|    Dec 16 Sun, 2018 12:26 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉമര്‍ ഖാലിദിന് നേരെ വധശ്രമം

Published : 14th August 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിന് നേരെ വധശ്രമം. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നു കേവലം 200 മീറ്റര്‍ അകലെയാണു സംഭവം. തലസ്ഥാനത്തെ അതീവ സുരക്ഷാമേഖലയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന റഫി മാര്‍ഗിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുന്നിലാണ് തോക്കുമായി എത്തിയ അക്രമി ഉമര്‍ ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് സംഘടിപ്പിച്ച ഭയത്തില്‍ നിന്നു മോചനം എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഉമര്‍ ഇവിടെയെത്തിയത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു മുന്നിലുള്ള കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിച്ചുനില്‍ക്കെയായിരുന്നു അക്രമം.
മുഴുസമയവും പോലിസ്, സൈനിക സാന്നിധ്യമുള്ള റഫി മാര്‍ഗില്‍ പട്ടാപ്പകല്‍ തോക്കുമായി എത്തിയ അക്രമി ഓടിരക്ഷപ്പെടുകയും ചെയ്തു. ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് കനയ്യകുമാറിനൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാളാണ് ഉമര്‍ ഖാലിദ്. ഈ സംഭവത്തിനുശേഷം ഉമര്‍ ഖാലിദ് ഉള്‍പ്പെട്ട വിദ്യാര്‍ഥി നേതാക്കള്‍ക്ക് നേരെ വധഭീഷണികള്‍ ഉയര്‍ന്നിരുന്നു. തനിക്കു വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ ജൂണിലും ഉമര്‍ ഖാലിദ് പരാതിപ്പെട്ടിരുന്നു.
അക്രമം നടന്നതിനുശേഷം പോലിസ് വിശദമായ മൊഴിയെടുക്കാന്‍ ഉമറിനെ പാര്‍ലമെന്റ് സ്ട്രീറ്റ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ജെഎന്‍യുവിലെ അധ്യാപികയും എഴുത്തുകാരിയുമായ ബനോ ജ്യോല്‍സ്‌ന ലാഹിരിയും സുഹൃത്ത് ഖാലിദ് സെയ്ഫിയും ഒപ്പമുണ്ടായിരുന്നു. സ്‌റ്റേഷനിലെത്തിയപ്പോള്‍ മൊഴിക്കു വിരുദ്ധമായി തങ്ങള്‍ തയ്യാറാക്കിയ എഫ്‌ഐആറില്‍ ഒപ്പുവയ്ക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടു. ഉമര്‍ അതിന് വിസമ്മതിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും പോലിസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. പിന്നീട് ആറേമുക്കാലോടെ പോലിസ് ഉമറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആറില്‍ മാറ്റം വരുത്തുകയും ഉമര്‍ അതില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന ഷാരിഖിന്റെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് അക്രമിയുടെ രേഖാചിത്രം തയ്യാറാക്കുന്നുണ്ട്.
ഉമര്‍ ഖാലിദിന് നേരെ ആക്രമണമുണ്ടായെന്ന കാര്യം ഡിസിപി മധുര്‍ വര്‍മ സ്ഥിരീകരിച്ചു. അക്രമി ആകാശത്തേക്കു വെടിവച്ചുവെന്ന് ചിലര്‍ പറഞ്ഞുവെന്നും ഡിസിപി പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. അക്രമിക്കൊപ്പം മറ്റാരുമില്ലെന്നാണ് കരുതുന്നതെന്നും പോലിസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss