|    Jul 21 Sat, 2018 5:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉപയോഗ ശൂന്യമായ ഗോതമ്പ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അംഗീകാരമില്ലാതെ വിതരണം ചെയ്യരുത് : ഹൈക്കോടതി

Published : 16th September 2017 | Posted By: fsq

 

കൊച്ചി: ഉപയോഗശൂന്യമെന്ന് കണ്ട് പിടിച്ചെടുത്ത ഗോതമ്പ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അംഗീകാരമില്ലാതെ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച്  ഉത്തരവിട്ടു. ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിച്ചെടുത്ത സ്വകാര്യ കമ്പനി ഇറക്കുമതി ചെയ്ത ഗോതമ്പ് വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ അപ്പീല്‍ ഹരജിയിലാണ് ഉത്തരവ്. കോഴിക്കോട് ആസ്ഥാനമായ പീകെ റോളര്‍ മില്‍ 2016ല്‍  20000 ടണ്‍ ഗോതമ്പ് കൊച്ചി തുറമുഖം വഴി ഇറക്കുമതി ചെയ്തു. ഇതിനിടെ പഴകിയതും ഫംഗസ് ബാധയുള്ളതുമാണെന്ന് കണ്ടെത്തി ഭക്ഷ്യസുരക്ഷ വിഭാഗം ഗോതമ്പ് പിടിച്ചെടുക്കുകയും നീക്കം ചെയ്യുന്നത് തടയുകയും ചെയ്തു. ഇതിനെതിരെ പീകെ റോളര്‍ മില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഗോതമ്പ് കേടുപാടുള്ളതല്ലെന്നും കഴുകിയെടുത്ത് ഉണക്കിയാല്‍ ഉപയോഗിക്കാവുന്നതാണെന്നുമായിരുന്നു അവരുടെ വാദം. തുടര്‍ന്ന് ഗോതമ്പ് കഴുകി പരിശോധിക്കാന്‍ സിംഗിള്‍ബെഞ്ച് അനുമതി നല്‍കി. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ വെയര്‍ഹൗസില്‍ തടഞ്ഞുവെച്ചിട്ടുള്ള ഗോതമ്പില്‍ നിന്ന് 20 ടണ്‍ എടുത്ത് കഴുകി പരിശോധന നടത്താനായിരുന്നു നിര്‍ദേശം. കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിച്ച് കഴുകാന്‍ അനുമതി തേടി വീണ്ടും ഹരജിക്കാര്‍ സിംഗിള്‍ബെഞ്ചിനെ സമീപിച്ചു. അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തില്‍ നടത്താന്‍ കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കി. ഇതിനെതിരെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നല്‍കിയ അപ്പീല്‍ ഹരജിയാണ് ഡിവിഷന്‍ബെഞ്ച് പരിശോധിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss