|    Dec 19 Wed, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടണം

Published : 28th August 2018 | Posted By: kasim kzm

ജനീവ: റോഹിന്‍ഗ്യരെ ക്രൂരമായി വംശഹത്യ നടത്തിയ സൈന്യത്തിന്റെ നടപടികളില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടണമെന്നു യുഎന്‍ അന്വേഷണ സമിതി റിപോര്‍ട്ട്. മ്യാന്‍മാര്‍ സൈന്യവും ഭരണകൂടവും റഖൈനില്‍ നടത്തിയ ക്രൂരക്യത്യങ്ങളിലാണു യുഎന്‍ ഇടപെടല്‍.
റോഹിന്‍ഗ്യര്‍ക്കു നേരെ നടന്ന അതിക്രമങ്ങളെ അന്തരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നടത്താനും റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. നൂറുകണക്കിന് അഭിമുഖങ്ങളിലൂടെ യുഎന്‍ പ്രത്യേക അന്വേഷണ വിഭാഗം ശേഖരിച്ച തെളിവുകളുടെ പശ്ചാത്തലത്തിലാണു റിപോര്‍ട്ട്. റോഹിന്‍ഗ്യന്‍ വംശഹത്യയില്‍ യുഎന്‍ നടത്തുന്ന ശക്തമായ ഇടപെടലെന്നാണു റിപോര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്.
മ്യാന്‍മറിലെ ആറ് ഉന്നത സൈനിക ഉദ്യോഗസ്ഥരെ പേരെടുത്തു പറയുന്ന റിപോര്‍ട്ടില്‍ രാജ്യത്തു നടക്കുന്ന അക്രമങ്ങളെ മൗനാനുവാദം നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയും സ്റ്റേറ്റ് കൗണ്‍സിലറായ ഓങ് സാന്‍ സൂച്ചിയെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കേസ് അന്തരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്കു മാറ്റാനും റിപോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കു നയിക്കുന്നവര്‍ക്കെതിരേയാണു സൈന്യം നടപടി സ്വീകരിക്കുന്നതെന്നാണു മ്യാന്‍മാറിന്റെ വാദം. എന്നാല്‍, വിവേചനപരമായി ആളുകളെ കൊല്ലുന്നതും സ്ത്രീകളെ കൂട്ടമായി മാനഭംഗപ്പെടുത്തുന്നതും കുട്ടികളെയും വ്യദ്ധരെയും അക്രമിക്കുന്നതും ഗ്രാമങ്ങള്‍ ചുട്ടെരിക്കുന്നതും സൈന്യത്തിന്റെ നടപടികളെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നാണു റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
അതിക്രമത്തിനെതിരായ റിപോര്‍ട്ടിനെ പിന്താങ്ങി ബ്രിട്ടണ്‍ രംഗത്തെത്തി. അതിക്രമം പ്രവര്‍ത്തിച്ചവരും ഉത്തരവാദികളും ശിക്ഷിക്കപ്പെടണമെന്നാണു ബ്രിട്ടന്‍ അഭിപ്രായപ്പെട്ടത്. റിപോര്‍ട്ടിനെ തുടര്‍ന്ന് മ്യാന്‍മാറിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ഫേസ്ബുക്ക് പേജുകള്‍ നീക്കംചെയ്തതായി ഫേസ്ബുക്ക് കമ്പനി അറിയിച്ചു. ബംഗ്ലാദേശില്‍ നിന്നു കുടിയേറിയവരെന്ന് ആരോപിച്ചാണ് മ്യാന്‍മാര്‍ വംശീയ ന്യൂനപക്ഷമായ റോഹിന്‍ഗ്യര്‍ക്കെതിരേ നിരന്തരം ആക്രമണം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും അക്രമങ്ങളെ കൊണ്ട് ഏഴു ലക്ഷത്തിലധികം റോഹിന്‍ഗ്യരാണ് മ്യാന്‍മാര്‍ വിട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss