|    Jul 19 Thu, 2018 3:20 pm
FLASH NEWS

ഉപതിരഞ്ഞെടുപ്പ് ; വേങ്ങരക്ക് ഇതു മൂന്നാം അങ്കം

Published : 15th September 2017 | Posted By: fsq

 

മലപ്പുറം: ഇനി ദിവസങ്ങള്‍ മാത്രം, വേങ്ങര ലോകസഭാമണ്ഡലം മൂന്നാം പോരിന് കളമൊരുങ്ങി. മലപ്പുറം എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മണ്ഡലം എംഎല്‍എ പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയാക്കിയത്. കുറ്റിപ്പുറത്തെ വലിയ തോല്‍വിക്ക് ശേഷം കുഞ്ഞാലിക്കുട്ടിക്ക് ആശ്വാസ വിജയമേകിയ മണ്ഡലമാണിത്. ആ ആശ്വാസത്തിന്റെ പുറത്താണ് ലീഗിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന വേങ്ങരയില്‍ ലീഗ് പോരിന് ഇറങ്ങുന്നത്. 2011ല്‍ മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും കുഞ്ഞാലിക്കുട്ടിക്കായിരുന്നു വിജയം. ഇ അഹമ്മദിന്റെ വേര്‍പാടിനെ തുടര്‍ന്നുണ്ടായ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍നിന്ന് കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. 2011ല്‍ എല്‍ഡിഎഫിന്റെ കെ പി ഇസ്മാഈലിനെ 38,237 വോട്ടുകള്‍ക്കും 2016ല്‍ സിപിഎമ്മിലെ പി പി ബഷീറിനെ 38,057 വോട്ടുകള്‍ക്കുമാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്. മണ്ഡലം പൊതുവെ സുരക്ഷിതമാണെങ്കിലും ഉപതിരഞ്ഞെടുപ്പ് അനവസരത്തിലാണെന്ന പ്രചാരണം വോട്ടുചോര്‍ച്ചയ്ക്ക് ഇടയാക്കുമെന്നും ലീഗ് ഭയക്കുന്നുണ്ട്. മതസംഘടനകളുമായി ബന്ധമുളള പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നെന്ന് സൂചനകളുമുണ്ട്. സംസ്ഥാന സര്‍ക്കാറിനെതിരെ വലിയ ജനരോഷമില്ലാത്തതും പ്രതിപക്ഷം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപവും ലീഗ് വോട്ടില്‍ വിള്ളലുണ്ടാക്കുമോഎന്നതാണു ഭയം. മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനും ലീഗിനുമിടയിലെ അകല്‍ച്ച പൊതുസ്വതന്ത്രനിലൂടെ ഇടതുപക്ഷത്തിന് വോട്ടാവുമോയെന്ന ആശങ്കയും  ലീഗിനുണ്ട്. അതേസമയം കുഞ്ഞാലിക്കുട്ടിക്ക് വലിയ ഭൂരിപക്ഷമേകി മണ്ഡലം ഏറെ സുരക്ഷിതമായതിനാല്‍ സീറ്റിന് അവകാശമുന്നിയിക്കുന്നവര്‍ അണിയറയില്‍ സജീവമാണ്. ഭൂരിപക്ഷം വര്‍ധിപ്പിക്കലാണ് ലീഗ് ലക്ഷ്യമിടുന്നത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിദ് സ്ഥാനാര്‍ത്ഥിത്വത്തില്‍ മുന്‍തൂക്കം. ജില്ലാ ജനറല്‍ സെക്രട്ടറി കെ എന്‍ എ ഖാദറും പട്ടികയില്‍ പരിഗണനയിലുണ്ട്. ഇതില്‍ മജീദിന്റെ പേരിനാണ് മുന്‍തൂക്കം. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും പരിഗണനാ ലിസ്റ്റിലുണ്ട്. മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ള എസ്ഡിപിഐയും മല്‍സര രംഗത്തുണ്ട്. എസ്ഡിപിഐക്കു വേണ്ടി അഡ്വ. കെ സി നസീറാണു മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. ഏറ്റവും ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ ശക്തമായ മല്‍സരത്തിനാണു മണ്ഡലത്തില്‍ തുടക്കമിട്ടിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss