെ നിര്‍ബന്ധത്തിനു മുന്നില്‍ ആ മാതൃഹൃദയം തേങ്ങി.
ഉമ്മ അന്നു കാലത്ത് വീട്ടില്‍ സുബൈദയുമായുണ്ടായ കലഹത്തെക്കുറിച്ച് ഓര്‍ത്തുവെങ്കിലും ഒന്നും പറയാതെ മൊയ്തുവിന്റെ നെഞ്ചില്‍ തല ചേര്‍ത്തു ചാരിയിരുന്നു. അല്‍പ്പനേരം ആ ഇരുപ്പിരുന്ന ശേഷം അവര്‍ അവനെ ആശ്വസിപ്പിച്ചു:’
”ഒന്നുല്ല്യ. ഉമ്മാന്റുട്ടി പോയി കുളിച്ച് വല്ലോം കഴിച്ച് ഉറങ്ങിക്കോ.” അതും പറഞ്ഞു ആമി തിരിഞ്ഞുകിടന്നു.
അവന്‍ നേരെ മുറിക്ക് പുറത്തു കടന്നു. മുഖം വീര്‍പ്പിച്ചിരിക്കുന്ന സുബൈദയുടെ അരികിലെത്തി. പെട്ടെന്നുള്ള അവളുടെ പ്രതികരണത്തില്‍ മൊയ്തു തരിച്ചുനിന്നു. പടച്ചവനേ! എന്തൊക്കെയാണ് ജീവിതത്തില്‍ സംഭവിക്കുന്നത്! മൊയ്തുവിന്റെ തലയ്ക്കകത്ത് പെരുപ്പനുഭവപ്പെട്ടു. തന്റെ പാതിയായിരിക്കുന്നവള്‍ക്ക് തന്റെ പ്രാണനായ ഉമ്മയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതില്‍, അതിലുപരി തന്റെ സ്‌നേഹം പകുത്തുപോകുന്നതിലെ വേവലാതിയാണ് അവള്‍ക്കെന്ന തിരിച്ചറിവില്‍ അസ്വസ്ഥമായ മനസ്സോടെ മൊയ്തു തൊടിയിലേക്കിറങ്ങിനടന്നു.
ഒന്നുരണ്ടാഴ്ച മൊയ്തുവിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒരു ദിനേശ് ബീഡി ചുണ്ടില്‍ തിരുകി പോക്കറ്റില്‍ തീപ്പെട്ടിക്കു വേണ്ടി പരതുന്നതിനിടെ കുഞ്ഞാലിക്ക കവലയില്‍ നിര്‍ത്തിയ ബസ്സിലേക്ക് ഒന്നു പാളിനോക്കി. മുറുക്കാന്‍ കടക്കാരനോട്് യാത്ര പറഞ്ഞു തിരിഞ്ഞതും ബസ്സിനുള്ളില്‍ നിന്ന് ഇറങ്ങി നടന്നുവരുന്ന ആളെ കുഞ്ഞാലിക്ക ഒന്നുകൂടി നോക്കി. അത് നമ്മുടെ മൊയ്തുവല്ലേ?
”മോനേ മൊയ്തൂ… നീ എവിടെയായിരുന്നു? ഇത്രയും ദിവസം നിന്റെ ഒരു വിവരവുമില്ലാഞ്ഞിട്ട്…” കുഞ്ഞാലിക്ക വാക്കുകള്‍ പാതിവഴിയില്‍ നിര്‍ത്തി.
”ജീവിതത്തില്‍ ആദ്യായ്ട്ടാ ഞാനെന്റെ ഉമ്മാനെ പിരിഞ്ഞിരിക്കണത്. എന്തോ മനസ്സിന് വല്ലാത്ത ഒരസ്വസ്ഥത. എല്ലാം ഒന്നു ശാന്തമായിട്ട് വരാം എന്നു കരുതി. കുഞ്ഞാലിക്കാ, ഉമ്മാക്ക് സുഖം തന്നെയല്ലേ?”
”മൊയ്തു വേഗം വീട്ടിലേക്കു ചെല്ല്. ഞാനും വരാം”- കുഞ്ഞാലിക്ക മൊയ്തുവിനൊപ്പം കിഴക്കേപറമ്പിലേക്ക് നടന്നു. അയല്‍പക്കുള്ളവരും പരിചയക്കാരും വളരെ വിഷാദമായ മുഖത്തോടെ മൊയ്തുവിനു സലാം ചൊല്ലി.
”എന്നാലും ഇടയ്ക്ക് കുഞ്ഞാലി മുസ്‌ല്യാരുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ഉമ്മയുടെ വിവരമെങ്കിലും തിരക്കാമായിരുന്നില്ലേ മൊയ്തൂ?” തെക്കേലെ വറീതു മാപ്പിള ചോദിച്ചപ്പോള്‍ മൊയ്തുവിന്റെ കരള്‍ പിടഞ്ഞു. റബ്ബേ… ഉമ്മാക്ക്… അവന്‍ കുഞ്ഞാലിക്കയെ നോക്കി.
അയാള്‍ മൊയ്തുവിന്റെ തോളില്‍ കൈവച്ചു: ”ഉമ്മ പോയി മൊയ്തൂ… അന്റെ ഉപ്പാന്റടുത്തേക്ക്… മരിക്കുന്നതിനു തൊട്ടുമുമ്പും ആമി അന്നെ ചോദിച്ചിരുന്നു. കണ്ണുനിറഞ്ഞു ചുറ്റുമുള്ളതൊന്നും മൊയ്തുവിനു കാണാന്‍ കഴിഞ്ഞില്ല. ഇരുട്ട്… ഇരുട്ട് മാത്രം.
പള്ളിക്കാട്ടിലെ ആറടി മണ്ണില്‍ തന്റെ ഉമ്മ… ആ ഖബറിനരികിലായി ആരോ നട്ട മൈലാഞ്ചിച്ചെടി. ഒരു നേര്‍ത്ത കാറ്റില്‍ അതിളകി. തന്റെ എല്ലാമെല്ലാമായ ഉമ്മ മാടിവിളിക്കുന്നതുപോലെ അവനു തോന്നി. സലാം ചൊല്ലി ഖബറിനരികില്‍ അവനിരുന്നു. തന്റെ മുടിയിഴകളെ തഴുകി കടന്നുപോകുന്ന കാറ്റില്‍ ഉമ്മയുടെ ഗന്ധം അവന്‍ തിരിച്ചറിഞ്ഞു. ”ഉമ്മാ… ഉമ്മാന്റെ ഖല്‍ബ്…” രണ്ടു തുള്ളി കണ്ണുനീര്‍ ആ മൈലാഞ്ചിച്ചെടിയിലേക്ക് ഇറ്റിവീണു.

Read more on:
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക