|    Sep 19 Tue, 2017 9:01 pm

ഉപേക്ഷിച്ച നിലയില്‍ കിടന്ന ബസ്സില്‍ അജ്ഞാത മൃതദേഹം

Published : 28th July 2016 | Posted By: SMR

തൃശൂര്‍: ശക്തന്‍നഗര്‍ ബസ് സ്റ്റാന്റിനു സമീപം മുണ്ടുപാലം റോഡില്‍ ഉപേക്ഷിച്ചനിലയില്‍ കിടക്കുന്ന ബസ്സില്‍ കണ്ടെത്തിയ അഴുകിയ മൃതദേഹം പുറത്തെടുത്തു. ഫോറന്‍സിക്, ഫിംഗര്‍പ്രിന്റ് വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മൃതദേഹത്തിനു സമീപത്തുനിന്നും ഷര്‍ട്ടിന്റെയും മുണ്ടിന്റെയും അവശിഷ്ടവും ഒരു കൊന്തയുമാണ് ലഭിച്ചത്. ഇവ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. മൃതദേഹാവശിഷ്ടം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
ചൊവ്വാഴ്ച വൈകീട്ട് നാലോടെ കോര്‍പറേഷന്റെ ശുചീകരണ വിഭാഗം തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെടുപുഴ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. പൂര്‍ണമായും ജീര്‍ണിച്ച മൃതദേഹത്തില്‍ നിന്നും രൂക്ഷമായ ഗന്ധം വമിച്ചിരുന്നു. സിറ്റി പോലിസ് കമ്മീഷണര്‍ ഡോ. ഹിമേന്ദ്രനാഥിന്റെ നിര്‍ദേശാനുസരണം എസിപി കെ പി ജോസ്, വെസ്റ്റ് സിഐ വി കെ രാജു, നെടുപുഴ എസ്‌ഐ എസ്. ഷാജി എന്നിവര്‍ പരിശോധനകള്‍ക്കു നേതൃത്വം നല്‍കി.
വഴിയരികില്‍ ഉപേക്ഷിച്ചശേഷം ദ്രവിച്ചനിലയില്‍ കിടക്കുന്ന ബസ് മറയാക്കി ഈ പ്രദേശത്ത് കക്കൂസ് മാലിന്യം കൊണ്ടുവന്നു തള്ളുന്നതും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും പതിവായിരുന്നു. സമീപത്തെ ഫഌറ്റ് ഉടമകള്‍ കോര്‍പറേഷന്‍ അധികൃതര്‍ക്കും പോലിസിനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇവിടെ ഹോട്ടല്‍-കക്കൂസ് മാലിന്യം കൊണ്ടുവന്നു തള്ളുന്നതുമൂലം തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
പൊന്തക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്ന ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ ആളനക്കമോ, വെളിച്ചമോ ഇല്ല. ഇതു മറയാക്കി അനാശാസ്യമടക്കമുള്ള പ്രവൃത്തികള്‍ ഈ ഭാഗത്ത് നടക്കുന്നുണ്ടെന്നാണ് സമീപവാസികളുടെ ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക