|    Oct 20 Fri, 2017 2:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച : ചോദ്യങ്ങളുമായി പ്രവര്‍ത്തകര്‍ ; മൗനമായി ലീഗ് നേതൃത്വം

Published : 12th August 2017 | Posted By: fsq

 

കെ  പി  ഒ   റഹ്മത്തുല്ല

മലപ്പുറം: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും രാജ്യസഭാംഗവുമായ പി വി അബ്ദുല്‍ വഹാബും വോട്ട് ചെയ്യാതിരുന്നത് വിവാദമാവുന്നു. തെറ്റു സമ്മതിക്കാതെ നേതൃത്വം വീണിടത്തുകിടന്ന് ഉരുളുകയാണെന്ന ആക്ഷേപം സജീവമാവുകയാണ്.സഞ്ചരിച്ചിരുന്ന വിമാനം മുംബൈയില്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ട സമയത്തുതന്നെ പ്രശ്‌നം ലോക്‌സഭാ സ്പീക്കറെയോ രാജ്യസഭാ അധ്യക്ഷനെയോ അറിയിച്ചിരുന്നെങ്കില്‍ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തി വോട്ട് ചെയ്യാന്‍ കഴിയുമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. പൈലറ്റിനെ കുറ്റപ്പെടുത്തി അഞ്ചു ദിവസം കഴിഞ്ഞ് പരാതി പറയുന്നതിനു പകരം ഈ മാര്‍ഗങ്ങള്‍ അവലംബിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനാണ് രണ്ടു നേതാക്കളും മറുപടി പറയേണ്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എല്ലാം കഴിഞ്ഞ ശേഷം വ്യോമയാനമന്ത്രിക്ക് പരാതി നല്‍കി ജനങ്ങളെ കബളിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. എന്തുകൊണ്ട് അന്നുതന്നെ പരാതി നല്‍കി വോട്ട് ചെയ്യാനുള്ള അവസരം സൃഷ്ടിച്ചില്ലെന്ന ചോദ്യത്തിന് ഇരുനേതാക്കള്‍ക്കും മറുപടിയില്ല. അതിനാണ് ലീഗ് അണികളും കാത്തിരിക്കുന്നത്. ഡല്‍ഹിയില്‍ മതേതര മുന്നണിക്കു ശ്രമിക്കുമെന്നു പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം വേണ്ടെന്നുവച്ച് എംപിയായി ഡല്‍ഹിയിലേക്കു പോയത്. എന്നാല്‍, ഫാഷിസത്തിനെതിരേ ഇത്തരമൊരു അവസരം നഷ്ടപ്പെടുത്തിയതോടെ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. സുപ്രധാനമായ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് പോലും രേഖപ്പെടുത്താത്ത നേതാക്കള്‍ മതേതര മുന്നണിക്കു വേണ്ടി എന്തു ചെയ്യുമെന്നാണ് അണികള്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും അസംതൃപ്തരാണ്. വിമാനം വൈകിയെന്നു പറഞ്ഞ് ലീഗ് നേതാക്കള്‍ക്കു രക്ഷപ്പെടാനാവില്ലെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് തേജസിനോട് പറഞ്ഞത്. സഭയില്‍ പെട്ടെന്ന് ഉണ്ടാവുന്ന വോട്ടെടുപ്പില്‍ ഒരംഗം ഹാജരാവാതിരിക്കുന്നതുപോലെയല്ല ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് നഷ്ടപ്പെടുത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ  വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി നിശ്ശബ്ദമാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെയും വഹാബിന്റെയും നിലപാട് പ്രചാരണ വിഷയമാക്കാന്‍ ഇടതു മുന്നണിയും ആലോചിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക