|    Oct 19 Fri, 2018 8:04 am
FLASH NEWS

ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Published : 18th September 2018 | Posted By: kasim kzm

കോഴിക്കോട്: സര്‍ക്കാര്‍ സ്‌കൂളുകളെക്കുറിച്ചും വിദ്യാഭ്യാസ രീതികളെക്കുറിച്ചുമുള്ള പൊതുധാരണകളെ തകര്‍ക്കുന്ന കരുത്തുറ്റ സാമാന്യ വിദ്യാഭ്യാസമാണ് ആവശ്യമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ലോക രാജ്യങ്ങളില്‍ ഇന്നുള്ള പ്രമുഖ കോഴ്‌സുകളെക്കുറിച്ച് കേരളം ചിന്തിച്ചിട്ട് കൂടിയില്ല. ഉന്നത വിദ്യാഭ്യാസം അടിമുടി പൊളിച്ചെഴുതണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവൂരില്‍ ഗവ എച്ച്എസ്എസ് മെഡിക്കല്‍ കോളജ് ക്യാംപസില്‍ പ്രിസം പദ്ധതിയില്‍ നടപ്പാക്കുന്ന മള്‍ട്ടി പര്‍പ്പസ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍.
സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് വിദ്യാഭ്യാസ മേഖലയിലാണ്, എന്നാ ല്‍ നിക്ഷേപിക്കുന്നതിന് തുല്യമായ ഫലം കിട്ടുന്നില്ലെന്ന അവസ്ഥയുണ്ട്. ഇതിനായി സാമാന്യവിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ മികച്ച ഉന്നതവിദ്യാഭ്യാസ സൗകര്യവും ലഭ്യമാക്കേണ്ടതുണ്ട്. മാറ്റത്തിന് തയ്യാറാകാത്ത സമൂഹം ഒരിക്കലും വലുതായിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
പരമ്പരാഗത പഠന രീതികള്‍ മാറി കരുത്തുള്ള, അടിത്തറയുള്ള വിദ്യാഭ്യാസ രീതികള്‍ ഉണ്ടാവണം. ലഭിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്ത് സംവേദനം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ മാറ്റങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന വിദ്യാര്‍ഥികളെ സൃഷ്ടിക്കാന്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കഴിയണമെന്നും ഇത് രണ്ടാം വിദ്യാഭ്യാസ വിപ്ലവമാകുമെന്നും സ്പീക്കര്‍ പറഞ്ഞു. യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സമയം പോക്കുന്നവരാണെന്ന ആക്ഷേപമാണ് നിലനിന്നിരുന്നത്. എന്നാല്‍ യുവത്വത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയ സന്ദര്‍ഭമാണ് ഇക്കഴിഞ്ഞ പ്രളയകാലത്തുണ്ടായത്.
സമൂഹമാധ്യമങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം തന്നെ മികച്ച കണ്‍ട്രോള്‍ റൂമുകളാക്കി സജീവമായി പ്രവര്‍ത്തിപ്പിക്കാന്‍ യുവാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിഭവശേഷി പ്രയോജനപ്പെടുത്തി മികച്ച അവസരമൊരുക്കാനാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് ശ്രമിക്കേണ്ടതെന്ന് സ്പീക്കര്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ പൂര്‍ണ അര്‍ഥത്തി ല്‍ ഏറ്റെടുത്ത് നടപ്പാക്കിയ കോഴിക്കോട് ജില്ലയേയും വിദ്യാലയമികവിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന എംഎല്‍എയേയും അഭിനന്ദിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യം ഒരുക്കിയത് കൊണ്ട് മാത്രം അന്താരാഷ്ട്ര നിലവാരം നേടി എന്ന് പറയാനാകില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എ പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയ കുട്ടികളുമായി നമ്മുടെ കുട്ടികള്‍ക്ക് മല്‍സരിക്കാനാകണം.
എല്ലാവരെയും മുഴുവന്‍ എ പ്ലസ് നേടുന്നവര്‍ ആക്കുകയല്ല മറിച്ച് വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അതാണ് പ്രിസം മുന്നോട്ട് വെക്കുന്ന ആശയമെന്നും എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ പത്ത് സ്‌കൂളുകള്‍ മികവിന്റെ കാര്യത്തി ല്‍ പൂര്‍ണതയില്‍ എത്തിക്കുമെന്നും അതിനായുള്ള ഫണ്ട് ലഭ്യമാക്കിയതായും എംഎല്‍എ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss