|    Nov 13 Tue, 2018 7:59 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഉപവിയുടെ സോദരിമാരും കുട്ടിക്കടത്ത് വിവാദവും

Published : 13th July 2018 | Posted By: kasim kzm

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ അവിവാഹിത അമ്മമാര്‍ക്കും അഗതികള്‍ക്കും ആലംബമേകിയിരുന്ന നിര്‍മല്‍ ഹൃദയ് എന്ന സ്ഥാപനം ഇന്ന് കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് വിവാദത്തിലാണ്. ഉപവിയുടെ സഹോദരിമാര്‍ എന്ന സന്ന്യാസിനി സഭയുടെ കീഴിലുള്ള ഈ സ്ഥാപനം അടച്ചുപൂട്ടിയ പോലിസ്, മുഖ്യചുമതലക്കാരിയെയും ഒരു കന്യാസ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംസ്ഥാന ശിശുസംരക്ഷണ സമിതിയുടെ വിപുലമായ അന്വേഷണത്തിനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബാര്‍ ദാസ് ഉത്തരവിട്ടിരിക്കുന്നു.
2015നും 18നുമിടയില്‍ ഈ അഭയകേന്ദ്രത്തില്‍ അവിവാഹിതരായ 450 ഗര്‍ഭിണികളെ പ്രവേശിപ്പിച്ചതായി രേഖയുണ്ടെന്നും എന്നാല്‍ ഇവിടെ പ്രസവിച്ച 170 കുട്ടികളുടെ വിവരങ്ങള്‍ മാത്രമേ രേഖകളിലുള്ളൂവെന്നുമാണ് പോലിസ് പറയുന്നത്. 280 കുഞ്ഞുങ്ങളെക്കുറിച്ച രേഖകളൊന്നും ലഭ്യമായില്ല. കുഞ്ഞുങ്ങളെ വില്‍പന നടത്തിയെന്നു സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്നും രേഖകളില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയെന്നുമാണ് പോലിസ് വെളിപ്പെടുത്തുന്നത്. വലിയ ശിശുവില്‍പനാ റാക്കറ്റിനെക്കുറിച്ചാണ് പുറത്തുവന്നിരിക്കുന്നതെന്ന് പോലിസ് പറയുന്നു.
കഴിഞ്ഞ മെയ് മാസം ഈ സ്ഥാപനത്തില്‍ നിന്നു നവജാതശിശുവിനെ വാങ്ങിയ യുപി സ്വദേശികളായ ദമ്പതിമാരുടെ പരാതി അടിസ്ഥാനമാക്കി ശിശുക്ഷേമ സമിതി റാഞ്ചി ഘടകം അധ്യക്ഷ സമര്‍പ്പിച്ച ഹരജിയിലാണ് പോലിസ് ഇടപെടല്‍. കുഞ്ഞിന്റെ പ്രസവത്തിനും ആരോഗ്യ പരിചരണത്തിനുമായി 1.20 ലക്ഷം രൂപ തങ്ങള്‍ നല്‍കിയെന്നും എന്നാല്‍, ചില നടപടിക്രമങ്ങള്‍ക്ക് എന്ന പേരില്‍ തിരിച്ചുവാങ്ങിയ കുഞ്ഞിനെ സ്ഥാപന അധികൃതര്‍ പിന്നീട് തിരിച്ചുനല്‍കിയില്ലെന്നുമായിരുന്നു പരാതി.
1950ല്‍ മദര്‍ തെരേസ സ്ഥാപിച്ച സന്ന്യാസിനി സഭയാണ് ഉപവിയുടെ സഹോദരിമാര്‍. കുഞ്ഞുങ്ങളെ ദത്തെടുക്കാനായി നല്‍കുന്നത് 2015 മുതല്‍ തങ്ങള്‍ നിര്‍ത്തിവച്ചതായി മിഷനറീസ് ഓഫ് ചാരിറ്റിയുടെ കൊല്‍ക്കത്ത ആസ്ഥാനം പുറപ്പെടുവിച്ച പ്രസ്താവന സംഭവത്തില്‍ കൂടുതല്‍ സംശയങ്ങള്‍ക്കു വക നല്‍കുന്നു. ആഭ്യന്തര അന്വേഷണം നടത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ജാര്‍ഖണ്ഡില്‍നിന്നാണ് ഈ കേസും പോലിസ് നടപടിയും സംബന്ധിച്ച വാര്‍ത്തകള്‍ എന്നത് സംഭവങ്ങളുടെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട എന്തും കുറ്റകൃത്യമായി രേഖപ്പെടുത്തുന്ന ഭരണകൂടമാണ് ജാര്‍ഖണ്ഡില്‍ അധികാരത്തിലുള്ളത് എന്നതാണ് സുപ്രധാനം. മദര്‍ തെരേസയുടെ സാമൂഹികസേവന സംരംഭങ്ങളെ പോലും അപവദിക്കുന്നതിന് സംഘപരിവാരം ഒരു വൈമുഖ്യവും പ്രകടിപ്പിച്ചിട്ടില്ല.
പോലിസ് ആരോപിക്കുന്നതുപോലെ കുട്ടിക്കടത്ത് റാക്കറ്റിന്റെ ഭാഗമായി സ്ഥാപനം പ്രവര്‍ത്തിച്ചുവെങ്കില്‍ അതിന്റെ ഉത്തരവാദികളെ കണ്ടെത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. അതിനു പര്യാപ്തമായ സത്യസന്ധവും വിപുലവുമായ അന്വേഷണത്തിനുള്ള അടിയന്തര നടപടികള്‍ ഉണ്ടാവണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss