|    Jun 19 Tue, 2018 2:58 am

ഉപ്പുങ്ങല്‍ താല്‍ക്കാലിക ബണ്ട്‌ : നിര്‍മാണം വൈകിയാല്‍ നഷ്ടം ഇരട്ടിയാവുമെന്ന് കര്‍ഷകര്‍

Published : 20th January 2017 | Posted By: fsq

 

പുന്നയൂര്‍ക്കുളം: ഉപ്പുങ്ങലില്‍ താല്‍ക്കാലിക റിങ് ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ശനിയാഴ്ച്ച പമ്പിങ് ആരംഭിക്കാനായില്ലെങ്കില്‍ നഷ്ടം ഇരട്ടിയാകുമെന്ന് കര്‍ഷകര്‍. ബണ്ട് പൊട്ടി 600 ഏക്കര്‍ കൃഷിയിടത്തിലാണ് വെള്ളം കയറിയിട്ടുള്ളത്. ഏക്കറിന് 20000 രൂപ വെച്ച് 1.20 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് കര്‍ഷകരുടെ കണക്ക്. ഒരാഴ്ച്ചക്കുള്ളില്‍ വെള്ളം പമ്പ് ചെയ്ത് കളയാനായില്ലെങ്കില്‍ നഷ്ടം ഇരട്ടിയാകും. താല്‍ക്കാലിക ബണ്ടിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. മുളയും തെങ്ങും കവുങ്ങും കുത്തിയിറക്കിയാണ് താല്‍ക്കാലിക റിങ് ബണ്ട് നിര്‍മാണം നടക്കുന്നത്. തെങ്ങോല വച്ച് ചെമ്മണ്ണിട്ടാണ് ബണ്ട് പൂര്‍ത്തിയാക്കുക. പൊന്നാനിയില്‍ നിന്നാണ് ബണ്ട് നിര്‍മാണത്തിനുള്ള 400 മുളകളും 25 കവുങ്ങുകളും ഉപ്പുങ്ങലിലെത്തിച്ചത്. അഞ്ചടിയിലേറെ ആഴത്തിലാണ് മുളകള്‍ താഴ്ത്തുന്നത്. 11 പേരാണ് പണിയാരംഭിച്ചത്. 2000 തെങ്ങോലകളും ഇതിനായി ആവശ്യമുണ്ട്. 200ലേറെ വലിയ ലോറികളിലുള്ള ലോഡ് മണ്ണാണ് ഇവിടേക്ക് വേണ്ടത്. നിര്‍മാണ ചെലവ് തല്‍ക്കാലം ബണ്ട് കോണ്‍ട്രാക്ടര്‍ നല്‍കും. പിന്നീട് കെഎല്‍ഡിസി അധികൃതര്‍ ഇതിനായി ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ ഏഴോടെയാണ് ഉപ്പുങ്ങലിലെ പരൂര്‍ പടവ് കോള്‍പ്പടവിലെ ബണ്ട് പൊട്ടിയൊലിച്ചത്. ആറ് കിലോമീറ്ററുകള്‍ക്ക് ആകലെ പരൂര്‍ പാടത്തിന്റെ തെക്കന്‍ഭാഗമായ മാഞ്ചിറയും കടന്ന് വെള്ളമെത്തി. പാടങ്ങള്‍ക്കിടയിലുള്ള ചെറുതോടുകലും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. ഈ മേഖലയില്‍ നേരത്തെ വെള്ളം പമ്പ് ചെയ്യാനെത്തിച്ച മോട്ടോര്‍ പമ്പ്‌സെറ്റുകളും ഇപ്പോള്‍ വെള്ളത്തിലാണ്. കര്‍ഷകരായ എ ടി അബ്ദുല്‍ ജബ്ബാര്‍, നിയാസ് കലായിത്തറയില്‍ എന്നിവരുടെ മോട്ടോറുകളാണ് വെള്ളത്തിലായത്. ബണ്ട് നിര്‍മാണം പര്‍ത്തിയായാല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പാടത്തെ വെള്ളം പമ്പ് ചെയ്‌തൊഴിവാക്കാനാകുമെന്നാണ് കണക്ക് കൂട്ടല്‍. ഇതിനായി 50 കുതിര ശക്തിയുടെ രണ്ടും 30, 40 ശക്തിയുടെ ഓരോ മോട്ടോറും വച്ചാണ് വെള്ളമടിച്ച് കളയുക. അതിനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. വെള്ളം പൂര്‍ണമായും ഒരാഴ്ച്ചക്കുള്ളില്‍ ഒഴിവാക്കാനായാല്‍ നഷ്ടം പകുതിയായി കുറയുമെന്ന് കൃഷി ഓഫിസര്‍ കെ സിന്ധു പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss