|    Nov 18 Sat, 2017 7:15 pm
FLASH NEWS

ഉപ്പള ഒരുങ്ങി; യുഡിഎഫ് പടയൊരുക്കം ഇന്ന്

Published : 1st November 2017 | Posted By: fsq

 

ഉപ്പള: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര ഇന്ന് വൈകിട്ട് നാലിന് ഉപ്പള ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 14 ജില്ലകളിലും സഞ്ചരിച്ച് ഡിസംബര്‍ ഒന്നിന് യാത്ര ശംഖുമുഖം കടപ്പുറത്ത് സമാപിക്കും. സമാപന സമ്മേളനം എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവഞ്ചനക്കെതിരായ പ്രചാരണമായിരിക്കും പടയൊരുക്കത്തിലൂടെ നടത്തുകയെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരുകോടി ഒപ്പുകള്‍ ജാഥയില്‍ ശേഖരിക്കും. കേരളത്തിലെ എല്ലാ ബൂത്തുകളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തിയാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്. മൂന്നര മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള വെള്ളതുണിയിലാണ് ഒപ്പുകളിടുന്നത്. ഒരു ബൂത്തില്‍ നിന്ന് 500 ഒപ്പുകള്‍ ശേഖരിക്കും. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ സിഗ്നേച്ചര്‍ ക്യാംപയിനാണ് ഇതെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. യുഡിഎഫിന്റെ മിക്ക ദേശീയ, സംസ്ഥാന നേതാക്കളും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,  പി കെ കുഞ്ഞാലിക്കുട്ടി എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, എം പി വീരേന്ദ്രകുമാര്‍ എംപി, എന്‍ കെ പ്രേമചന്ദ്രന്‍ എംപി സംബന്ധിക്കും. എംഎല്‍എമാരായ വി ഡി സതീശന്‍, ഡോ. എം കെ മുനീര്‍, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരും മുന്‍മന്ത്രിമാരായ കെ പി മോഹനന്‍, ഷിബു ബേബിജോണ്‍, കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍, ജോണി നെല്ലൂര്‍, സി പി ജോണ്‍, പി രാംമോഹന്‍ എന്നിവര്‍ അംഗങ്ങളാണ്. എട്ടിന് കോഴിക്കോട് കടപ്പുറത്ത് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റാലി നടത്തും. റാലി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഒമ്പതിന് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ജാഥ നിര്‍ത്തിവയ്ക്കും.17ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും. ദേശീയനേതാക്കളായ ഗുലാംനബി ആസാദ്, ശരത് യാദവ്, പ്രഫ. ഖാദര്‍ മൊയ്തീന്‍, പി ചിദംബരം, കപില്‍സിബല്‍, ജയറാം രമേശ്, മുകുള്‍ വാസ്‌നിക്ക്, ആനന്ദ് ശര്‍മ്മ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, സച്ചിന്‍ പൈലറ്റ്, മണിശങ്കര്‍ അയ്യര്‍ തുടങ്ങിയ ദേശീയ നേതാക്കള്‍ സംസാരിക്കും.ജാഥയ്ക്ക് ഇന്ന് വൈകിട്ട് ആറിന് കാസര്‍കോട്ട് ആദ്യ സ്വീകരണം നല്‍കും. നാളെ രാവിലെ ചട്ടഞ്ചാലിലും ഉച്ചയ്ക്ക് കാഞ്ഞങ്ങാടും വൈകിട്ട് തൃക്കരിപ്പൂരിലും സ്വീകരണം നല്‍കും. ഉദ്ഘാടന പരിപാടി ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക