|    Jul 22 Sun, 2018 11:47 pm
FLASH NEWS

ഉപ്പുവെള്ളം കലരുന്നത് തടയണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 20th September 2017 | Posted By: fsq

 

അടൂര്‍: കടമ്പനാട് ഭഗവതിമഠം കടവില്‍ നിന്നും ജലഅതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളത്തില്‍ ഉപ്പുരസം കലരുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഭഗവതിമഠം കടവിലുള്ള പമ്പ്ഹൗസിന് താഴെ കല്ലടയാറ്റിനു കുറുകെ റഗുലേറ്റര്‍ നിര്‍മിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പദ്ധതി അതിവേഗം ടെന്‍ഡര്‍ ചെയ്യാനുള്ള നടപടികള്‍ ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. ഭഗവതിമഠം കടവില്‍ നിന്നും പമ്പ് ചെയ്യുന്ന കുടിവെള്ളത്തില്‍ ഉപ്പുരസം കൂടുതലാണെന്നും ജലഅതോറിറ്റി ഇത് ശുദ്ധീകരിക്കുന്നില്ലെന്നും പരാതിപ്പെട്ട് കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് അംഗം കൃഷ്ണകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഇതിന് പരിഹാരമായി കല്ലടയാറ്റിനു കുറുകെ ഞാങ്കടവ് പാലത്തിനു താഴെ ഒരു വെന്റഡ് ക്രോസ് ബാറും ഭഗവതിമഠം പമ്പ് ഹൗസിന് 250 മീറ്റര്‍ താഴെ അപ്പിനഴികത്ത് കടവില്‍ മറ്റൊരു വെന്റഡ് ക്രോസ് ബാറും നിര്‍മിക്കേണ്ടതുണ്ടെന്ന് ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ കമ്മീഷനെ അറിയിച്ചു. ഇതിന്റെ പഠനത്തിനായി ആറുലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. എന്നാല്‍ ജലസേചന വകുപ്പ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ റഗുലേറ്റര്‍ നിര്‍മിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള പദ്ധതിക്ക് 2015 ജൂലൈ ഒമ്പതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ തടയണ നിര്‍മാണം കല്ലടയാറ്റിന്റെ സ്വാഭാവിക ഒഴുക്കില്‍ കുറവ് വരുത്തുമെന്നും മണ്‍ട്രോതുരുത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാവുമെന്നും ആശങ്കയുണ്ട്. ഇക്കാര്യങ്ങള്‍ പരിഹരിച്ച ശേഷം പ്രവൃത്തി ഏറ്റെടുക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു. രണ്ട് ജില്ലകളിലെ നിരവധി ഗ്രാമീണ കുടുംബങ്ങളുടെ അതിജീവന പ്രശ്‌നമായതിനാല്‍ ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിക്കേണ്ട ബാധ്യത സര്‍ക്കാരിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഉണ്ടെന്നും ഉത്തരവില്‍ പറയുന്നു. കല്ലടയാറ്റിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് പോലും ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. നിലവിലുള്ള ജലസ്രോതസ്സുകള്‍ സൂക്ഷിച്ചും ശക്തിപ്പെടുത്തിയും മഴവെള്ളം പ്രയോജനപ്പെടുത്തിയുമുള്ള         ദീര്‍ഘകാല നടപടികള്‍ ഉണ്ടാവണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss