|    Feb 25 Sat, 2017 6:08 am
FLASH NEWS

ഉപ്പുവെള്ളം; ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനംമൂന്നര മണിക്കൂറോളം നിര്‍ത്തിവച്ചു

Published : 15th November 2016 | Posted By: SMR

ആലുവ: പെരിയാറില്‍ ഉപ്പുവെള്ളത്തിന്റെ അളവ് കൂടിയതിനെ തുടര്‍ന്ന് ആലുവ ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം മൂന്നര മണിക്കൂറോളം നിര്‍ത്തിവച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലര വരെയാണ് ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം നിറുത്തേണ്ടി വന്നത്. പശ്ചിമകൊച്ചിയടക്കമുള്ള പ്രദേശങ്ങളിലെ കുടിവെള്ള വിതരണമാണ് ഇതിനെ തുടര്‍ന്ന് മുടങ്ങിയത്. സാധാരണയായി 10 മുതല്‍ 20 വരെ പാര്‍ട്ട്‌സ് പെര്‍ മില്യന്‍ (പിപിഎം)ആണ് പെരിയാറില്‍ ഉപ്പിന്റെ അംശമുണ്ടാവുന്നത്. ഇത് 250 പിപിഎം വരെയായാലും ജലശുദ്ധീകരണത്തെ ബാധിക്കില്ല. എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെ ഉപ്പിന്റെ അംശം 400 പിപിഎമ്മിലെത്തി. പിന്നീട് അത് ആയിരം പിപിഎം വരെയായി. ഇതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. ഞായറാഴ്ച്ച രാത്രി ഉപ്പിന്റെ അളവ് 150 പിപിഎം ആയിരുന്നു. ഇതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാം തുറക്കുകയും ചെയ്തു. അതിനാല്‍ തിങ്കളാഴ്ച രാവിലെ ജലശുദ്ധീകരണം തടസ്സപ്പെട്ടിരുന്നില്ല. എന്നാല്‍ ഉച്ചയോടെ ഉപ്പുവെള്ളം കൂടിയതിനാല്‍ ഭൂതത്താന്‍കെട്ടിലെ കൂടുതല്‍ ഷട്ടറുകള്‍ തുറയ്‌ക്കേണ്ടി വന്നു. കൊച്ചി കോര്‍പറേഷന്‍, കളമശ്ശേരി, ഏലൂര്‍, തൃക്കാക്കര നഗരസഭകള്‍, മുളവുകാട്, കടമക്കുടി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള ജലവിതരണമാണ് നിര്‍ത്തിയത്. ജല ശുദ്ധീകരണം നിര്‍ത്തിയപ്പോള്‍ ജലസംഭരണിയില്‍ ഉണ്ടായിരുന്ന വെള്ളം പമ്പ് ചെയ്തതിനാല്‍ ആലുവ നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങിയില്ല.ഉപ്പിന്റെ അംശം കൂടിയാല്‍ ജലവിതരണം നിര്‍ത്തിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍ കെ അഗസ്റ്റ്യന്‍ പറഞ്ഞു. സര്‍ക്കാര്‍ ഫണ്ട് പാസാക്കാത്തതിനെ തുടര്‍ന്ന് കരുമാല്ലൂര്‍ പുറപ്പിള്ളിക്കാവിലെ റെഗുലേറ്റര്‍ നിര്‍മാണം നിലച്ചതാണ് ഉപ്പ് വെള്ളം കയറാന്‍ കാരണം. സാധാരണയായി എല്ലാ വര്‍ഷവും നവംബര്‍ പാതിയോടെ പുറപ്പിള്ളിക്കാവില്‍ 70 ലക്ഷം രൂപ ചെലവില്‍ താല്‍കാലികമായി മണല്‍ ബണ്ട് നിര്‍മിച്ചാണ് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞിരുന്നത്. ഇക്കുറി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നതിനാല്‍ അത് പൂര്‍ത്തിയാവുമെന്ന ധാരണയില്‍ താല്‍കാലിക ബണ്ട് നിര്‍മിക്കുന്നതിന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടായില്ല. റെഗുലേറ്ററില്‍ സ്ഥാപിക്കേണ്ട 24 ഷട്ടറുകളില്‍ പകുതിയിലേറെ സ്ഥാപിച്ചു കഴിഞ്ഞു. റിവേഴ്‌സ് എസ്റ്റിമേറ്റ് അംഗീകരിക്കാത്തതിനാല്‍ കരാറുകാരന് ഫണ്ട് ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയായിരുന്നു.  ഇതിനിടയില്‍ സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും നവംബര്‍ അഞ്ചിനകം ഷട്ടര്‍ നിര്‍മാണം പൂര്‍ത്തിയാവുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. നൂറ് കോടി രൂപയാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണത്തിനായി ആവശ്യമായ തുക. ഇറിഗേഷന്‍ വകുപ്പ് നല്‍കേണ്ട 68 കോടി പാസായെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ തുകയുടെ ബില്‍ മാറി നല്‍കുന്നതിലെ പ്രയാസമാണ് വലയ്ക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക