|    Nov 16 Fri, 2018 6:31 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഉമ്മന്‍ചാണ്ടിക്ക് പഠിക്കുകയാണോ പിണറായി ?

Published : 15th November 2017 | Posted By: fsq

 

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ അമരക്കാരനായിരുന്ന ഉമ്മന്‍ചാണ്ടി ഏറെ ജനകീയനായിരുന്നു. വളരെയധികം കാര്യശേഷിയുള്ള ഭരണാധികാരിയായിരുന്നു; കര്‍മകുശലനും കഠിനാധ്വാനിയുമായിരുന്നു. എന്നിട്ടും തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തകര്‍ച്ചയ്ക്കു കാരണക്കാരനായവരില്‍ ഒന്നാംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയാണ്. അഴിമതിക്കാരെന്ന് നാട്ടുകാരും സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായ വി എം സുധീരനുമെല്ലാം വിധിയെഴുതിയ കുറേ പേരെ മല്‍സരിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ പിടിവാശിയാണ് മുന്നണിയുടെ പ്രതിച്ഛായ മുച്ചൂടും തകര്‍ത്തുകളഞ്ഞത്. അവരില്ലെങ്കില്‍ താനുമില്ലെന്ന് ഉമ്മന്‍ചാണ്ടി ശഠിച്ചു. ഈ ജഗജാല തിരുമാലികളെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി വാശിപിടിച്ചതു മുതല്‍ മൂര്‍ച്ഛിച്ചു യുഡിഎഫിന്റെ ദൗര്‍ഭാഗ്യം. സ്വന്തം മുന്നണിയുടെ നിലനില്‍പ്പിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയായിരുന്നു അദ്ദേഹം. അതോടെ ജനങ്ങളും പ്രസ്തുത മുന്നണിക്കു നേരെ പടിവാതില്‍ കൊട്ടിയടച്ചു. പിടിവാശികൊണ്ട് കുലം മുടിക്കുന്ന ചില തറവാട്ടുകാരണവന്‍മാരുടെ പാരമ്പര്യം കേരളീയ സമൂഹത്തിലുണ്ട്. അങ്ങനെയൊരു തറവാട്ടുകാരണവരായിരുന്നു ഉമ്മന്‍ചാണ്ടി. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയാവാനാണോ ശ്രമിക്കുന്നത്? ഉമ്മന്‍ചാണ്ടി നടന്ന അതേ വഴിയിലൂടെയാണ് പിണറായിയുടെയും സഞ്ചാരം. നാട്ടുകാരുടെ കാര്യമിരിക്കട്ടെ, അഴിമതിയുടെ ആശാനാണ് എന്‍സിപി മന്ത്രി തോമസ് ചാണ്ടിയെന്ന് ഉറപ്പില്ലാത്ത ആരും സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫിലും ഇല്ല. തോമസ് ചാണ്ടിയുടെ സ്ഥാപനം നടത്തിയ കൈയേറ്റങ്ങളെപ്പറ്റി ആലപ്പുഴ ജില്ലാ കലക്ടര്‍ തന്റെ റിപോര്‍ട്ടില്‍ മണിമണിയായി എഴുതിവച്ചിരിക്കുന്നു. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ വച്ചുകൊണ്ടിരിക്കാന്‍ പറ്റില്ലെന്ന് ഘടകകക്ഷിയായ സിപിഐ ഉറപ്പിച്ചുപറയുന്നു. സിപിഎം വിരല്‍ വച്ചിടത്തെല്ലാം ഒപ്പുവച്ചുപോരുന്ന സിപിഐയാണ് രണ്ടും കല്‍പിച്ച് ഇങ്ങനെ പറയുന്നതെന്നോര്‍ക്കണം. പോരാത്തതിന് വി എസ് അച്യുതാനന്ദനും തോമസ് ചാണ്ടിക്കെതിരാണ്. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹത്തെ രക്ഷിക്കാനും മന്ത്രിസഭയില്‍ നിലനിര്‍ത്താനും പിണറായി വിജയന്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ രഹസ്യമെന്താണ്? ഉമ്മന്‍ചാണ്ടിക്ക് പഠിക്കുകയാണോ സഖാവ് പിണറായി? കുലം മുടിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ കാരണവരാണോ അദ്ദേഹം? കൈയേറ്റക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന പാരമ്പര്യത്തിലേക്ക് കേരളത്തിലെ സിപിഎമ്മും അതിനു നേതൃത്വം നല്‍കുന്ന പിണറായിയും പൂര്‍ണമായും എത്തിക്കഴിഞ്ഞുവോ എന്ന് ആലോചിക്കണം. ബംഗാളില്‍ പാര്‍ട്ടി തകര്‍ന്നു തരിപ്പണമാവാന്‍ കാരണമായത് ഇതേപോലെ ഒരു മുഖ്യമന്ത്രിയാണ്. കേരളത്തില്‍ ഒരു ബുദ്ധദേവ് ആവശ്യമുണ്ടോ എന്ന് ആലോചിക്കേണ്ടത് ചുവന്ന മണ്ണും ചുവന്ന വിണ്ണും സ്വപ്‌നം കാണുന്ന പാര്‍ട്ടിക്കാരാണ്. പുരനിറഞ്ഞുനില്‍ക്കുന്ന നേതാവിനെ പുറത്തേക്കയക്കാന്‍ ആര്‍ജവം കാണിക്കേണ്ടത് അവരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss