|    Mar 18 Sun, 2018 3:19 pm
FLASH NEWS

ഉമ്പിച്ചി ഹാജിയുടെ ഓര്‍മകളില്‍ 13 ന് ചാലിയത്ത് മഹാസംഗമം

Published : 3rd August 2017 | Posted By: fsq

 

ചാലിയം: വിദ്യാഭ്യാസം മതപഠനം മാത്രമെന്നും ഭൗതിക വിദ്യാഭ്യാസം പരമാവധി നിരുല്‍സാഹപ്പെടുത്തണമെന്നും ഗണിക്കപ്പെട്ട കാലത്ത് എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യമായൊരു വിദ്യാലയം പടുത്തുയര്‍ത്തിയ പി ബി ഉമ്പിച്ചി ഹാജിയുടെ ഓര്‍മ്മകള്‍ അയവിറക്കി 13 ന് മഹാ സംഗമം. മതേതര കലാലയം പടുത്തുയര്‍ത്തുക മാത്രമല്ല, അതിന്റെ നടത്തിപ്പിനായി ഒട്ടേറെ സ്വത്തുവകകള്‍ വഖഫ് ചെയ്യാന്‍ കൂടി സന്നദ്ധനായ ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം.ദാരിദ്ര്യത്തില്‍ നിന്നും മോചന പ്രതീക്ഷയുമായി 1860 കളുടെ തുടക്കത്തില്‍ അദ്ദേഹം മദിരാശിയിലും തുടര്‍ന്ന് ശ്രീലങ്കന്‍ (പഴയ സിലോണ്‍ ) തലസ്ഥാനമായ കൊളംബോയിലും എത്തിച്ചേര്‍ന്നു.കേരളത്തില്‍ ആദ്യമായി തീവണ്ടിയോടിയത് 1861 ല്‍ ചാലിയത്ത് നിന്ന് തിരൂരിലേക്കായിരുന്നു. തുടര്‍ന്ന് മദിരാശിയിലേക്ക് വണ്ടിയോട്ടം തുടങ്ങിയപ്പോള്‍ കൗമാരക്കാരന്റെ സാഹസികതയാകണം അദ്ദേഹത്തെ മാറ്റി മറിച്ചത്.ഉണക്കമീന്‍ മാര്‍ക്കറ്റില്‍ തൊഴിലാളിയായും പിന്നീട് കച്ചവടക്കാരനായും മാറി. കൊളംബോ കേന്ദ്രമാക്കി സമുദ്രോത്പന്ന വ്യാപാരത്തിലുംഷിപ്പിങ് ട്രേഡിംഗിലും വെന്നിക്കൊടി പാറിച്ചു. ഒന്നാംലോകയുദ്ധത്തില്‍ ബ്രിട്ടനെ സാമ്പത്തികമായി സഹായിച്ചതിന്—മരണാനന്തരം മൗനമാചരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് ആദരിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദരിദ്രമായിരുന്ന സൗദി അറേബ്യക്ക് രാജാവിന്റെ അഭ്യര്‍ത്ഥന പ്രകാരം വര്‍ഷാവര്‍ഷം വന്‍തുക അദ്ദേഹം നല്‍കിപ്പോന്നിരുന്നു. എണ്ണമറ്റ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമല്ല രാജ്യങ്ങള്‍ക്കും അദ്ദേഹം നിര്‍ലോഭം സഹായിച്ചു എന്നത് ഏറെ കൗതുകം ജനിപ്പിക്കുന്ന ചരിത്രമാണ്. തര്‍ക്കങ്ങളിലെ മധ്യസ്ഥനായിരുന്ന ഹാജിക്ക് സിലോണിലെ ബ്രിട്ടീഷ് സര്‍ക്കാര്‍ ജസ്റ്റീസ് ഓഫ് പീസ് ബഹുമതി നല്‍കിയാണ് ആദരിച്ചത്. ജന്മനാടായ ചാലിയത്ത് ഒരു നൂറ്റാണ്ട് മുമ്പ് തുടങ്ങിയ മദ്രസയാണ് പിന്നീട് ഉമ്പിച്ച ഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളായി വളര്‍ന്നത്. സ്‌കൂള്‍, സെക്കണ്ടറി തലത്തില്‍ തന്നെ ഏഴ് പതിറ്റാണ്ട് പിന്നിട്ടു.മലബാറിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരങ്ങള്‍ ഈ സ്‌കൂളിന്റെ സന്തതികളായുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് പോയ കാലത്തിന്റെ സുവര്‍ണ്ണനിമിഷങ്ങള്‍ അയവിറക്കാനും ഉദാരമതിയും ദീര്‍ഘദൃഷ്ടിയോടെ പിന്നാക്ക മേഖലയിലെ വിദ്യാഭ്യാസ വിസ്‌ഫോടനത്തിന് ഹേതുവാകുകയും ചെയ്ത പുത്തന്‍വീട്ടില്‍ ഉമ്പിച്ചി ഹാജിയുടെ ഓര്‍മ്മകള്‍ക്ക് ആദരമര്‍പ്പിക്കാനുമായി തലമുറകളുടെ സംഗമത്തിനാണ് 13ന് സ്‌കൂള്‍  അങ്കണം വേദിയാകുന്നത്. ആദ്യ ബാച്ചുകാര്‍ മുതല്‍ കഴിഞ്ഞ വര്‍ഷക്കാര്‍ വരെ മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികള്‍ക്കും കുടുംബസമേതം സംഗമത്തിനെത്താം. ഭക്ഷണമടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ളത്‌കൊണ്ട് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍ ആയോ 98 95 68 01 90 നമ്പറില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാം. ബാച്ച് തലസംഗമങ്ങള്‍, ആദരിക്കല്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയുണ്ടാകും.സംഗമം പന്തലിനുള്ള കാല്‍നാട്ട് കര്‍മം പൂര്‍വ വിദ്യാര്‍ഥിയും മുന്‍ പ്രധാനാധ്യാപകനുമായ എ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആദ്യകാല അധ്യാപകരടക്കമുള്ളവര്‍ ചടങ്ങിനെത്തിച്ചേര്‍ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss