|    Jan 23 Mon, 2017 6:12 pm
FLASH NEWS

ഉമ്പര്‍ട്ടോ എക്കോയുടെ രണ്ടു ലോകങ്ങള്‍

Published : 29th February 2016 | Posted By: swapna en

അയാന്‍ മുഹമ്മദ്

സമകാലീന ലോകം ഒരു പുതിയ മധ്യകാലഘട്ടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അധികാരകേന്ദ്രം ശിഥിലമാവുകയും ചെറിയ സമൂഹങ്ങള്‍ അതിജീവിക്കുകയും ചെയ്യും
-ഉമ്പര്‍ട്ടോ എക്കോ

ubarto
കഴിഞ്ഞ ദിവസം അന്തരിച്ച ഉമ്പര്‍ട്ടോ എക്കോ ഇറ്റാലിയന്‍ നോവലിസ്റ്റും സാഹിത്യകാരനും ലോകത്തിലെ ഏറ്റവും വലിയ സംജ്ഞാമീമാംസകരില്‍ ഒരാളുമായിരുന്നു. മനുഷ്യജീവിതത്തില്‍ ചിഹ്നങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ദാര്‍ശനിക ചിന്തകളാണ് അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകള്‍.
ഇറ്റലിയിലെ അലക്‌സാന്‍ഡ്രിയ എന്ന സ്ഥലത്ത് 1932 ജനുവരി അഞ്ചിന് ഒരിടത്തരം കുടുംബത്തില്‍ ജനിച്ചു. ആദ്യകാലത്ത് കാത്തലിക് യുവജനസംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പരമ്പരാഗത മതവിശ്വാസങ്ങളെ ചോദ്യംചെയ്തതോടെ അതില്‍നിന്നു പുറത്തുപോരേണ്ടി വന്നു. ടൂറിന്‍ സര്‍വകലാശാലയില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയതിനു ശേഷം ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉടമയിലുള്ള റായ് എന്ന റേഡിയോ-ടിവി നെറ്റ്‌വര്‍ക്കിങ് സാങ്കേതിക വിഭാഗത്തില്‍ എഡിറ്ററായി. എന്നാലവിടെ അധികനാള്‍ നിന്നില്ല.
ടൂറിനിലും ഫ്‌ളോറന്‍സിലും മിയാനിലും വളരെ വര്‍ഷങ്ങള്‍ അധ്യാപകജീവിതം നയിച്ച എക്കോ 1971ല്‍ ബൊളോഗ്നോ യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായി. സൗന്ദര്യശാസ്ത്രപരമായ ഗവേഷണത്തില്‍ വ്യാപൃതനായ അദ്ദേഹത്തിന്റെ ‘ദ ഓപണ്‍ വര്‍ക്ക്’ (1976) എന്ന കൃതി ആധുനിക സംഗീതവും പ്രതിരൂപാത്മക കവിതയും സാഹിത്യത്തിലെ സോദ്ദേശ്യ ക്രമരാഹിത്യവുമെല്ലാം അടിസ്ഥാനപരമായി സന്ദേഹമാണ് ഉണര്‍ത്തുന്നതെന്നും അനുവാചകര്‍ക്ക് ഏറെ വ്യാഖ്യാന സാധ്യത നല്‍കുന്നുവെന്നും സിദ്ധാന്തിക്കുന്നു. ‘സിമിയോടിക്‌സ് ആന്റ് ഫിലോസഫി ഓഫ് ലാംഗ്വേജ്’ (1984), ‘എ തിയറി ഓഫ് സിമിയോടിക്‌സ്’ (1976), ‘ലിമിറ്റ് ഓഫ് ഇന്റര്‍പ്രറ്റേഷന്‍’ (1991) എന്നിവ ഈ വിഷയത്തില്‍ എക്കോയുടെ പ്രശസ്ത കൃതികളാണ്.
പതിനാലാം നൂറ്റാണ്ടിലെ ഒരു സന്ന്യാസിമഠത്തില്‍ നടക്കുന്ന കൊലപാതകപരമ്പരകള്‍ ആഖ്യാനം ചെയ്യുന്ന ‘ദ നെയിം ഓഫ് റോസ്’ (1980) എന്ന നോവല്‍ ഉമ്പര്‍ട്ടോ എക്കോയുടെ ഏറെ വാഴ്ത്തപ്പെട്ട സര്‍ഗാത്മക കൃതിയാണ്. മുപ്പതോളം ഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ നോവല്‍ സിനിമാരൂപം പ്രാപിച്ചപ്പോഴും അനേകം ആസ്വാദകരെ ആകര്‍ഷിച്ചു. ബെനഡിക്ടിന്‍ മഠത്തിലെ ഒരു കൊലപാതകത്തെ കുറിച്ചന്വേഷിക്കാന്‍ വരുന്ന അമ്പതുകാരനായ വില്യം ഓഫ് ബസ്‌കര്‍വില്ലേ ആണ് കേന്ദ്രകഥാപാത്രം. അന്വേഷണത്തിനിടയില്‍, വെളിപാടു പുസ്തകത്തില്‍ വിവരിക്കും മട്ടില്‍, ദുരന്തങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടാവുന്നു. എന്നാല്‍, ഒരു കുറ്റാന്വേഷണ നോവലിന്റെ കുപ്പായമിട്ട ഈ കൃതി ചരിത്രപരമായ വീക്ഷണങ്ങളും ദാര്‍ശനിക പരിപ്രേക്ഷ്യങ്ങളും കൊണ്ട് സമ്പന്നമാണ്. ടെക്‌സസ് യൂനിവേഴ്‌സിറ്റിയില്‍ ഈ നോവലിനെക്കുറിച്ച് മൂന്നു ദിവസം നീണ്ടുനിന്ന സെമിനാറാണ് നടന്നത്. ‘പോസ്റ്റ് സ്‌ക്രിപ്റ്റ് ടു ദ നെയിം ഓഫ് ദി റോസ്’ എന്ന അനുബന്ധകൃതിയും എക്കോ രചിച്ചിട്ടുണ്ട്.
എക്കോയുടെ ‘ദ ഡോഗ്‌സ് ബാര്‍ക്കിങ്‌സ്’ എന്ന കൃതി മധ്യകാലഘട്ടത്തിലെ ഒരു നായ എന്തിനാണ് കുരച്ചിരുന്നതെന്ന ചോദ്യത്തിന് രസകരമായി ഉത്തരം തേടുന്നു. എല്ലാത്തിനോടും നര്‍മബോധത്തോടെ പ്രതികരിക്കാനുള്ള എക്കോയുടെ കഴിവ് കൃതികളില്‍ കാണാം. ‘ഫൂക്കോസ് പെന്‍ഡുലം’ (1988) ആണ് എക്കോയുടെ മറ്റൊരു കൃതി. ഒരു പണ്ഡിതന്‍ എന്നതിനേക്കാള്‍ അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തത് നോവലുകളാണ്.
അഞ്ചു ഭാഷകള്‍ സുഗമമായി സംസാരിച്ചിരുന്ന, ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് സിമിയോടിക് സ്റ്റഡീസിന്റെ സെക്രട്ടറിയായിരുന്ന ഉമ്പര്‍ട്ടോ എക്കോയ്ക്ക് ഇറ്റലിയിലെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ പ്രീമിയോ സ്‌ട്രെഗാ ലഭിച്ചിട്ടുണ്ട്.
‘നമുക്കു ചുറ്റുമുള്ള ലോകത്തിന് അര്‍ഥം നല്‍കുന്നതെന്താണെന്നു മനസ്സിലാക്കാനാണ് എന്റെ ആത്യന്തിക ശ്രമം’- എക്കോ പറയുന്നു: നാളത്തെ മനുഷ്യന്‍ എന്‍ജിനീയറല്ല, ഹ്യൂമനിസ്റ്റായിരിക്കും.  എളുപ്പത്തില്‍ വായിച്ചുറങ്ങാവുന്ന പുസ്തകങ്ങളാണ് താനിഷ്ടപ്പെടുന്നതെന്നു പറയാറുള്ള ഉമ്പര്‍ട്ടോ എക്കോ കുറേ വര്‍ഷം മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് തന്റെ കൃതികള്‍ അത്രവേഗം മനസ്സിലാക്കാനാവില്ലെന്നാണ്. എന്നിട്ടും ആളുകള്‍ എന്തേ അത് ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:  സ്ത്രീയോട് അവളെന്തുകൊണ്ടാണ് പുരുഷന്മാരെ ആകര്‍ഷിക്കുന്നതെന്നു ചോദിക്കും പോലെയാണിത്.
തെറ്റായ വിശ്വാസങ്ങള്‍ എങ്ങനെയാണ് ചരിത്രത്തെ തിരുത്തിയെഴുതിയതെന്ന് പരിശോധിക്കുന്നവയാണ് എക്കോയുടെ കൃതികളെന്നു അയാന്‍ തോംസണ്‍ എന്ന ജീവചരിത്രകാരന്‍ അഭിപ്രായപ്പെടുന്നു. നിരന്തരം പുകവലിച്ചുകൊണ്ടിരുന്ന, തന്റെ വിദ്യാര്‍ഥികളോടൊപ്പം മദ്യശാലയില്‍ പാതിരാവരെ ഇരുന്നു സംസാരിക്കുമായിരുന്ന ഉമ്പര്‍ട്ടോ എക്കോ ജീവിതം തന്റേതായ രീതിയില്‍ ആസ്വദിക്കുകയും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യാഥാര്‍ഥ്യത്തിന്റെയും ഭാവനയുടെയും വ്യത്യസ്ത ലോകങ്ങളെ കൂട്ടിക്കൊളുത്താന്‍ ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ വിജയം.  ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 131 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക