|    Jul 23 Mon, 2018 3:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉപരോധം: യുഎസ് വലിയ വിലനല്‍കേണ്ടിവരും-ഉത്തര കൊറിയ

Published : 12th September 2017 | Posted By: fsq

 

സോള്‍: യുഎന്‍ ഉപരോധ നീക്കത്തില്‍ യുഎസിനെതിരേ മുന്നറിയിപ്പുമായി ഉത്തര കൊറിയ. ഉത്തര കൊറിയക്കെതിരേ ശക്തമായ ഉപരോധം ആവശ്യപ്പെട്ടുള്ള യുഎസ് പ്രമേയത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മുന്നറിയിപ്പ്്. തങ്ങള്‍ക്കെതിരായ ഉപരോധം യുഎന്‍ രക്ഷാസമിതിയില്‍ അംഗീകരിക്കപ്പെട്ടാല്‍ യുഎസ് വലിയ വിലനല്‍കേണ്ടിവരുമെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഏതു വിധത്തിലുള്ള പ്രതികരണത്തിനും ഉത്തര കൊറിയ തയ്യാറാണ്. ഉത്തര കൊറിയ സ്വീകരിക്കുന്ന നടപടികള്‍ യുഎസിന് ഏറ്റവും വലിയ വേദന സമ്മാനിക്കാന്‍ കാരണമാവും. അവരുടെ ചരിത്രത്തില്‍ എല്ലാകാലവും ഓര്‍മിക്കപ്പെടുന്ന തിരിച്ചടികളാവും യുഎസ് നേരിടേണ്ടിവരുകയെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയയുടെ ആറാമത് ആണവായുധ പരീക്ഷണത്തെ തുടര്‍ന്നാണ് പുതിയ ഉപരോധത്തിന് യുഎസ് യുഎന്നില്‍ ശുപാര്‍ശ ചെയ്തത്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വിദേശ സ്വത്തുക്കള്‍ മരവിപ്പിക്കുക, വിദേശയാത്രാ വിലക്ക് പ്രഖ്യാപിക്കുക, രാജ്യത്തുനിന്നുള്ള എണ്ണ കയറ്റുമതി നിരോധിക്കുക, ഉത്തരകൊറിയയില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്നത് തടയുക എന്നിവയടക്കമുള്ള നിര്‍ദേശങ്ങളാണ് ഉപരോധം സംബന്ധിച്ച്്് യുഎസ് സമര്‍പ്പിച്ച കരട് പ്രമേയത്തിലുള്ളത്. എന്നാല്‍, ഈ നിര്‍ദേശങ്ങളില്‍ യുഎസ് പിന്നീട് ഇളവു വരുത്തിയതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉപരോധ പ്രമേയത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള റഷ്യയുടെയും ചൈനയുടെയും പിന്തുണ നേടുന്നതിനായാണ് നിര്‍ദേശങ്ങളില്‍ യുഎസ് ഇളവ് വരുത്തിയത്. അതേസമയം, ഉപരോധം സംബന്ധിച്ച്്് രക്ഷാസമിതി വിശദമായി ചര്‍ച്ചചെയ്ത് സമവായത്തിലെത്തുമെന്ന് കരുതുന്നതായി ഉത്തര കൊറിയയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ചൈന പ്രതികരിച്ചു. ഉത്തര കൊറിയക്കെതിരേ കടുത്ത നിയന്ത്രണങ്ങള്‍ ചുമത്തുന്നതില്‍ റഷ്യയും ചൈനയും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss