|    Apr 20 Fri, 2018 1:09 am
FLASH NEWS

ഉപതിരഞ്ഞെടുപ്പ്‌ : യുഡിഎഫ് ദയനീയമായി പിന്നോട്ടു പോയെന്ന് മുഖ്യമന്ത്രി

Published : 21st April 2017 | Posted By: fsq

 

കോട്ടയം: കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയമായി പിന്നോട്ടുപോയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ സ്‌റ്റേറ്റ് ഹെഡ്‌ലോഡ് & ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ രണ്ടുലക്ഷത്തിനടുത്തായിരുന്നു യുഡിഎഫിന്റെ ഭൂരിപക്ഷം. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. അവര്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 75,000 വോട്ട് ലഭിച്ചിരുന്നു. അത് മുഴുവനും ഇപ്പോള്‍ യുഡിഎഫിനു പോയി. യുഡിഎഫ് കരുത്തനായ സ്ഥാനാര്‍ഥിയായ കുഞ്ഞാലിക്കുട്ടിയെയാണ് മല്‍സരിപ്പിച്ചത്. അതുകൊണ്ട് സാധാരണനിലയില്‍ 2.7 ലക്ഷത്തിന്റെ വോട്ടുലഭിക്കേണ്ടതായിരുന്നു. എന്നാല്‍, വല്ലാത്ത ദയനീയത തോന്നിക്കുന്ന തകര്‍ച്ചയാണ് ഭൂരിപക്ഷത്തിലുണ്ടായത്. എസ്ഡിപിഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും സഹായം വോട്ടിങില്‍ പ്രതിഫലിച്ചില്ല. അതേസമയം, എല്ലാ എതിര്‍പ്പുകളെയും മറികടന്ന് എല്‍ഡിഎഫിന്റെ വോട്ടും ശതമാനവും വര്‍ധിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഒരുലക്ഷത്തിലധികം വോട്ടാണ് കൂടിയതെന്നും പിണറായി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണത്തെ വോട്ടിന്റെ നില നോക്കിയാല്‍ ബിജെപിയുടെ വോട്ടില്‍ അരശതമാനത്തിന്റെ വോട്ട് കുറയുകയാണ് ചെയ്തത്. അദ്ഭുതം സൃഷ്ടിക്കുമെന്ന് പ്രചാരണം നടത്തിയവര്‍ക്കു ലഭിച്ച കനത്ത തിരിച്ചടിയാണിത്. കേരളത്തിലെ ജനം ബിജെപിയെ എങ്ങനെ സമീപിക്കുന്നുവെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. രാജ്യത്തെ മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നടപടികളാണ് ആര്‍എസ്എസ്സും കേന്ദ്രസര്‍ക്കാരും സ്വീകരിച്ചുവരുന്നത്. മതനിരപേക്ഷതയുടെ പ്രതീകമായ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനിയടക്കമുള്ളവരെ സുപ്രിം കോടതി പ്രതിചേര്‍ത്തത് ഈസമയത്ത് എടുത്തുപറയേണ്ടതാണ്. മതന്യൂനപക്ഷങ്ങളെ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലാത്ത വിഭാഗമായി ആര്‍എസ്എസ് കാണുന്നു. മുസ്്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും ആഭ്യന്തരശത്രുക്കളാണെന്ന് പറയുന്നു. ആര്‍എസ്എസ്സിന്റെ ഈ തത്വശാസ്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറാവുന്നത്. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടത്തി തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് അത്യന്തം അപകടകരമായി കാണേണ്ടതാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കാട്ടാക്കട ശശി അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മണിശങ്കര്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെജെ തോമസ്, കെഎം സുധാകരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ വിഎന്‍ വാസവന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss