|    Jan 25 Wed, 2017 3:10 am
FLASH NEWS

ഉപതിരഞ്ഞെടുപ്പിന് ഇനി അഞ്ചു ദിവസം; പാപ്പനംകോട്ട് പ്രചാരണം അവസാനഘട്ടത്തിലേക്ക്

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉപതിഞ്ഞെടുപ്പ് നേരിടുന്ന പാപ്പനംകോട് വാര്‍ഡില്‍ പ്രചാരണം അവസാനഘട്ടത്തിലേക്ക്. പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ അഞ്ച് റൗണ്ട് പ്രചരണം പൂര്‍ത്തിയാക്കി. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാര്‍ഥികള്‍. 28നാണ് വോട്ടെടുപ്പ്. അടുത്തദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാവും.
26ന് വൈകിട്ട് പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുമ്പ് പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. 8696 വോട്ടര്‍മാരാണ് പാപ്പനംകോട് വാര്‍ഡില്‍ വിധിയെഴുതാന്‍ തയാറെടുക്കുന്നത്. ആറ് സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി സി കെ അരുണ്‍ വിഷ്ണു, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ മോഹനന്‍, ബിജെപി സ്ഥാനാര്‍ഥി ജി എസ് ആശാനാഥ് എന്നിവരെ കൂടാതെ എല്‍ഡിഎഫിന്റെ ഡമ്മി സ്ഥാനാര്‍ഥി എസ് രാജനും സ്വതന്ത്ര സ്ഥാനാര്‍ഥികളായി കെ മോഹനനും ആശാരേഖയും നാമനിര്‍ദേശ പത്രിക സമര്‍പിച്ചിട്ടുണ്ട്.
നേമം പഞ്ചായത്തിന്റെ പരിധിയിലായിരുന്നപ്പോള്‍ മുതല്‍ എല്‍ഡിഎഫ് കോട്ടയായിരുന്നു പാപ്പനംകോട് വാര്‍ഡ്. കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ ചന്ദ്രന്റെ മരണത്തെതുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പട്ടികജാതി ജനറല്‍ വാര്‍ഡായ പാപ്പനംകോട്ട് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ ചന്ദ്രന്‍ 2,518 വോട്ടു നേടിയാണ് വിജയിച്ചത്. സിപിഎം സ്ഥാനാര്‍ഥിയായിരുന്നു തൊട്ടുപിന്നില്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ യുഡിഎഫ് സ്ഥാനാര്‍ഥി സി കെ അരുണ്‍ വിഷ്ണു വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടഭ്യര്‍ഥിച്ചാണ് പ്രചരണം നടത്തുന്നത്. 1500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നണി സ്ഥാനാര്‍ഥി വിജയിക്കുമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു.
സിഐടിയുവിന്റെ സജീവ പ്രവര്‍ത്തകനായ കെ മോഹനന്‍ കുടുംബ യോഗങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ആറു റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയ മോഹനന്‍ അവസാന ദിവസങ്ങളില്‍ സാധാരണ നടത്താറുള്ള വാഹന പര്യടനം ഒഴിവാക്കി.
പകരം കാല്‍നടയായി സഞ്ചരിച്ച് അവസാന പ്രചരണം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ്. 500ല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞതവണ നഷ്ടപ്പെട്ട വാര്‍ഡ് തിരികെ പിടിക്കുമെന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ഉറപ്പിച്ചുപറയുന്നു. മേയര്‍ ഉള്‍പ്പെടെ വിവിധ സ്ഥിരം സമിതി ചെയര്‍മാന്‍മാരുടെ നേതൃത്വത്തില്‍ പലപ്പോഴായി സ്‌ക്വാഡ് പ്രവര്‍ത്തനവും സജീവമാണ്. അന്തരിച്ച കെ ചന്ദ്രന്റെ സഹോദരീ പുത്രി ജി എസ് ആശാനാഥിനെ രംഗത്തിറക്കി വാര്‍ഡ് നിലനിര്‍ത്താനാണ് ബിജെപി ശ്രമം.
തദ്ദേശ, നിമയസഭ തിരഞ്ഞെടുപ്പുകളില്‍ വാര്‍ഡില്‍ നടത്തിയ മുന്നേറ്റം ഇക്കുറിയും തങ്ങളെ തുണക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. നേമം എംഎല്‍എ ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ആശാനാഥിന് വേണ്ടി പ്രചാരണ രംഗത്തുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ പാപ്പനംകോട് ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തില്‍ ബിജെപിക്കുണ്ടായ നേട്ടം ഉപതിരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്നും അവര്‍ കരുതുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക