|    Sep 23 Sat, 2017 7:24 am
FLASH NEWS
Home   >  News now   >  

ഉമൈര്‍: സത്യസന്ധതക്ക് അംഗീകാരം കിട്ടിയ ബാലന്‍

Published : 10th June 2017 | Posted By: G.A.G

ഉമൈര്‍ബ്‌നു സഅദ് അനാഥനായ ഒരു അന്‍സാരി ബാലനായിരുന്നു. മാതാവിന്റെ പുനര്‍ വിവാഹം വഴി ഉമൈര്‍ സമ്പന്നനായ ജൂലാസ്ബ്‌നു സുവൈദിന്റെ സംരക്ഷണത്തിലെത്തിച്ചേര്‍ന്നു. ചെറുപ്പത്തിലേ ഇസ്‌ലാമിലേക്കു പ്രവേശിക്കാന്‍ ഭാഗ്യം ലഭിച്ച ഉമൈര്‍ സല്‍സ്വഭാവിയും സത്യസന്ധനുമാവാതിരിക്കാന്‍ തരമില്ലല്ലോ.
ബാലനായ ഉമൈറിന്റെ സദ്ഗുണങ്ങള്‍ അവനെ വളര്‍ത്തു പിതാവായ ജൂലാസിന്റെ സ്‌നേഹവാസല്യങ്ങള്‍ക്ക് പാത്രമാക്കി. ജൂലാസിനോടൊപ്പവും അല്ലാതെയും ഉമൈര്‍ മസ്ജിദുന്നബവി (പ്രവാചകന്റെ പളളി) യില്‍ പോകാറുണ്ടായിരുന്നു. അതു വഴി  നബി തിരുമേനിയുമായും സഹാബി വര്യന്‍മാരുയും അടുത്തിടപഴകാന്‍ ബാലനായ ഉമൈറിന് സാധിച്ചു. ഈ സമ്പര്‍ക്കം ഉമൈറിന്റെ ഹൃദയത്തില്‍ ഈമാനും ഇസ്‌ലാമികാവേശവും പ്രതിബധതയും ഊട്ടിയുറപ്പിക്കാനിടയാക്കി.
് ഹിജ്‌റ ഒമ്പതാം വര്‍ഷം, തബൂക്ക് യുദ്ധത്തിനുളള ആഹ്വാനം പ്രഖ്യാപിച്ചു പ്രവാചകന്‍. ശക്തമായ ഉഷ്ണത്തിന്റെ കാഠിന്യം വകവെക്കാതെ വിശ്വാസികളൊന്നടങ്കം യുദ്ധ സന്നാഹങ്ങളില്‍ മുഴുകി. യുദ്ധ ഫണ്ടിലേക്ക് സംഭാവന ചെയ്യാനുളള നബിയുടെ ആഹ്വാനത്തിന് അഭൂതപൂര്‍വമായ പ്രതികരണമായിരുന്നു.

അബൂബക്കര്‍ സിദ്ധീഖ് വീട്ടിലുളളത് മുഴുവന്‍ പ്രവാചക സന്നിധിയിലെത്തിച്ചു. ഉമറുബുനുല്‍ ഖത്താബാകട്ടെ ആകെയുളളതിന്റെ പകുതി സമര്‍പ്പിച്ചു. സ്തീകള്‍ മാറിനിന്നില്ല. അവരില്‍ ഒട്ടു മിക്ക പേരും  തങ്ങളുടെ ആഭരണങ്ങള്‍ മുഴുവനും യുദ്ധ ഫണ്ടിലേക്ക്  നല്‍കി. യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ വീട്ടു സാധനങ്ങള്‍ വരെ വില്‍ക്കാനായി വെച്ചവരുണ്ടായിരുന്നു.
എന്നാല്‍ ഹൃദയത്തിലേക്ക് ഈമാന്‍ കടന്നു ചെല്ലാന്‍ ഭാഗ്യം ലഭിക്കാത്ത കപട വിശ്വാസികള്‍ മുന്‍ കാലങ്ങളിലെന്ന പോലെ ഈ സന്ദര്‍ഭത്തിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. വിശ്വാസികളുടെ ആത്മവിശ്വാസം കെടുത്താന്‍ റോമക്കാരുടെ ശക്തിയെ പൊലിപ്പിച്ചു കാട്ടികൊണ്ട് സംസാരിക്കുകയും അനവസരത്തില്‍ യുദ്ധത്തിനൊരുങ്ങിയെന്നു പറഞ്ഞു കൊണ്ടു പ്രവാചകനെ ആക്ഷേപിക്കലുമായിരുന്നു അവരുടെ ജോലി.
പ്രവാചകന്റെ  പളളിയിലേക്കുളള നിത്യ സന്ദര്‍ശനം ഇസ്‌ലാമിക സമൂഹത്തിലെ ത്യാഗോജ്ജലവും ആവേശദായകവുമായ രംഗങ്ങള്‍ക്ക് സാക്ഷിയാന്‍ ഉമൈറിന് ഭാഗ്യം നല്കി. സ്വന്തമായി വാഹനങ്ങളോ പടക്കോപ്പുകളോ ഇല്ലാത്ത തങ്ങളെക്കൂടി യുദ്ധത്തിനു കൊണ്ടു പോകണമെന്നഭ്യര്‍ത്ഥിച്ചു കൊണ്ടു ദരിദ്ര വിശ്വാസികള്‍ പ്രവാചകനെ സമീപിക്കുന്നത് ഉമൈര്‍ കണ്ടു.
തന്റെ നിസ്സഹയാവസ്ഥ പ്രവാചകന്‍ അവരെ ബോധ്യപ്പെടുത്തോള്‍ കരഞ്ഞു കൊണ്ട് മടങ്ങുന്ന അവരെ കണ്ട് ഉമൈറിന്റെ ബാല ഹൃദയം കോരിത്തരിച്ചു.
എന്നാല്‍ ആവേശദായകമായ ഈ രംഗങ്ങള്‍ കാണമ്പോഴും മറുവശത്ത്  ഉമൈറിന്റെ ഹൃദയം അസ്വസ്ഥമായിരുന്നു. തന്റെ വളര്‍ത്തു പിതാവായ ജൂലാസിന്റെ നിലപാടായിരുന്നു  കാരണം. യുദ്ധാഹ്വാനം ജൂലാസില്‍ യാതൊരു പ്രതികരണവും ഉണ്ടാക്കാത്തത് ഉമൈറിനെ അദ്ഭുതപ്പെടുത്തി. ഒരു ദിവസം ജൂലാസിനെ യുദ്ധത്തിനിറങ്ങാന്‍ പ്രേരപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഉമൈര്‍ താന്‍ പളളിയില്‍ കണ്ട യുദ്ധ സജ്ജീകരണങ്ങളും  സഹാബികള്‍ പ്രകടിപ്പിക്കുന്ന ത്യാഗ സന്നദ്ധതയുമെല്ലാം ജൂലാസിനെ കേള്‍പ്പിച്ചു.

ഉമൈറിന്റെ വിവരണം ജൂലാസില്‍ യാതൊരു ഭാവമാററവുമുണ്ടാക്കിയില്ല. വിശ്വാസം സ്വീകരിച്ച ശേഷം പിശാചിന്റെ കെണിയില്‍ പെട്ടുപോയ അദ്ദേഹത്തിന്റെ പ്രതികരണം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ജൂലാസ് പറഞ്ഞു’മുഹമ്മദ് പ്രവാചകനാണെന്ന വാദം ശരിയാണെങ്കില്‍ നമ്മളൊക്കെ കഴുതകളേക്കാള്‍ മോശമാണ്. ‘ജൂലാസിന്റെ മറുപടി കേട്ട് ഉമൈര്‍ സ്തബ്ധനായിപ്പോയി.
ഒരു വിശ്വാസിയുടെ നാവില്‍ നിന്നു ഒരിക്കലും വരാന്‍ പാടില്ലാത്ത; ഇസലാമിന്റെ ബദ്ധശത്രുക്കള്‍ മാത്രം പറയാന്‍ ധൈര്യപ്പെടുന്ന പ്രതികരണം; തന്റെ വളര്‍ത്തു പിതാവില്‍ നിന്നും വന്നിരിക്കുന്നു. താന്‍ എന്തു ചെയ്യണം.? ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആഭ്യന്തര ഭദ്രതക്ക് തുരങ്കം വെക്കുന്ന കപടന്‍മാരുടെ ഗണത്തില്‍ ജൂലാസ് പെട്ടു പോയിരിക്കുന്നു.
യുദ്ധമുഖത്ത് നില്‍ക്കുന്ന രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായ ജൂലാസിനെക്കുറിച്ച് പ്രവാചകനെ ധരിപ്പിക്കല്‍ തന്റെ കര്‍ത്തവ്യമാണ്. എന്നാല്‍ അത് തന്നെ പുത്ര സമാനം പരിപാലിക്കുന്ന വ്യക്തിയോടുളള നന്ദികേടുമാവും. ഒടുവില്‍ ഉമൈറിന്റെ ഈമാന്‍ മേല്‍ക്കൈ നേടി. വിവരം അല്ലാഹുവിന്റെ ദൂതരെ അറിയിക്കുവാന്‍ തന്നെ ഉമൈര്‍ തീരുമാനിച്ചു. ഉമൈര്‍ ജൂലാസിനോട് പറഞ്ഞു.’ഞാന്‍ താങ്കള്‍ പറഞ്ഞ വാക്യങ്ങള്‍ പ്രവാചകനെ അറിയിക്കാന്‍ പോവുകയാണ്. അതെന്റെ ബാധ്യതയാണ്. താങ്കള്‍ എനിക്ക് എത്ര പ്രിയപ്പെട്ടവനായാലും അല്ലാഹുവിന്റെ ദൂതനെ വഞ്ചിക്കാന്‍ എനിക്കാവില്ല. റസൂലിനോടു പറയാനുളള മറുപടി കണ്ടെത്തിക്കോളൂ’
ഉമൈര്‍ നേരെ പ്രവാചക സന്നിധിയില്‍ ചെന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്തു. നബി തിരുമേനി ഉമൈറിനെ അവിടെത്തന്നെ നിറുത്തി ജൂലാസിനെ ആളയച്ചുവരുത്തി. ജൂലാസ് എത്തിയപ്പോള്‍ ഉമൈര്‍ തന്നോടു പറഞ്ഞതു പ്രകാരം താങ്കള്‍ പറഞ്ഞിട്ടുണ്ടോ എന്നന്വേഷിച്ചു.
എന്നാല്‍ ഉമൈറിനെ ഞെട്ടിച്ചു കൊണ്ട് ജൂലാസ് സംഭവം തീര്‍ത്തും നിഷേധിച്ചു. ഉമൈര്‍ പച്ചക്കളളമാണ് പറയുന്നതെന്നും താന്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നും ജൂലാസ് തീര്‍ത്തു പറഞ്ഞു.
സഹാബികള്‍ ജൂലാസിനെയും ഉമൈറിനെയും മാറി മാറി നോക്കി കൊണ്ടിരുന്നു. രണ്ടു പേരെയും അനുകൂലിച്ചു കൊണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. ഉമൈര്‍ തന്റെ രക്ഷിതാവ് ചെയ്തു തന്ന സഹായങ്ങള്‍ക്ക് നന്ദികേട് കാണിച്ചിരിക്കുകയാണെന്നൊരു കൂട്ടര്‍ . അതല്ല ഉമൈര്‍ സത്യസന്ധനാണെന്നും ഇസ്‌ലാമില്‍ വളര്‍ന്നു വന്ന അവന്‍ നന്ദി കേട് പ്രവര്‍ത്തിക്കുകയില്ലെന്നും മറ്റൊരു കൂട്ടര്‍ .
പ്രവാചകന്‍ ഒന്നും പ്രതികരിക്കാതെ ഉമൈറിനെ നോക്കി.ആ ബാലന്റെ മുഖത്തു നിന്നും കണ്ണു നീര്‍ത്തുളളികള്‍ ധാര ധാരയായി ഒഴുന്നുണ്ടായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനുതകുന്ന തെളിവ് രഹസ്യവും പരസ്യവുമറിയുന്ന അല്ലാഹുവില്‍ നിന്നു പ്രവാചകന് ലഭിക്കണമേ എന്നവന്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ടായിരുന്നു.
ഈ സമയം ജൂലാസ് താന്‍ അല്ലാഹുവിനെ ആണയിട്ട് സത്യം ചെയ്യാന്‍ തയ്യാറാണന്നറിയിക്കുകയും അപ്രകാരം ചെയ്യുകയും ചെയ്തു.
അടുത്തത് ഉമൈറിന്റെ ഊഴമായിരുന്നു.അപ്പോഴേക്കതാ പ്രവാചകന് വഹയ് ലഭിക്കുന്നതിന്റെ ബാഹ്യ ലക്ഷണങ്ങള്‍ കാണുന്നു. ജൂലാസ് പേടിച്ചു വിറക്കാന്‍ തുടങ്ങി. ഏതാനും നിമിഷത്തെ മയക്കത്തിനു ശേഷം റസൂല്‍ ഉണര്‍ന്നു. തനിക്ക് ഇറങ്ങിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ തിരുമേനി സദസ്സിനെ കേള്‍പ്പിച്ചു.
‘തങ്ങള്‍ അപ്രകാരം  പറഞ്ഞിട്ടില്ലെന്ന് അവര്‍ അല്ലാഹുവിനെപിടിച്ച് സത്യം ചെയ്യുന്നു. അവിശ്വാസത്തിലെത്തിക്കുന്ന  വാക്ക് അവര്‍ പറഞ്ഞിട്ടുണ്ട്. ഇസലാം സ്വീകരിച്ച ശേഷം അവര്‍ അവിശ്വസിച്ചു. പശ്ചാത്തപിച്ചാല്‍ അവര്‍ക്ക് നല്ലത്.  വൈമുഖ്യം കാണിച്ചാല്‍ വേദനിപ്പിക്കുന്ന ശിക്ഷ അല്ലാഹു അവരെ ശിക്ഷിക്കും.’
വിശുദ്ധ ഖുര്‍ആന്‍ 9 സൂറത്തു തൗബ 74
ഈ വാക്യങ്ങള്‍ കേട്ടതോടെ സത്യം എല്ലാവര്‍ക്കും വ്യക്തമായി. ജൂലാസ് പശ്ചാത്തപിച്ചു മടങ്ങി.നബി തിരുമേനി ഉമൈറിനോടു പറഞ്ഞു ‘കുട്ടീ!നിന്റെ കാത് അതിന്റെ ധര്‍മ്മം നിര്‍വഹിച്ചു.നിന്റെ നാഥന്‍ നിന്നെ ശരി വെച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക