|    Jan 24 Tue, 2017 8:43 am

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; നഗരത്തില്‍ മൂന്നുമണിക്കൂര്‍ ഗതാഗതക്കുരുക്ക്

Published : 1st September 2016 | Posted By: SMR

തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം തലസ്ഥാന നഗരത്തെ കുരുക്കിയത് മൂന്നു മണിക്കൂര്‍. പ്രവൃത്തി ദിനമായ ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പാളയം വഴി കടന്നു പോയത്. തിരക്കേറിയ സമയത്തുളള ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കടുത്ത ഗതാഗത കുരുക്കിനാണു വഴി തെളിച്ചത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കാക്കി പല ഭാഗത്തേക്കുമുള്ള ബസ് സര്‍വീസുകളും മറ്റു വഴികളിലൂടെ തിരിച്ചുവിടുകയും ചെയ്തു.
പാളയം വഴി തമ്പാനൂരിലേക്കും കിഴക്കേകോട്ടയിലേക്കുമുള്ള യാത്രയ്ക്ക് താല്‍ക്കാലിക നിയന്ത്രണംകൂടി ഏര്‍പ്പെടുത്തിയപ്പോള്‍ പലര്‍ക്കും എത്തേണ്ട സ്ഥലങ്ങളില്‍ കൃത്യസമയത്ത് എത്താനായില്ല. മിക്ക ഓഫിസുകളും സ്‌കൂളുകളും പ്രവര്‍ത്തനം ആരംഭിക്കുന്നത് പത്തുമണിക്കായതിനാല്‍ സ്വകാര്യ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് കുരുക്കില്‍പ്പെട്ടത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിഞ്ഞു മൂന്നു മണിക്കൂറിലേറെ എടുത്തു കുരുക്കഴിയാന്‍. മിക്ക വാഹനങ്ങളും വഴി തിരിച്ചു വിട്ടിരുന്നെങ്കിലും നഗരത്തിലെ വീതി കുറഞ്ഞ റോഡുകളിലാണു തിരക്ക് അതിരൂക്ഷമായത്. ഫലപ്രദമായൊരു ഗതാഗത നിയന്ത്രണവും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.
തമ്പാനൂര്‍, വഴുതക്കാട്, മ്യുസിയം, പിഎംജി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നെത്തിയ വാഹനങ്ങളാണ് ഏറെയും തിരക്കില്‍പ്പെട്ടത്. മണിക്കൂറുകള്‍ എടുത്തായിരുന്നു മിക്ക ജീവനക്കാര്‍ക്കും ഓഫിസുകളില്‍ എത്തിച്ചേരാനായത്. സമയത്തിന് ഓഫിസുകളില്‍ എത്താന്‍ കഴിയാത്ത പലരും ഉച്ചവരെ അവധിയെടുത്തു. ഗതാഗതക്കുരുക്കു കൂടിയപ്പോള്‍ എളുപ്പമാര്‍ഗങ്ങളായ ഇടവഴികളിലൂടെയായി വാഹനങ്ങളുടെ യാത്ര. വീതി കുറഞ്ഞ ഇടവഴികളും ഇതോടെ ഗതാഗതകുരുക്കിന് ഇരയായി തീര്‍ന്നു. വാഹനനിയന്ത്രണത്തിനൊപ്പം ഇന്നലെ പല ഭാഗത്തും ട്രാഫിക് സിഗ്നലുകള്‍ തകരാറിലാവുകയും ചെയ്തു. ഇതു ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. വഴുതക്കാട്, തമ്പാനൂര്‍ എന്നിവിടങ്ങളിലെ ട്രാഫിക് ലൈറ്റുകളാണ് ഇന്നലെ തകരാറിലായത്. ആവശ്യത്തിനു പോലിസുകാരും തിരക്കു നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നില്ല. കെല്‍ട്രോണ്‍ ആണ് നഗരത്തിലെ ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ട്രാഫിക് സംവിധാനങ്ങള്‍ തകരാറിലാകുന്നതു സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്നു യാത്രക്കാര്‍. പ്രത്യേകിച്ചും തിരക്കുള്ള സമയങ്ങളില്‍ സിഗ്നല്‍ പ്രവര്‍ത്തിക്കാറില്ല. ഫലപ്രദമായൊരു ഗതാഗത നിയന്ത്രണവും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും യാത്രക്കാര്‍.
നഗരത്തിലെ ഗതാഗതക്കുരുക്കു രൂക്ഷമാകുന്നതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇതു നേരിടുന്നതിനായി ഫലപ്രദമായൊരു മാര്‍ഗം കണ്ടെത്താന്‍ അധികൃതര്‍ക്കു സാധിച്ചിട്ടില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിശിഷ്ട വ്യക്തികളുടെ കേരള സന്ദര്‍ശനം വന്‍ ഗതാഗതക്കുരുക്കിനു കാരണമായി തീരുന്നതിനു പ്രധാന കാരണം നഗരത്തിലെ അശാസ്ത്രിയ ഗതാഗത പരിഷ്‌കരണങ്ങള്‍ ആണെന്നും ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക