|    Feb 22 Wed, 2017 1:13 am
FLASH NEWS

ഉന്നത ഉദ്യോഗസ്ഥരിലെ ചേരിപ്പോര് സര്‍ക്കാരിന് തലവേദനയാവുന്നു സ്വന്തം പ്രതിനിധി

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലെ പടലപ്പിണക്കവും ചേരിപ്പോരും സര്‍ക്കാരിനു തലവേദനയാവുന്നു.  മികച്ച തുടക്കമിട്ടു മുന്നേറിയ സര്‍ക്കാരിനെ ഉദ്യോഗസ്ഥര്‍ക്കിടയിലെ അവിശ്വാസവും പ്രതിഷേധവും ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറെ ചുറ്റിപ്പറ്റിയാണു പുതിയ വിവാദങ്ങള്‍.
ഏറ്റവും ഒടുവില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെയും ടോം ജോസ് ഐഎഎസിന്റെയും വീട്ടില്‍ നടന്ന പരിശോധനകളാണു സ്ഥിതി സ്‌ഫോടനാത്മകമായ നിലയിലെത്തിച്ചത്. അഴിമതി അന്വേഷണം നേരിട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രോസിക്യൂഷന്‍ അനുമതി ലഭിക്കുന്നതിനായി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ഇതു ലഭിച്ചാല്‍ ചേരിപ്പോര് പുതിയ തലത്തിലെത്തുമെന്നുറപ്പാണ്.
മുന്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം 69ഓളം പ്രോസിക്യൂഷന്‍ ശുപാര്‍ശകളാണ് ആഭ്യന്തരവകുപ്പ് പരിഗണിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ നടത്തിയ പുനര്‍വിന്യാസം ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് സീറോ അഴിമതിയെന്ന ആശയവുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കളംനിറയാന്‍ തുടങ്ങിയത്. ഇതോടെ പല ഉന്നത ഉദ്യോഗസ്ഥരും അസ്വസ്ഥരായി. ഓരോ ദിവസവും ഓരോ വിഷയങ്ങളില്‍ ജേക്കബ് തോമസ് മാധ്യമങ്ങളില്‍ നിറഞ്ഞതോടെ നീരസവും കൂടി. വിജിലന്‍സ് ഡയറക്ടര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന മുഖ്യമന്ത്രിക്ക് പക്ഷേ, ഉദ്യോഗസ്ഥരുടെ ഈ മാധ്യമമാനിയ പിടിക്കുന്നുമില്ല. ഇതിനെതിരേ അദ്ദേഹം നിയമസഭയില്‍ തുറന്നടിക്കുകയും ചെയ്തു.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കഴിഞ്ഞയാഴ്ച സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരായിരുന്നു പൊടുന്നനെയുള്ള ഈ നീക്കത്തിനു പിന്നില്‍. തുറമുഖ ഡയറക്ടറായിരിക്കെ നടത്തിയ സാമ്പത്തിക ഇടപാടില്‍ സര്‍ക്കാരിനു സാമ്പത്തിക നഷ്ടമുണ്ടായെന്ന ധനകാര്യ പരിശോധനാ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണു സ്ഥാനമൊഴിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജേക്കബ് തോമസ് രംഗത്തെത്തിയത്. ഈ ആവശ്യം സര്‍ക്കാര്‍ തള്ളിയെങ്കിലും പിന്നീട്, തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാരോപിച്ചായിരുന്നു അദ്ദേഹം  ശ്രദ്ധാകേന്ദ്രമായത്.  തനിക്കെതിരെയുള്ള ധനകാര്യ പരിശോധനാ വിഭാഗം റിപോര്‍ട്ട് പുറത്തുവിട്ടതിനു പിന്നില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമാണെന്നാണു ജേക്കബ് തോമസ് കരുതുന്നത്. ഇതേ ഉദ്യോഗസ്ഥന്റെ ഫഌറ്റിലാണ് സ്വത്ത്‌സമ്പാദനക്കേസില്‍ വിജിലന്‍സ് പരിശോധന നടന്നതും.
കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ ജേക്കബ് തോമസിനെതിരേ നല്‍കിയ ഹരജിയില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചതും ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിന്റെ പ്രതിഫലനമാണെന്നു വിലയിരുത്തുന്നു. എന്നാല്‍, ജേക്കബ് തോമസിനെതിരേ സിബിഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാര്‍ നിലപാടും ശ്രദ്ധേയമാണ്. ജേക്കബ് തോമസിന് ലഭിക്കുന്ന  സര്‍ക്കാര്‍ പിന്തുണ ഒരുവിഭാഗം ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ഐഎഎസ്-ഐപിഎസ് തര്‍ക്കം രൂക്ഷമാകുന്നത് ഭരണനിര്‍വഹണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രശ്‌നപരിഹാരത്തിന് എന്തു മാര്‍ഗം സ്വീകരിക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് പിണറായി വ്യക്തമാക്കിയതാണ്. ഉദ്യോഗസ്ഥരുടെ പ്രതിഷേധം കണക്കിലെടുത്ത് വിജിലന്‍സ് നടപടി മയപ്പെടുത്തിയാല്‍ അത് അഴിമതിക്കു പിന്തുണയായി വ്യാഖ്യാനിക്കപ്പെടും. വിജിലന്‍സ് നടപടികള്‍ തുടര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ നിസ്സഹകരിച്ചെന്നുംവരും. രണ്ടായാലും സര്‍ക്കാരിനായിരിക്കും പഴികേള്‍ക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക