|    Dec 16 Sun, 2018 5:15 am
FLASH NEWS
Home   >  National   >  

ഉപതിരഞ്ഞെടുപ്പു ഫലങ്ങള്‍ ബിജെപി ഭരണത്തിനെതിരായ ജനവിധി: പോപുലര്‍ ഫ്രണ്ട്

Published : 4th June 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു ഫലവും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പാഠമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ്. വിശാലമായ സഖ്യങ്ങളുടെ രൂപീകരണത്തിലൂടെയും പരസ്പര ഐക്യത്തിലൂടെയും മാത്രമെ, ഇത്തരം മുന്നേറ്റങ്ങള്‍ക്ക് ബിജെപിക്ക് ബദലായി നിലനില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും ദേശീയ സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

വിശാലമായ ജനതാല്‍പര്യം മുന്‍നിര്‍ത്തി അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ ഒരുമിച്ച് നില്‍ക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രÊും ജെഡിഎസും തയ്യാറായത് അനുകരണീയമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കാന്‍ ഇവര്‍ തയ്യാറായിരുന്നെങ്കില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാന്‍ കഴിയുമായിരുന്നു. ഭരണത്തില്‍ ശ്രദ്ധിക്കാതെ വര്‍ഗീയതയ്ക്ക് ഊന്നല്‍  നല്‍കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശൈലിക്കെതിരായ ജനങ്ങളുടെ അതൃപ്തിയും മോഹഭംഗവുമാണ് യുപി ഉപതിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. പടിഞ്ഞാറന്‍ യുപിയില്‍ മുന്‍കാലങ്ങളില്‍ ജാട്ടുകളെ മുസ്‌ലിംകള്‍ക്കെതിരാക്കി നടത്തിയ വിഭജന രാഷ്ട്രീയത്തിന് പ്രതിപക്ഷ ഐക്യത്തിലൂടെ ഉണ്ടായ തിരിച്ചടിയാണ് കൈരാനയിലെ ബിജെപിയുടെ പരാജയം.2004ന് ശേഷം നടന്ന മിക്ക ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ ബിജെപിക്കെതിരേ വോട്ടു ചെയ്തതിലൂടെ മോദി സര്‍ക്കാരിനെതിരേ രാജ്യത്ത് ഉയരുന്ന ജനരോഷമാണ് പ്രതിഫലിക്കുന്നത്.

കാര്‍ഷിക വിളകള്‍ക്ക് ആദായവില ഉറപ്പാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, കാര്‍ഷിക കടം എഴുതിത്തള്ളുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷകരുടെ ആശങ്കകള്‍ അടിയന്തരമായി പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്ത റിപബ്ലിക് ടിവി, ടൈംസ് നൗ, ഇന്ത്യാ ടുഡേ, ആജ് തക് എന്നീ ചാനലുകളെ താക്കീതു ചെയ്ത നാഷനല്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ബിഎസ്എ) നടപടിയെ യോഗം സ്വാഗതം ചെയ്തു. നീതിയുക്തമല്ലാത്ത തങ്ങളുടെ വീക്ഷണങ്ങള്‍ വസ്തുതകളായി അവതരിപ്പിക്കുകയും മാധ്യമവിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്ത ചാനലുകള്‍ ധാര്‍മികതയും നൈതികതയും അടക്കമുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.  പ്രസ്തുത ചാനലുകള്‍ രാജ്യത്ത് തുടങ്ങിവച്ച അധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന് ഏറ്റ തിരിച്ചടിയാണ് എന്‍ബിഎസ്എ ഉത്തരവെന്നും ദേശീയ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss