|    Aug 24 Thu, 2017 1:08 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഉപഭോക്താക്കളെ കബളിപ്പിച്ച് സിമന്റ്കമ്പനികള്‍

Published : 7th August 2017 | Posted By: fsq

 

നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: ജിഎസ്ടി നിലവില്‍ വന്നാല്‍ സിമന്റ് വില കുറയുമെന്ന കണക്കുകൂട്ടല്‍ പാഴായി. രാജ്യത്താകമാനം ഏകീകൃത നികുതിസമ്പ്രദായം ഏര്‍പ്പെടുത്തിയതോടെ സിമന്റ് വിലയില്‍ മൂന്നു ശതമാനം കുറവുണ്ടാെയങ്കിലും സിമന്റ് കമ്പനികള്‍ വിലക്കുറവിന്റെ ആനുകൂല്യം ഇതുവരെ നല്‍കാന്‍ തയ്യാറായിട്ടില്ല. ജിഎസ്ടി നിലവില്‍ വരുമ്പോള്‍ വില കുറയ്‌ക്കേണ്ടിവരുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ സിമന്റ് കമ്പനികള്‍ അപ്രഖ്യാപിത വിലവര്‍ധന വരുത്തി. പിന്നീട് ജിഎസ്ടി നടപ്പാക്കിയപ്പോള്‍ മൂന്നുശതമാനം നികുതി കുറഞ്ഞതോടെ വില കുറച്ചെങ്കിലും പഴയ വിലയില്‍ നിന്നും ഉയര്‍ത്തിയാണ് ഇപ്പോഴും വില്‍ക്കുന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ് ഇന്ന് വിപണിയില്‍ ലഭിക്കുന്നത് 390-400 രൂപയ്ക്കാണ്. ജിഎസ്ടിയിലൂടെ നികുതി 28 ശതമാനമായി നിജപ്പെടുത്തിയതോടെ വില സ്വാഭാവികമായും കുറയേണ്ടതാണ്. 31 ശതമാനം നികുതിയാണ് ജിഎസ്ടിക്ക് മുമ്പ് സിമന്റിനുണ്ടായിരുന്നത്. മറ്റു സ്വകാര്യ കമ്പനികളുടെ വിലയിലും കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ജിഎസ്ടി പ്രാബല്യത്തില്‍ വരുമ്പോള്‍ ഒരു ചാക്കിന് എട്ടു രൂപ മുതല്‍ 10 രൂപ വരെ കുറയേണ്ടതാണ്. ജിഎസ്ടിക്കു മുമ്പ് നികുതിയിലെ വര്‍ധനയാണ് വില കൂടിനില്‍ക്കാന്‍ കാരണമെന്ന് സിമന്റ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. അക്കാലത്ത് 14.5 ശതമാനമായിരുന്നു സംസ്ഥാന വാറ്റ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സിമന്റ് കൊണ്ടുവരുമ്പോള്‍ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയും സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയും വേറെ അടയ്ക്കണം. അങ്ങനെ 31 ശതമാനം നികുതിയാണ് സിമന്റിനുണ്ടായിരുന്നത്. ഈ നികുതിയിലാണ് മൂന്നു ശതമാനത്തിന്റെ കുറവുണ്ടായത്. ജിഎസ്ടി നിലവില്‍ വന്നാല്‍ വില കുറയുമെന്നു കരുതി നിര്‍മാണം നിര്‍ത്തിവച്ച് കാത്തിരുന്നവരുമുണ്ട്. വില കുറച്ച് വില്‍ക്കാന്‍ ഇടനിലക്കാര്‍ തയ്യാറാവുമ്പോഴും കമ്പനികളുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള സഹകരണം ഉണ്ടാവുന്നില്ല. ഒരു ചാക്ക് സിമന്റിന്റെ ഉല്‍പാദനച്ചെലവ് 70 രൂപ മുതല്‍ 100 രൂപ വരെയാണെന്നിരിക്കെയാണ് സിമന്റ് കമ്പനികളുടെ പകല്‍ക്കൊള്ള നടക്കുന്നത്. വന്‍കിട നിര്‍മാണങ്ങള്‍ക്ക് ആന്വല്‍ റേറ്റ് കോണ്‍ട്രാക്റ്റ് വഴി 140 രൂപയ്ക്കു വരെ സിമന്റ് നല്‍കുമ്പോള്‍ ചെറുകിടക്കാര്‍ക്ക് ഒരു ചാക്ക് സിമന്റ് ലഭിക്കുന്നത് 400 രൂപയ്ക്ക് മുകളിലാണ്. 250 രൂപയ്ക്ക് സിമന്റ് വില്‍ക്കുകയാണെങ്കില്‍ ഒരു ചാക്കിന് 150 രൂപ വരെ കമ്പനികള്‍ക്കു ലഭമുണ്ടാവും. മാര്‍ക്കറ്റില്‍ സിമന്റ് ക്ഷാമമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് വില ഉയര്‍ത്തുകയാണ് കമ്പനികളുടെ പതിവ്. ഇടനിലക്കാര്‍ക്ക് നല്‍കാതെ പൂഴ്ത്തിവയ്ക്കുന്ന സിമന്റില്‍ ഏറിയപങ്കും വിദേശത്തേക്കു കയറ്റിയയക്കുന്നു. സിമന്റ് ലഭിക്കാതെ വരുമ്പോള്‍ ഉയര്‍ന്ന വിലയില്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാവുന്നു. ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സര്‍ക്കാരും മൗനസമ്മതം നല്‍കുന്നു. വില ഉയര്‍ന്നുവരുന്നതോടെ സിമന്റിന്റെ നികുതിയിനത്തില്‍ വന്‍ തുകയാണ് ഖജനാവിലേക്ക് പ്രതിവര്‍ഷമെത്തുന്നത്. അതുകൊണ്ടു തന്നെ വിലയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ മടിക്കുന്നു. സിമന്റ് വില പിടിച്ചുനിര്‍ത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടതുപോലുള്ള മാതൃകയാണ് സംസ്ഥാനത്തിനും ആവശ്യം. ആന്വല്‍ കോണ്‍ട്രാക്റ്റ് റേറ്റില്‍ സിമന്റ് 130 രൂപയ്ക്കു വാങ്ങി വിപണിയില്‍ 190 രൂപയ്ക്കാണ് തമിഴ്‌നാട് സര്‍ക്കാര്‍ വില്‍ക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക