|    Sep 21 Fri, 2018 2:10 pm
FLASH NEWS
Home   >  National   >  

ഉപതിരഞ്ഞെടുപ്പ്: ദലിത്, മുസ്‌ലിം ഭൂരിപക്ഷ ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി

Published : 28th May 2018 | Posted By: mtp rafeek

ലഖ്‌നോ: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില ഖൈറാന ലോക്‌സഭാ മണ്ഡലത്തിലും നൂര്‍പൂര്‍ നിയസഭാ മണ്ഡലത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ അട്ടിമറി ശ്രമമെന്ന് സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും ആരോപിച്ചു. മണ്ഡലത്തിലെ ഇവിഎമ്മിവും വിവിപാറ്റിലും തകരാറുള്ളതായി കാണിച്ച് കൈറാന ആര്‍എല്‍ഡി സ്ഥാനാര്‍ഥി തബസ്സും ഹസന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

തുടര്‍ച്ചയായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല. വോട്ടര്‍മാര്‍ക്ക് അവരുടെ അവകാശം ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് പരാതിയില്‍ പറയുന്നു. ദലിത്, മുസ്‌ലിം ഭൂരിപക്ഷ ബൂത്തുകളിലാണ് പ്രധാനമായും തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.

2014ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ ബിജെപി ജയിച്ച ഖൈറാനയില്‍ ഇക്കുറി ആര്‍എല്‍ഡി സ്ഥാനാര്‍ഥിക്ക് എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ബിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പരാജയ ഭീതിയിലായ ബിജെപി ഏത് വിധേനയും തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ശ്രമത്തിലാണ്. ബിജെപി എംപി ഹുക്കും സിങ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കൈറാനയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ശാമിലില്‍ 47 ബൂത്തുകള്‍, കൈറാനയില്‍ 13 ബൂത്തുകള്‍, ഗാന്‍ഗോയില്‍ 48 ബൂത്തുകള്‍, നാക്കുഡില്‍ 38 ബൂത്തുകള്‍, താന ഭവനില്‍ 9 ബൂത്തുകളിലുമാണ് യന്ത്രങ്ങളില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടത്.

നിരവധി യന്ത്രങ്ങളില്‍ ഒരേ സമയം തകരാറ് പ്രത്യക്ഷപ്പെട്ടത് ആസൂത്രിതമാണെന്ന് ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി പറഞ്ഞു. നൂര്‍പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തകരാറായവയെല്ലാം മുസ്‌ലിം, ദലിത് ഭൂരിപക്ഷ ബൂത്തുകളാണെന്ന് എസ്പി ആരോപിച്ചു. ഇവിടെ 19 ബൂത്തുകളിലാണ് തകരാര്‍ കണ്ടെത്തിയത്. പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നൂര്‍പൂറിലെ 90 ശതമാനം മുസ്‌ലിം, ദലിത് വോട്ടുകളുള്ള ബൂത്തുകളിലാണ് തകരാര്‍ കണ്ടെത്തിയതെന്ന് എസ്പി ജനപ്രതിനിധി ഉദയ്പൂര്‍ സിങ് പറഞ്ഞു. ശാസ്ത്രീയമായ അട്ടിമറിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തകരാര്‍ ശരിയാക്കാന്‍ ഒരൊറ്റ എന്‍ജീനിയറും ലഭ്യമല്ല. ജില്ലാ ഭരണാധികാരി നിരുത്തരവാദപരമായാണ് പെരുമാറുന്നത്. നൂര്‍പൂരിലെ 90 ശതമാനം ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ സ്വിച്ചോഫാണെന്നും എങ്ങിനെയും വിജയം കൈയടക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നൂര്‍പൂര്‍ മണ്ഡലത്തിലെ 97, 200,231,205,206 337, 25,29,30,266,30,24, 222,305,282,311,230,287,221 ബൂത്തുകളില്‍ പോളിങ് തടസ്സപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss