|    Jan 24 Tue, 2017 10:47 am
FLASH NEWS

ഉന ദലിത് പീഡനം; 34 പേര്‍ക്കെതിരേ കുറ്റപത്രം

Published : 8th September 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ ഉനയില്‍ പശുവിന്റെ തൊലിയുരിച്ചതിന് ദലിതുകളെ മര്‍ദ്ദിച്ച കേസില്‍ രഹസ്യാന്വേഷണ വകുപ്പ് നാലു പോലിസുകാരുള്‍െപ്പടെ 34 പേര്‍ക്കും പ്രായപൂര്‍ത്തിയെത്താത്ത മൂന്നു പേര്‍ക്കുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ഉന താലൂക്കിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ യു ജുജാരുന്റെ മുമ്പാകെയാണ് ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് നാല് പോലിസുദ്യോഗസ്ഥരെ സിഐഡി അറസ്റ്റ് ചെയ്തിരുന്നു. ഉന പോലിസ് ഇന്‍സ്‌പെക്റ്റര്‍ നിര്‍മല്‍ സിന്‍ഹ് ജാല, സബ് ഇന്‍സ്‌പെക്റ്റര്‍ നരേന്ദ്ര പാണ്ഡെ, ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ കാഞ്ചി ചുദാസാമ, വനിതാ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്റ്റര്‍ കാഞ്ചന്‍ബെന്‍ പാര്‍മര്‍ എന്നീ പോലിസുകാരെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ പാണ്ഡെ ഒഴികെ മറ്റുള്ളവരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദലിതുകളെ മര്‍ദ്ദിക്കുന്നത് തടയാതിരുന്നതും പ്രതികള്‍ക്കെതിരേ കേസ് എടുക്കുന്നതില്‍ കൃത്യവിലോപം നടത്തിയതുമാണ് ഇവര്‍ക്കുള്ള കേസ്. കേസില്‍ നേരത്തേ അറസ്റ്റിലായ പ്രമോദ് ഗിരി, ഗോസാമി, രമേശ് ജാദവ്, ബല്‍വന്ത് ഗോസാമി, രാകേഷ് ജോഷി, നാഗ്ജി വാനിയ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. പ്രായപൂര്‍ത്തിയെത്താത്ത മുന്ന് പേര്‍ക്കെതിരേ കുറ്റപത്രം ജുനാഗദിലെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനാണ് സമര്‍പ്പിച്ചത്. ഇവരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ 11ന് ഏഴ് ദലിതുകള്‍ക്കാണ് മോട്ട സാമാധിയാല ഗ്രാമത്തില്‍ നാലഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ഗോരക്ഷകരുടെ മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് നാല് ദലിത് യുവാക്കളെ ഉന നഗരത്തില്‍ കൊണ്ടുവന്ന് ഒരു വാഹനത്തില്‍ കെട്ടിയിടുകയും ചെയ്തിരുന്നു.  സംഭവത്തില്‍ 43 പേരെയായിരുന്നു പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. ബാക്കിയുള്ളവര്‍ക്കെതിരേയുള്ള കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക