|    Jun 24 Sun, 2018 10:52 am
FLASH NEWS

ഉപ്പളയില്‍ സമാധാനം ഉറപ്പാക്കാന്‍ പോലിസ് ഗുണ്ടാപ്പട്ടിക തയ്യാറാക്കുന്നു

Published : 31st October 2016 | Posted By: SMR

ഉപ്പള: പരസ്പരം വെടിവെപ്പും കത്തി കുത്തും നടത്തി അക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തുന്ന ഉപ്പളയിലെ ഗുണ്ടകളെ നേരിടാന്‍ പോലിസ് ഗുണ്ടാ പട്ടിക തയ്യാറാക്കുന്നു. ജില്ലയില്‍ ക്രമസമാധാനത്തിന് തന്നെ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന അധോലോക സംഘങ്ങളാണ് ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്നത്. മണല്‍, കഞ്ചാവ്, കവര്‍ച്ചാ മാഫികള്‍ തമ്മിലുള്ള കിട മല്‍സരമാണ് സാധാരണക്കാരുടെ സൈ്വര്യജീവിതത്തിന് തന്നെ വെല്ലുവിളിയാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് കൊലപാതകം ഉള്‍പ്പെടെ 50 ഓളം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അധോലോക സംഘങ്ങളെ നേരിടാന്‍ പോലിസ് പുതിയ ഗുണ്ടാപ്പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം, കുമ്പള പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും വിവരങ്ങളും പോലിസ് പരിശോധിച്ചു വരികയാണ്. ഒരാഴ്ചക്കുള്ളില്‍ തന്നെ ഗുണ്ടാപ്പട്ടിക തയ്യാറാക്കുമെന്നാണ് പോലിസ് നല്‍കുന്ന സൂചന.നേരത്തെ കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ നിന്നും പുറത്തിറങ്ങിയവര്‍ പോലും വീണ്ടും അക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഇവര്‍ക്ക് നേരത്തെ ആറു മാസത്തെ തടവ് മാത്രമാണ് കാപ്പ കേസില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. വീണ്ടും കാപ്പ ചുമത്തിയാല്‍ ഇവര്‍ക്ക് ഒരു വര്‍ഷം ജയിലില്‍ കഴിയേണ്ടിവരും. കേസുകളുടെ പ്രാധാന്യം നോക്കിയാണ് ഗുണ്ടാപ്പട്ടിക തയ്യാറാക്കുക. മണല്‍ കടത്തിന് പിടിക്കപ്പെട്ടാല്‍ പോലും കാപ്പ ചുമത്താന്‍ കഴിയും.നേരത്തെ വെടിവെപ്പ് നടത്തിയ കേസില്‍ കാപ്പ ചുമത്തപ്പെട്ട് പുറത്തിറങ്ങിയ കാലിയാ റഫീഖ് അടക്കമുള്ളവര്‍ വീണ്ടും ഗുണ്ടാപ്രവര്‍ത്തനവും മറ്റും നടത്തുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ തോക്കുമായി അറസ്റ്റിലായ കൊലക്കേസ് പ്രതികളടക്കമുള്ളവരെ പോലിസ് ചോദ്യം ചെയ്തിരുന്നു. ഉപ്പളയിലേക്ക് തോക്ക് എത്തിക്കാനാണോ ഇവര്‍ പോയതെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.അതേസമയം ഉപ്പളയില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പുതിയ പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഉപ്പളയിലെ ഗുണ്ടാമാഫിയകളെ കുറിച്ച് നിയമസഭയില്‍ മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുര്‍ റസാഖ് സബ്മിഷന്‍ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി ഉപ്പളയില്‍ പോലിസ് സ്‌റ്റേഷന്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്. നേരത്തെ തന്നെ ഉപ്പളയിലും വിദ്യാനഗറിലും പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വിദ്യാനഗറില്‍ മാത്രമാണ് പോലിസ് സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്.ഉപ്പളയിലെ നിര്‍ദിഷ്ട പോലിസ് സ്‌റ്റേഷന്‍ ഫയലില്‍ തന്നെ ഉറങ്ങുകയായിരുന്നു. ഗുണ്ടാവിളയാട്ടവും അധോലോകപ്രവര്‍ത്തനവും ശക്തമായതോടെയാണ് ഉപ്പളയില്‍ പോലിസ് സ്‌റ്റേഷന്‍ ഉടന്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നേരത്തെ പോലിസ് സ്ഥാപിച്ച എയ്ഡ് പോസ്റ്റടക്കം ഗുണ്ടകള്‍ അക്രമിച്ചിരുന്നു. രാത്രികാലങ്ങളില്‍ ദേശീയപാതയിലൂടെ കടന്നുവരുന്ന വാഹന ഡ്രൈവര്‍മാരില്‍ നിന്നും ഹഫ്ത്ത പിരിച്ചുകൊണ്ടാണ് ഗുണ്ടാസംഘങ്ങള്‍ വളര്‍ന്നത്. നിരവധി കൊലപാതകങ്ങളും കൊള്ളയും നടത്തിയ സംഘം പിന്നീട് ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെ ജനങ്ങള്‍ ഭീതിയിലാവുകയായിരുന്നു. പോലിസിന്റെ ഭാഗത്തു നിന്നുള്ള അലംഭാവമാണ് ഗുണ്ടാസംഘങ്ങള്‍ ഇത്രയും വളരാന്‍ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss