|    Apr 21 Sat, 2018 7:16 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഉപവാസം ജീവിതത്തെ സുന്ദരമാക്കുന്നു

Published : 4th July 2016 | Posted By: SMR

പി എന്‍ ദാസ്

നിങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോഴും നിങ്ങള്‍ ഒരുപാതി ഉറക്കത്തിലാണ്!
നിങ്ങള്‍ ഉറങ്ങുമ്പോഴും നിങ്ങള്‍ പാതി ഉണര്‍ന്നിരിക്കുകയാണ്!
അത്തരം ഒരു ദേഹംകൊണ്ട് ഒരാള്‍ കാണുന്നത്, കേള്‍ക്കുന്നത്, വായിക്കുന്നത്, അറിയുന്നത് അതിന്റെ മുഴുവന്‍ രൂപത്തിലുമല്ല. ഉണര്‍ന്നിരിക്കുമ്പോള്‍ മുഴുവനായുണര്‍ന്നിരിക്കാത്തതുകൊണ്ട്, ഉറങ്ങുമ്പോള്‍ മുഴുവനായുറങ്ങാത്തതുകൊണ്ട് നമ്മുടെ ദേഹം എന്നും യാഥാര്‍ഥ്യത്തിനും മിഥ്യക്കുമിടയില്‍ ഏതാണ് പൂര്‍ണമായ ശരി, സത്യം, ധര്‍മം എന്നറിയാതെ ഉഴലുകയാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു ദേഹം, ഇത്തരമൊരു മനസ്സ്, സര്‍ഗാത്മകതയില്‍നിന്ന്, ഉണര്‍വില്‍നിന്ന്, ബോധോദയത്തില്‍നിന്ന് എപ്പോഴും അകലെയാണ്. ഇതു നമ്മുടെ പെരുമാറ്റത്തെ, സംസ്‌കാരത്തെ, മതത്തെ, രാഷ്ട്രീയത്തെ, സര്‍ഗാത്മകതയെ സദാ അസുന്ദരമാക്കുന്നു, അപൂര്‍ണവും. ഇത് ആന്തരികമായി ഒരാളുടെ ശ്വാസത്തെ വരെ ബാധിക്കുന്നു. ദേഹത്തിന്റെ താളംതെറ്റുന്നതോടെ ഒരാളുടെ ശ്വാസത്തിന്റെ താളംതെറ്റുന്നു. അതയാളുടെ മനസ്സിനെ, വിചാരത്തെ, കര്‍മത്തെ വിരൂപമാക്കുന്നു. ഇത് നേരെയാക്കാനുള്ള അതിപുരാതനമായ ഔഷധമാണത്രെ ഉപവാസം.
സോക്രട്ടീസ്, പ്ലേറ്റോ, പൈത്തഗോറസ് എന്നിവര്‍ തങ്ങളുടെ മഹത്തായ കൃതികള്‍ രചിക്കുമ്പോഴും പ്രത്യേകമായ സൂക്ഷ്മപരീക്ഷണങ്ങളില്‍ മുഴുകുമ്പോഴും ഉപവസിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. കാരണം, ഉപവാസം മനസ്സിന്റെ അഗാധവും സൂക്ഷ്മവുമായ ശേഷികളെ, സര്‍ഗാത്മകതയെ വളര്‍ത്തിയിരുന്നതായി അവരറിഞ്ഞിരുന്നു. പുരാതന ഈജിപ്തിലെ ഉന്നതബോധാവസ്ഥകളിലുള്ള പുരോഹിതന്മാര്‍ ദീര്‍ഘദിനങ്ങളിലുള്ള ഉപവാസത്തിലൂടെ ധിഷണയുടെ ദിവ്യശക്തിയെ പോഷിപ്പിച്ചിരുന്നു. ഗ്രീക്ക് തത്ത്വജ്ഞാനിയും ഗണിതശാസ്ത്രജ്ഞനുമായ പൈത്തഗോറസ് ഈജിപ്തില്‍ നിഗൂഢ ആത്മീയപാതകളെക്കുറിച്ച് പഠിക്കുമ്പോഴും അദ്ദേഹം ഒന്നാമതായി 40 ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസം നടത്തുകയുണ്ടായി. കാരണം, ഈജിപ്തിലെ ആചാര്യന്മാര്‍ പറഞ്ഞത്, ”ഞങ്ങള്‍ എന്താണ് നിങ്ങള്‍ക്ക് പഠിപ്പിക്കാന്‍ പോവുന്നതെന്നറിയണമെങ്കില്‍ 40 ദിവസങ്ങളിലെ ഇത്തരമൊരു ചര്യയിലൂടെ നിങ്ങള്‍ കടന്നുപോവണം” എന്നായിരുന്നു. ബൈബിളിലും ഉപവാസത്തെക്കുറിച്ച് നാം വീണ്ടും വീണ്ടും വായിക്കുന്നു. ആദ്യകാല ജൂതന്മാരും ക്രൈസ്തവരും രോഗശമനത്തിനുവേണ്ടി മാത്രമല്ല ആത്മീയവിജയം നേടുവാനുമായി ഉപവാസത്തിലേര്‍പ്പെട്ടിരുന്നു.
മോസസ് 40 ദിനരാത്രങ്ങളില്‍ പൂര്‍ണമായി ഉപവസിച്ചതിനു ശേഷമാണ് സിനായ് പര്‍വതത്തിന്റെ മുകളില്‍ 10 കല്‍പനകള്‍ കേള്‍ക്കാനായി പോയത്. യേശുവും 40 ദിവസങ്ങള്‍ ഉപവസിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം എല്ലാതരത്തിലുമുള്ള പ്രലോഭനങ്ങള്‍ തന്റെ സമുന്നതമായ ദൗത്യം നിറവേറ്റാനും തന്റെ ജീവിതത്തില്‍ വരാന്‍ പോവുന്ന കഠിന യാതനകളെ സഹനം ചെയ്യാനുമുള്ള ആത്മീയ ഊര്‍ജം നേടുകയുണ്ടായി. ബൈബിളില്‍ ഉപവാസത്തെപ്പറ്റി പറയുന്നു: ”നിങ്ങള്‍ ഉപവസിക്കുമ്പോള്‍ ദുഃഖിതമായ ഒരു മുഖത്തോടെയിരിക്കരുത്. മറിച്ച് ശുദ്ധവും സന്തോഷഭരിതവുമായ ഒരു മുഖത്തോടെയിരിക്കുക” (മാത്യു 6:16-17).
”സത്യവാനായിരിക്കുക, ആത്മാര്‍ഥതയുള്ളവനായിരിക്കുക, സത്യത്തിനുവേണ്ടി, സത്യപൂര്‍ണമായ ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടി” (മാത്യു: 6:18).
”ഉപവാസാനന്തരം നിന്റെ പ്രകാശം തിളക്കമേറിയതാവും; പുലര്‍വെളിച്ചംപോലെ. നിന്റെ ആരോഗ്യം വേഗത്തില്‍ വളര്‍ന്നുവരും” (ഇസാ 58:8).
ഗൗതമബുദ്ധന്‍ പലപ്പോഴായി മനസ്സും ഭൗതികലോകവുമായുള്ള ബന്ധം മുറിക്കാനായി, ഉന്നതമായ അവബോധം നേടാനുമായി ഉപവസിച്ചിരുന്നു. ഒടുവില്‍ 40 ദിനങ്ങള്‍ നീണ്ട ഉപവാസത്തിനുശേഷം അദ്ദേഹം ബോധോദയം നേടി.
ഒടുവില്‍ മുഹമ്മദ് നബിയിലെത്തുമ്പോള്‍ അന്നുവരെ ലോകത്തുണ്ടായ ഉപവാസചര്യയുടെ മുഴുവനറിവും സംസ്‌കാരവും അദ്ദേഹം ഇസ്‌ലാമികപാതയിലുള്ള മുഴുവന്‍ വ്യക്തികളും പിന്തുടരേണ്ട ഒരു ജീവിതക്രമമാക്കി മാറ്റുകയായിരുന്നു.
പുരാതന ഈജിപ്തിലെ യോഗികള്‍, മോസസ്, പ്ലേറ്റോ, സോക്രട്ടീസ്, അരിസ്‌റ്റോട്ടില്‍, പൈത്തഗോറസ്, ഇന്ത്യന്‍ യോഗികള്‍, ബുദ്ധന്‍, യേശു എന്നിവര്‍ നടത്തിയ ഉപവാസത്തിന്റെ ജ്ഞാനവും സംസ്‌കാരവും + മുഹമ്മദ് നബിയുടെ ദീര്‍ഘനാളുകളിലെ ഉപവാസ ജ്ഞാനവും സംസ്‌കാരവും = ഇന്ന് ലോകത്തില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമിക ഉപവാസം, എന്നു പറയാമെന്നു തോന്നുന്നു.
ഉപവാസം പ്രകൃതിയിലെ ഏറ്റവും പുരാതനമായ ചികില്‍സാവിധികളിലൊന്നത്രെ. രോഗാവസ്ഥയില്‍ എല്ലാ മൃഗങ്ങളും സഹജവാസനയാല്‍ത്തന്നെ ഉപവസിക്കുകയാണ്. പക്ഷേ, നാം മനുഷ്യര്‍ പ്രകൃതിയില്‍നിന്ന് അകന്നുപോയതുകൊണ്ട് നമ്മുടെ അന്തര്‍ഗതവാസനകളെ അറിയാന്‍, അനുസരിക്കാന്‍ കഴിയാത്തവരായിരിക്കുന്നു. ആരോഗ്യത്തിനുവേണ്ടി മാത്രമല്ല, മാനസികവും ആത്മീയവുമായ ഉന്നതിക്കുവേണ്ടി പുരാതനകാലത്തുള്ള യോഗികളും മഹാമനസ്സുകളും ദീര്‍ഘമായ ഉപവാസങ്ങളനുഷ്ഠിച്ചു.
ശാരീരിക-മാനസിക തലങ്ങളില്‍ ഏറെ നേട്ടങ്ങളുണ്ടാക്കാന്‍ ഉപവാസത്തിനു കഴിയുന്നു. പുരാതനകാലത്തെ മനീഷികള്‍ ഇത് നന്നായറിഞ്ഞിരുന്നു. പക്ഷേ, പുതിയ മനുഷ്യന്‍ അതു മറന്നുപോയി.
പരിമിതമായൊരു സമയത്തേക്ക് ഭക്ഷിക്കുന്നത് ഒഴിവാക്കിയാല്‍ അത് ദേഹത്തെ ശുദ്ധീകരിക്കാനും ദേഹത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ പുറത്തുകളയാനും സഹായിക്കുന്നു. കൂടാതെ ദഹനത്തിനായി യാതൊരുതര ഊര്‍ജവും ആവശ്യമില്ലാത്തതുകൊണ്ട് ദേഹത്തില്‍ ബാക്കിവരുന്ന ഊര്‍ജം തലച്ചോറിലേക്ക് എത്തുന്നതുകൊണ്ട് ഉന്നതമായ മാനസിക പ്രവര്‍ത്തനങ്ങള്‍ക്കായി, അഗാധമായ ധ്യാനത്തിനായി ഉപകരിക്കപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss