|    Jun 25 Mon, 2018 9:35 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഓര്‍ഗനൈസര്‍ മാപ്പു പറയണം

Published : 28th November 2015 | Posted By: SMR

ഉമ്മന്‍ചാണ്ടി 

‘ദൈവത്തിന്റെ നാട്’ എന്നറിയപ്പെടുന്ന കേരളത്തെ, ‘ദൈവമില്ലാത്ത നാട്’ എന്ന തലക്കെട്ടോടുകൂടി വര്‍ഗീയതയും വിദ്വേഷവും അടിമുടി നിറഞ്ഞുനില്‍ക്കുന്ന ലേഖനത്തിലൂടെ അവഹേളിക്കാന്‍ ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ (നവംബറിലെ ദീപാവലി പ്രത്യേക പതിപ്പ്) ശ്രമിച്ചത് അത്യന്തം അപലപനീയമാണ്. ചരിത്രവും വസ്തുതകളും വളച്ചൊടിച്ചും മറച്ചുവച്ചും കേരളത്തിന്റെ സ്വത്വത്തിന്മേലുള്ള കടന്നുകയറ്റം കേരളത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. വര്‍ഗീയത കുത്തിവയ്ക്കുക മാത്രമാണ് ഇതിന്റെ ഏക ലക്ഷ്യം. കേരളം ഒന്നടങ്കം ഒറ്റക്കെട്ടായി ഇതിനെതിരേ രംഗത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും അതിന്റെ ബഹുസ്വരതയാണ്. അത് ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നതിനിടയില്‍ അതു കേരളത്തിലേക്കും നീളുന്നുവെന്നതിന്റെ സൂചനയാണിത്. രാഷ്ട്രപതി നാലു തവണയാണ് വിഭാഗീയ രാഷ്ട്രീയത്തിനെതിരേ ശക്തമായ മുന്നറിയിപ്പു മുഴക്കിയത്. വിദേശ രാജ്യങ്ങളില്‍ സ്ഥിരം സന്ദര്‍ശകനായ പ്രധാനമന്ത്രിയെ അവിടെയൊക്കെ പ്രതിഷേധവും ചോദ്യങ്ങളുമായി ജനങ്ങളും മാധ്യമങ്ങളും നേരിടുന്നു. പ്രധാനമന്ത്രി ഇവിടെ കത്തുന്ന കനലുകള്‍ കാണണം. അത് മറ്റിടങ്ങളിലേക്ക് ആസൂത്രിതമായി വ്യാപിപ്പിക്കുന്നതു ശ്രദ്ധിക്കണം.
‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’യെന്നും ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെ’ന്നും ഉദ്‌ഘോഷിച്ച് സംസ്ഥാനത്തെ നവോത്ഥാനത്തിലേക്കു നയിച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണ് കേരളം. ഒന്നേകാല്‍ നൂറ്റാണ്ടായി കേരളം ഈ മഹദ്വചനങ്ങളെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നു. ശ്രീനാരായണഗുരുവിന്റെ നിത്യചൈതന്യം പുതുതലമുറയില്‍ എത്തിക്കാന്‍ അവ പാഠ്യപദ്ധതിയില്‍ വരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏഴാം നൂറ്റാണ്ടില്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ എന്ന ഹിന്ദു രാജാവാണ് മുസ്‌ലിംപള്ളി പണിയാനായി സ്ഥലം വിട്ടുനല്‍കിയത്. ചേരമാന്‍ ജുമാമസ്ജിദാണ് ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ പള്ളി. ലോകത്തെമ്പാടും യഹൂദരെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ജോസഫ് റബ്ബാന്‍ എന്ന യൂദപ്രമാണിക്ക് കൊടുങ്ങല്ലൂരിലെ ഭാസ്‌കര രവിവര്‍മ രാജാവ് ആചന്ദ്രതാരം പ്രത്യേകാവകാശങ്ങള്‍ നല്‍കി അവര്‍ക്ക് അഭയം നല്‍കിയ നാടാണ് കേരളം. ഇതൊക്കെയാണ് കേരളത്തിന്റെ പൈതൃകം.
കോപ്പര്‍നിക്കസിനും 1000 വര്‍ഷം മുമ്പേ ഭൂമി ഉരുണ്ടതാണെന്നു കണ്ടെത്തിയ പൗരാണിക കാലഘട്ടത്തിലെ പ്രഗല്ഭനായ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ കൊടുങ്ങല്ലൂരുകാരന്‍ ആര്യഭടന്‍, 32ാം വയസ്സില്‍ ഒരു കൊടുങ്കാറ്റു പോലെ കടന്നുപോയ രാജ്യം കണ്ട ഏറ്റവും മഹാനായ ദാര്‍ശനികന്‍ കാലടിയില്‍ ജനിച്ച ആദിശങ്കരന്‍ തുടങ്ങിയവര്‍ പകര്‍ന്നുതന്ന ശാസ്ത്രബോധവും യുക്തിബോധവുമാണ് മലയാളിയെ നൂറ്റാണ്ടുകളായി വഴിനടത്തിയിട്ടുള്ളത്. കേരളത്തില്‍ വിഷം ചീറ്റാന്‍ ശ്രമിക്കുന്നവര്‍ ഈ നാടിന്റെ ചരിത്രം കൂടി അറിയണം. ഈ നാട് ജന്മം നല്‍കിയ മഹാരഥന്മാരെ അറിയണം. ഈ നാടിന്റെ ആദര്‍ശബിംബങ്ങളെ അറിയണം.
1992ല്‍ ബാബരി മസ്ജിദ് തകര്‍ന്നുവീണപ്പോള്‍ അതിന്റെ പേരില്‍ കേരളത്തില്‍ ഒരില പോലും അനങ്ങരുതെന്നു ശാസനം നല്‍കിയ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ഈ നാടിനു മറക്കാന്‍ കഴിയില്ല. ഇന്ത്യയുടെ പല ഭാഗങ്ങളിലും അന്നു പ്രശ്‌നങ്ങളുണ്ടായെങ്കിലും കേരളം അതിന് അപവാദമായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമായി മാത്രമേ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുള്ളൂ. പക്ഷേ, അതൊരിക്കലും കാട്ടുതീ പോലെ പടര്‍ന്നിട്ടില്ല. കേരളത്തിന്റെ സ്വന്തം മനസ്സാക്ഷിയില്‍ നിന്ന് ഒരുള്‍വിളി ഉയരും. ഉടനെ കെട്ടടങ്ങുകയും ചെയ്യും.
കേരളത്തെക്കുറിച്ച് ഒരുപാട് തെറ്റായ വസ്തുതകള്‍ അവതരിപ്പിച്ചത് ശരിയായ വസ്തുതകളെ തമസ്‌കരിക്കാനല്ലേ എന്നു സംശയിക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും ആയുര്‍ദൈര്‍ഘ്യത്തിലും ആണ്‍-പെണ്‍ അനുപാതത്തിലുമൊക്കെ യൂറോപ്പിനോട് കിടപിടിക്കുന്ന സംസ്ഥാനമാണ് കേരളം. പെണ്‍കുട്ടികള്‍ കൂടുതലുള്ളത് കേരളം ഭ്രൂണഹത്യക്കെതിരായതുകൊണ്ടാണ്. ക്രമസമാധാനരംഗത്ത് മുന്‍നിരയിലാണ് നമ്മുടെ സംസ്ഥാനം. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള നാടാണിത്. ഇവയെല്ലാം കൂടി ചേര്‍ന്നപ്പോഴാണ് ടൂറിസ്റ്റുകളുടെ പറുദീസയായ കേരളം, ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കപ്പെട്ടത്.
നാലര പതിറ്റാണ്ടിനു മുമ്പ് ഭൂപരിഷ്‌കരണം നടപ്പാക്കിയ നാടാണിത്. കുടുംബശ്രീ പോലുള്ള സ്ത്രീശാക്തീകരണ പ്രസ്ഥാനം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇവയെയൊക്കെ തമസ്‌കരിച്ചുകൊണ്ടാണ് കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങളുടെയും മദ്യോപയോഗത്തിന്റെയും പേരില്‍ ദൈവമില്ലാത്ത വഷളന്മാരുടെ നാടായി കേരളത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ മാത്രം നടക്കുന്ന അതിക്രമങ്ങളുടെയെല്ലാം ഒരറ്റത്ത് ബിജെപി-ആര്‍എസ്എസും മറ്റൊരറ്റത്ത് സിപിഎമ്മുമാണെന്ന് എല്ലാവര്‍ക്കുമറിയാം. യുഡിഎഫ് സര്‍ക്കാര്‍ അക്രമികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചതുമൂലം കണ്ണൂര്‍ ഇപ്പോള്‍ പൊതുവേ ശാന്തമാണ്.
മദ്യപാനവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ 730 ബാറുകള്‍ അടച്ചുപൂട്ടിയത്. ബിവറേജസ് കോര്‍പറേഷന്റെ മദ്യഷാപ്പുകള്‍ 10 ശതമാനം വച്ച് പ്രതിവര്‍ഷം പൂട്ടി 10 വര്‍ഷം കൊണ്ട് മദ്യനിരോധനം നടപ്പാക്കുകയും ചെയ്യുന്നു. മറ്റൊരു സംസ്ഥാനവും മദ്യത്തിനെതിരേ ഇത്രയും ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കേരളം ഗോമാംസം പോലുള്ള വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നത്. അത് ആവശ്യമുള്ളവര്‍ ഉപയോഗിക്കുകയും ആവശ്യമില്ലാത്തവര്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇത്തരം സംസ്‌കൃതികളെ വിഭാഗീയതയുടെ ആയുധമാക്കി മാറ്റുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തും ആയുധമാക്കുന്ന കാലമാണിത്. ഗോമാംസം വരെ ആയുധമായി ഉപയോഗിച്ചിട്ടും ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി ബിജെപിയുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി സമുദായങ്ങള്‍ സഹകരിച്ചും സഹിഷ്ണുതയോടുകൂടിയും വാഴുന്ന സ്ഥലമാണ് കേരളം. ഈ നാടിന്റെ സംസ്‌കൃതിയില്‍ ഇഴുകിച്ചേര്‍ന്നവരാണവര്‍. സ്വാതന്ത്ര്യത്തിനു വേണ്ടിയും പിന്നീട് രാഷ്ട്രനിര്‍മിതിക്കു വേണ്ടിയും അവരുടെ രക്തവും വിയര്‍പ്പും പൊടിഞ്ഞിട്ടുണ്ട്. എരുമേലിയില്‍ പേട്ടതുള്ളി വാവരെ തൊഴുത ശേഷമാണ് കാനനവാസന്റെ അടുത്തേക്ക് അയ്യപ്പഭക്തര്‍ നീങ്ങുന്നത്. ആരാധനാലയങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ നാടൊട്ടുക്കാണ് പങ്കെടുക്കുന്നത്. കേരളത്തെ നയിച്ച മഹാരഥന്മാര്‍ അങ്ങനെയൊരു പാഠമാണ് മലയാളികളെ പഠിപ്പിച്ചിട്ടുള്ളത്.
കേരളത്തിന്റെ ഉന്നതമായ ജനാധിപത്യ-മതേതരത്വ-ചരിത്രബോധമാണ് സങ്കുചിത ചിന്താഗതിക്കാരായ ബിജെപി പരിവാരങ്ങളെ ഇവിടെനിന്ന് അകറ്റിനിര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍ കാലുറപ്പിക്കാന്‍ എത്ര കാലമായി അവര്‍ ശ്രമിക്കുന്നു. വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ കേരളം ചെറുത്തുതോല്‍പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, സമീപകാലത്ത് വളഞ്ഞ വഴിയിലൂടെ കേരളത്തില്‍ കാലുറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മലയാളികളുടെ പ്രകാശഗോപുരമായി നില്‍ക്കുന്ന മൂല്യങ്ങളെയും ആദര്‍ശങ്ങളെയും ഹൈജാക്ക് ചെയ്യാനാണ് അവരുടെ ശ്രമം. കേരളം സംഘപരിവാരത്തിനു മുന്നില്‍ കീഴടങ്ങുന്ന പ്രശ്‌നമില്ല. $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss